ഇറാന് തങ്ങളുടെ ആണവ പദ്ധതി വിപുലീകരിക്കുന്ന പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുന്നതായി റിപ്പോര്‍ട്ടുകള്‍. ആണവ പദ്ധതിയില്‍ നിന്ന് ഇറാനെ പിന്തിരിപ്പിക്കുന്നതിനുള്ള നീക്കങ്ങള്‍ മന്ദഗതിയിലായിരിക്കെ ആണ് ഇത്. ഇറാന് മേല്‍ കൂടുതല്‍ ഉപരോധം ഏര്‍പ്പെടുത്തുന്നതിനുള്ള നിര്‍ദ്ദേശത്തില്‍ ഐക്യരാഷ്ട്ര സഭ സുരക്ഷാ കൌണ്‍സിലിന്‍് തീരുമാനത്തിലെത്താനായിരുന്നില്ല.
ഇതു മൂലം അന്താരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സിയുടെ(ഐ എ ഇ എ) സമ്മേളനത്തെ ഉറ്റു നോക്കുകയാണ് അമേരിക്കയും സഖ്യ കക്ഷികളും. തിങ്കളാഴ്ച ആണ് സമ്മേളനം.
1600ലധികം സെന്‍റ് റിഫ്യൂജുകള്‍ നതാന്‍സിലെ ഭൂഗര്‍ഭ ആണവ കേന്ദ്രത്തില്‍ ഇറാന്‍ സ്ഥാപിച്ചതായി രണ്ടാഴ്ച മുന്‍പ് ഇറാന്‍ വെളിപ്പെടുത്തിയിരുന്നു. എന്നാല്‍, സെന്‍റ് റിഫ്യൂജുകളുടെ എണ്ണം 2000 ആയിട്ടുണ്ടെന്ന് ഒരു നയതന്ത്ര പ്രതിനിധി കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു.
യുറേനിയം സമ്പുഷ്ടമാക്കുന്നതുമായി ബന്ധപ്പെട്ട് 54000 സെന്‍റ് റിഫ്യൂജുകള്‍ സ്ഥാപിക്കുകയാണ് ഇറാന്‍റെ ലക്‍ഷ്യം. ഇത് സാധ്യമായാല്‍ ഒരു വര്‍ഷം ഒരു ഡസനോളം ആണവായുധങ്ങള്‍ നിര്‍മ്മിക്കാന്‍ ഇറാന് കഴിയും.
എന്നാല്‍, ഊര്‍ജ്ജാവശ്യങ്ങളുമായി ബന്ധപ്പെട്ടാണ് തങ്ങളുടെ ആണവ പരിപാടിയെന്ന് ഇറാന്‍ പറയുന്നു. ആണവ നിര്‍വ്യാപന കരാര്‍ പ്രകാരം അതിനുള്ള അവകാശമുണ്ടെന്നാണ് ഇറാന്‍റെ നിലപാട്.
അതേസമയം, ഇറാന്‍ ആണവായുധങ്ങള്‍ നിര്‍മ്മിക്കുന്നതിനാണ് പദ്ധതിയിടുന്നതെന്ന് അമേരിക്കയും മറ്റ് യൂറൊപ്യന്‍ രാജ്യങ്ങളും ആരോപിക്കുന്നു. ആണവ പദ്ധതിയുമായി ബന്ധപ്പെട്ട് ഇറാന് മേല്‍ ഐക്യരാഷ്ട്ര സഭ ഇപ്പോള്‍ തന്നെ ഉപരോധമേര്‍പ്പെടുത്തിയിട്ടുണ്ട്.
|