പാകിസ്ഥാനില്‍ വ്യാഴാഴ്ച ഉണ്ടായ മുന്ന് സ്ഫോടനങ്ങളിലായി 57 പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു.
തെക്ക് പടിഞ്ഞാറന്‍ ബലൂചിസ്ഥാന്‍ പ്രവിശ്യയിലെ ഹബില്‍ ചൈനീസ് എഞ്ചിനീയര്‍ മാരെ ലക്‍ഷ്യമിട്ടാണ് ചാവേറാക്രമണം ഉണ്ടായത്. ചൈനീസ് എഞ്ചിനീയര്‍മാര്‍ സഞ്ചരിച്ചിരുന്ന ബസിന് മുന്നിലുണ്ടായിരുന്ന പൊലീസ് സംഘത്തിന്‍റെ വാഹനത്തിലുണ്ടായിരുന്ന പൊലീസുകാര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. എട്ട് പൊലീസുകാര്‍ അടക്കം 30 പേര്‍ ഇവിടെ കൊല്ലപ്പെടുകയുണ്ടായി. ചൈനീസ് എഞ്ചിനീയര്‍മാരെല്ലാം സുരക്ഷിതരാണെന്ന് റിപ്പോര്‍ട്ടുണ്ട്.
കന്‍റോണ്മെന്‍റ് മേഖലയിലെ കോഹതില്‍ ഒരു മുസ്ലീം പള്ളിയിലാണ് അടുത്ത അക്രമണമുണ്ടായത്. പളളിയില്‍ നിസ്കാരത്തിനിടെ നടന്ന സ്ഫോടനത്തില്‍ 19 പേര്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗവും പട്ടാളക്കാരാണ്.
വടക്ക് പടിഞ്ഞാറന്‍ അതിര്‍ത്തി പ്രവിശ്യയില്‍ നടന്ന മറ്റൊരു ചാവേറാക്രമണത്തില്‍ എട്ട് പേരാണ് കൊല്ലപ്പെട്ടത്. 23 പേര്‍ക്ക് പരിക്കേറ്റു.ഒരു പൊലീസ് പരിശീലന കേന്ദ്രത്തിന്‍റെ കവാടത്തില്‍ ചാവേര്‍ സ്ഫോടനം സൃഷ്ടിക്കുകയായിരുന്നു.
|