ഐക്യരാഷ്ട്ര സഭാ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ വെള്ളിയാഴ്ച ലോക ഹിന്ദി സമ്മേളനത്തിന്‍റെ ഉദ്ഘാടനം നടത്തി. അദ്ദേഹം തന്‍റെ പ്രസംഗത്തിന് ഹിന്ദിയില്‍ തുടക്കമിട്ടത് സദസ്യര്‍ വലിയ അംഗീകാരമായാണ് കണക്കാക്കിയത്.
ലോകത്തെ വിവിധ രാഷ്ട്ര നേതാക്കള്‍ ഉള്‍പ്പെട്ട സദസ്സിനെ ‘നമസ്തേ, ക്യാ ഹാല്‍ ചാല്‍ ഹൈ ?’ (നമസ്തേ, എന്തൊക്കെയാണ് വിശേഷം ?) എന്ന് ചോദിച്ചാണ് അഭിസംബോധന ചെയ്തത്. ഹിന്ദിയില്‍ കൂടുതല്‍ ഒഴുക്കോടെ സംസാരിക്കാന്‍ കഴിയാഞ്ഞതിനാല്‍ തുടര്‍ന്ന് ഇംഗ്ലീഷിലാണ് മൂണ്‍ സംസാരിച്ചത്.
ഹിന്ദി അതിമനോഹരമായ ഭാഷയാണെന്ന് മൂണ്‍ അഭിപ്രായപ്പെട്ടു. ഭാരതത്തിലെ കൊറിയന്‍ സ്ഥാനപതി കാര്യാലയത്തില്‍ താമസിച്ച സമയത്ത് മാക്‍സ്മുള്ളര്‍ ഭവനില്‍ നിന്നാണ് ഹിന്ദി പഠിച്ചതെന്നും അദ്ദേഹം സദസ്യരോട് പറഞ്ഞു.
തന്‍റെ പുത്രന്‍ ഭാരതത്തില്‍ വച്ചാണ് ജനിച്ചതെന്ന് മൂണ്‍ പറഞ്ഞു. പുത്രിയെ വിവാഹം ചെയ്തത് ഇന്ത്യക്കാരനാണ്. അടുത്തു തന്നെ കൊറിയയുടെയും ഭാരതത്തിന്‍റെയും സന്താനം ജനിക്കുമെന്നും മരുമകന്‍ നന്നായി ഹിന്ദി സംസാരിക്കുന്നയാളാണെന്നും മൂണ്‍ കൂട്ടിച്ചേര്‍ക്കുകയുണ്ടായി.
ഹിന്ദിയുടെ മഹത്വത്തെകുറിച്ച് വിശദമാക്കിയതിനൊപ്പം സമ്മേളനത്തില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ചതില്‍ തനിക്ക് വളരെ സന്തോഷമുണ്ടെന്ന് പ്രസംഗത്തിനൊടുവില്‍ അദ്ദേഹം പറഞ്ഞു. നിങ്ങള്‍ക്ക് എന്‍റെ സര്‍വ മംഗളങ്ങളും നേരുന്നു എന്ന് മൂണ്‍ വിടചൊല്ലിയപ്പോള്‍ പ്രതിനിധികള്‍ ശബ്ദാരവങ്ങളോടെ മൂണിന് നന്ദി രേഖപ്പെടുത്തി.
മൂണിന്‍റെ പ്രസംഗത്തില്‍ ഇന്ത്യന്‍ വിദേശകാര്യ സഹമന്ത്രി ആനന്ദ് ശര്‍മ്മ നന്ദി രേഖപ്പെടുത്തി.
|