ശ്രീലങ്കയില്‍ നടക്കുന്ന തമിഴ് വംശജരുടെ കൂട്ടക്കുരുതിക്കെതിരെ ദര്‍ബനില്‍ പ്രതിഷേധ പ്രകടനം. ദക്ഷിണാഫ്രിക്കയിലെ തമിഴ് കോ-ഓര്‍ഡിനേറ്റിംഗ് കമ്മിറ്റിയാണ് പ്രകടനം സംഘടിപ്പിച്ചത്.
ശ്രീലങ്കന്‍ സര്‍ക്കാരിനെതിരെ മുദ്രാവാക്യം മുഴക്കിക്കൊണ്ട് നടന്ന പ്രകടനത്തില്‍ പങ്കെടുത്തവര്‍ പുലി നേതാവ് വേലുപ്പിള്ള പ്രഭാകരന്‍റെ പോസ്റ്ററുകള്‍ ഉയര്‍ത്തിപ്പിടിച്ചിരുന്നു. നൂറുകണക്കിന് ഇന്ത്യന്‍ വംശജര്‍ പങ്കെടുത്ത പ്രകടനം ചാറ്റ്സ്‌വര്‍ത്ത് ടൌണ്‍ ഷിപ്പിലെ മഹാത്മാ ഗാന്ധി പാര്‍ക്കിലാണ് അവസാനിച്ചത്.
ശ്രീലങ്കന്‍ സൈന്യം തമിഴ് വംശജരോട് കാട്ടുന്ന അനീതിയും അക്രമവും അവസാനിപ്പിക്കണമെന്ന് പ്രകടനക്കാര്‍ ആവശ്യപ്പെട്ടു. ശ്രീലങ്കന്‍ സര്‍ക്കാര്‍ തമിഴ് വംശജരെ ഉന്മൂലനം ചെയ്യാന്‍ ആഗ്രഹിക്കുന്നതിനാല്‍ തമിഴര്‍ക്ക് പ്രത്യേക ഭൂ വിഭാഗം വേണമെന്ന ആവശ്യത്തില്‍ ഉറച്ചു നില്‍ക്കുമെന്ന് ശ്രീലങ്കന്‍ തമിഴ് എം പി എലവന്താന്‍ പറഞ്ഞു.
ശ്രീലങ്കയില്‍ തമിഴ് വംശജര്‍ക്കെതിരെ നടക്കുന്ന അക്രമങ്ങളില്‍ നിന്ന് സമൂഹത്തെ രക്ഷിക്കാന്‍ ദക്ഷിണാഫ്രിക്കന്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കണമെന്നും പ്രകടനക്കാര്‍ ആവശ്യപ്പെട്ടു.
|