ഇനിയെന്തുപറയാന്‍???????

യാത്രി ജെസെന്‍

WEBDUNIA|
PTI
എന്ത് പറയാനുണ്ട്? രാജ്യത്തെ ഭരണാധികാരികള്‍ക്ക്, സുരക്ഷ തരാന്‍ ഉത്തരവാദിത്തമുള്ള പൊലീസിന്. പെണ്‍കുട്ടികളുടെ കണ്ണീരുണങ്ങാത്ത സാമ്രാജ്യം, അത് സാമ്പത്തികമായി എത്ര ഉന്നതിയിലിരുന്നാലും, സാങ്കേതികമായി എത്ര മുന്നേറിയാലും തകര്‍ന്നടിയുമെന്നതില്‍ സംശയമില്ല. തലയുയര്‍ത്തി നിന്ന് സംസാരിക്കാനുള്ള അവകാശം ഇന്ത്യയെ നയിക്കുന്നവര്‍ക്ക് നഷ്ടപ്പെട്ടിരിക്കുന്നു എന്നതിലും സംശയമില്ല.

ജ്യോതി എന്ന പെണ്‍കുട്ടി ഇനി പെണ്ണായി പുനര്‍ജ്ജനിക്കാതിരിക്കട്ടെ, ജനിച്ചാലും അത് ഇന്ത്യയിലാകാതിരിക്കട്ടെ എന്നാണ് ഇതിനിടെ ഞാന്‍ വായിച്ച ഒരു സന്ദേശം. സത്യമല്ലേ അത്? എങ്ങനെ ജീവിക്കും ഈ നാട്ടില്‍? വൈകുന്നേരം ആറുമണിക്ക് ശേഷം സ്ത്രീകള്‍ പുറത്തിറങ്ങരുത് എന്ന അപ്രഖ്യാപിത വിലക്കേര്‍പ്പെടുത്തിയിരിക്കുന്ന ഈ നാട്ടില്‍?

രാത്രിയില്‍ പുരുഷന്‍‌മാര്‍ പുറത്തിറങ്ങരുത് എന്നൊരു നിയമം കൊണ്ടുവന്നാല്‍ ഇതിന് പരിഹാരമാകുമോ? മദ്യം നിരോധിച്ചാല്‍ ഈ ക്രൂരതയ്ക്ക് കുറച്ചെങ്കിലും തടയിടാനാകുമോ? എനിക്കറിയില്ല. പ്രതികരിക്കാന്‍ പോലും കഴിയാത്ത, എങ്ങനെ പ്രതികരിക്കണമെന്നുപോലുമറിയാത്ത അവസ്ഥയിലേക്ക് എത്തിയിരിക്കുന്നു. ഈ ഭ്രാന്തിന് ഏത് ചങ്ങലയാണ് പ്രതിവിധി? ആര്‍ക്കാണ് അത് പറഞ്ഞുതരാന്‍ കഴിയുക?

മാനഭംഗത്തിന് വധശിക്ഷ ഏര്‍പ്പെടുത്തണമെന്ന വാദത്തോട് ഞാന്‍ പൂര്‍ണമായും യോജിക്കുന്നു. ഇങ്ങനെയുള്ളവര്‍ക്ക് ഈ ഭൂമിയില്‍ ജീവിക്കാന്‍ അവകാശമില്ല. ഇത്ര ക്രൂരമായി പെരുമാറാന്‍ മനസ്സുള്ളവര്‍ ഈ സമൂഹത്തില്‍ തുടരുന്നത് അപകടകരമാണ്. ഞാന്‍ ചോദിക്കട്ടെ, നമ്മള്‍ അധോലോക സംഘങ്ങളെ നിയന്ത്രിക്കാനായി എന്‍‌കൌണ്ടര്‍ സ്പെഷ്യലിസ്റ്റുകളെ ഉപയോഗിക്കുന്നു. എന്തുകൊണ്ട് റേപ്പിസ്റ്റുകള്‍ക്കെതിരെ എന്‍‌കൌണ്ടര്‍ സ്പെഷ്യലിസ്റ്റുകളെ കൊണ്ടുവരുന്നില്ല?

ഡല്‍ഹി ഭരിക്കുന്നത് ഒരു സ്ത്രീയാണ്. ഇന്ത്യയുടെ ഭരണത്തിന്‍റെ കടിഞ്ഞാണ്‍ ഒരു സ്ത്രീയുടെ കൈകളിലാണ്. എന്നിട്ടും നമ്മുടെ രാജ്യത്ത് എന്തുകൊണ്ട് ഇങ്ങനെ സംഭവിക്കുന്നു? ഓരോ ഇരുപത് മിനിറ്റിലും ഒരു ബലാത്‌സംഗക്കേസ് വീതം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു? ശക്തമായ സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താന്‍, നമ്മുടെ പെണ്‍കുഞ്ഞുങ്ങളെ സംരക്ഷിച്ച് പിടിക്കാന്‍ ചങ്കൂറ്റമുള്ള ഒരു ഭരണകൂടമാണ് നമുക്ക് വേണ്ടത്. പെണ്‍കുട്ടികള്‍ ആക്രമിക്കപ്പെടുമ്പോള്‍ വിലപിക്കുകയും നിസഹായത പ്രകടിപ്പിക്കുകയും ചെയ്യുന്ന ഭരണാധികാരികള്‍ ഒരു രാജ്യത്തിന്‍റെ ശാപമാണ്. സ്ത്രീപീഡനങ്ങള്‍ക്കെതിരെ, ബലാത്സംഗങ്ങള്‍ക്കെതിരെ ഒരു നിമിഷം പോലും വൈകാതെ ശക്തമായ നടപടികളെടുക്കാന്‍ സോണിയാഗാന്ധിക്കും ഷീലാദീക്ഷിതിനുമൊക്കെ ഇനിയെങ്കിലും കഴിയട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :