പ്രധാന താള്‍  വാര്‍ത്ത  വാര്‍ത്താ ലോകം  വിദേശവാര്‍ത്ത
 
ബ്രിട്ടീഷ് സേനയിലേക്ക് നേപ്പാള്‍ വനിതകള്‍
ബ്രിട്ടീഷ് സേനയുടെ ഗൂര്‍ഖ ബ്രിഗേഡില്‍ ചേരാന്‍ നേപ്പാളിലെ ഗൂര്‍ഖാ ഗോത്ര വര്‍ഗ്ഗക്കാരായ വനിതകള്‍ പരിശീലനത്തില്‍.

ബ്രിട്ടീഷ് സേനയിലെ മറ്റുള്ളവര്‍ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങള്‍ തങ്ങള്‍ക്കും വേണമെന്ന ഗൂര്‍ഖകളുടെ ആവശ്യം കഴിഞ്ഞ മാര്‍ച്ചിലാണ് ബ്രിട്ടീഷ് സര്‍ക്കാര്‍ അനുവദിച്ചത്. ഇതോടെ എഞ്ചിനീയറിംഗ് വിഭാഗത്തിലും സിഗ്നത്സ് വിഭാഗത്തിലും മറ്റും പ്രവര്‍ത്തിക്കാനുള്ള അവസരം ഗൂര്‍ഖാ വനിതകള്‍ക്ക് കൈവന്നിരിക്കുകയാണ്.

കഴിഞ്ഞ മാസം ഇതു സംബന്ധിച്ചുള്ള പരസ്യം നേപ്പാളിലെ പത്രങ്ങളില്‍ പ്രസിദ്ധീകരിച്ചിരുന്നു. ഇതേ തുടര്‍ന്ന് നിരവധി യുവതികള്‍ സേനയില്‍ ചേരാനായി മുന്നോട്ട് വന്നിട്ടുണ്ട്. സാധ്യതകള്‍ മനസിലാക്കിയതിനെ തുടര്‍ന്ന് നേപ്പാളില്‍ അനേകം അനധികൃത റിക്രൂട്ട് മെന്‍റ് സെന്‍ററുകള്‍ പ്രവര്‍ത്തിച്ചു തുടങ്ങി.

ബ്രിട്ടീഷ് സേനയിലെ ശമ്പളമാണ് വനിതകളെ ആകര്‍ഷിക്കുന്നത്. കയറിക്കൂടിയാല്‍ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാണ്. നേപ്പാളില്‍ തൊഴിലില്ലായ്മയും പ്രശ്നമാണ്.

വിദൂര ഗ്രാമങ്ങളില്‍ നിന്നും മറ്റും വനിതകളെ അന്വേഷിക്കുന്നുണ്ട്. പത്രപ്പരസ്യം കാണാത്തവരെ ആണ് ലക്‍ഷ്യമിടുന്നത്. ബ്രിട്ടീഷ് സേനയില്‍ ചേരാനുള്ള വനിതകളുടെ താല്‍‌പര്യമറിയുകയാണ് ഉദ്ദേശം- ഗൂര്‍ഖാ പെണ്‍ കുട്ടികളെ റിക്രൂട്ട് ചെയ്യുന്നതിന്‍റെ ചുമതല വഹിക്കുന്ന മേജര്‍ ടോബി ജാക്മാന്‍ പറഞ്ഞു.

സേനയില്‍ ചേരുന്ന വനിതകള്‍ക്ക് 23 വര്‍ഷം ജോലിയില്‍ തുടരാം. ആകര്‍ഷകമായ ശമ്പളത്തിന് പുറമെ പെന്‍ഷനും മറ്റ് ആനുകൂല്യങ്ങളുമുണ്ട്. 1815ല്‍ ബ്രിട്ടീഷ് ഇന്ത്യ ആണ് ഗൂര്‍ഖകളെ ആദ്യം സേനയില്‍ ഉള്‍പ്പെടുത്തിയത്. 1947 ല്‍ ഇന്ത്യ സ്വതന്ത്രയായ ശേഷം ഇവര്‍ ബ്രിട്ടീഷ് സേനയുടെ ഭാഗമായി. നിലവില്‍ ബ്രിട്ടീഷ് സേനയില്‍ 3400 ഗൂര്‍ഖകളുണ്ട്. വീരതയ്ക്ക് പതിമൂന്ന് ഗൂര്‍ഖകള്‍ക്ക് വിക്ടോറിയ ക്രോസ് ബഹുമതി ലഭിച്ചിട്ടുണ്ട്.
കൂടുതല്‍
ചൈന പാകിസ്ഥാനെ ഉത്കണ്ഠ അറിയിച്ചു
ഉയര്‍ന്ന ഹീലുകള്‍ ഡ്രൈവിംഗിന് ദോഷം
ഉ.കൊറിയ പരിശോധകരെ അനുവദിക്കും
ബ്ലയര്‍ സമാധാന സംഘം തലവനായേക്കും
ഹാരിക്കിഷ്ടം റേഡിയോ!
ബ്രൌണ്‍ ഇന്ത്യന്‍ ബന്ധം ശക്തമാക്കും:പോള്‍