ഗുജറാത്തിന് ബിജെപി എന്നാല്‍ നരേന്ദ്രമോഡിയാണ്. മൂന്നാംതവണയും ഗുജറാത്തില്‍ അധികാരത്തില്‍ തിരിച്ചെത്തി ദേശീയ രാഷ്ട്രീയത്തിലെ തന്നെ നിര്‍ണ്ണായക സ്വാധീനമാകുകയാണ് മോഡി.
സംസ്ഥാനത്തെ പ്രാചീന നഗരമായ വാട്നഗറില് ഒരു മധ്യവര്‍ഗ ഹിന്ദു കുടുംബത്തില്‍ ആണ് നരേന്ദ്ര ദാമോദര്‍ദാസ് മോഡിയുടെ ജനനം. വട്നഗറില് സ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ അദ്ദേഹം ഗുജറാത്ത് സര്‍വ്വകലാശാലയില്‍ നിന്ന് രാഷ്ട്രതന്ത്രത്തില്‍ ബിരുദാനന്തര ബിരുദം നേടി. വിദ്യാഭ്യസത്തിനു ശേഷം ആര് എസ് എസില്‍ ആകൃഷ്ടനായി പ്രചാരക് ആയി പ്രവര്‍ത്തിച്ചു. കുട്ടിക്കാലത്ത് വീടുവിട്ട മോഡി ഉത്തരേന്ത്യയില്‍ സന്യാസിമാര്‍ക്കൊപ്പം അലയുകയുണ്ടായി. 60 കളില്‍ വീട്ടില്‍ തിരിച്ചെത്തി സഹോദരനൊപ്പം ചായക്കട നടത്തിയിരുന്നു മോഡി.
നിയമസഭ ഉപതെരഞ്ഞെടുപ്പിലെ പരാജയം മൂലം കേശുഭായ് പട്ടേല്‍ രാജിവച്ചതിനെത്തുടര്‍ന്ന് 2001 ഒക്ടോബര്‍ 7-ന് ഗുജറാത്ത് മുഖ്യമന്ത്രിയായി അധികാരമേറ്റെടുത്ത മോഡിയ്ക്ക് പിന്നെ തിരിഞ്ഞുനോക്കേണ്ടിവന്നിട്ടില്ല. 20,000 പേരുടെ ജീവനെടുത്ത ഭൂകമ്പത്തില്‍ തകര്‍ന്നടിഞ്ഞ ഗുജറാത്തിനെ വികസനത്തിന്റെ വിളനിലമാക്കി മാറ്റിയതില്‍ അദ്ദേഹം സുപ്രധാന പങ്ക് വഹിച്ചു. ഗുജറാത്ത് ഏറ്റവും കൂടുതല്‍ കാലം ഭരിച്ച മുഖ്യമന്ത്രിയാണ് മോഡി.
മാധ്യമങ്ങളിലും സോഷ്യല്‍നെറ്റ്വര്‍ക്കിംഗ് സൈറ്റുകളിലും നിറഞ്ഞ സാന്നിദ്ധ്യമായ ഈ 62 -കാരനെ ട്വിറ്ററില്‍ പിന്തുടരുന്നവര് ദശലക്ഷത്തിലേറെയാണ്. ഇന്ത്യയില്‍ ആദ്യമായി 3ഡി പ്രൊജക്ടര്‍ ഉപയോഗിച്ച് തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയത് മോഡിയാണ്.
പക്ഷേ 2002ലെ ഗോധ്ര സംഭവത്തെ തുടര്‍ന്നുണ്ടായ കലാപം മോഡിയുടെ രാഷ്ട്രീയ ജീവിതത്തിലെ തീരാക്കളങ്കമാണെന്നാണ് വിമര്‍ശകരുടെ പക്ഷം. 2002ഫെബ്രുവരി 28ന് ഗോധ്രയില്‍ 59 ഹിന്ദു തീര്‍ഥാടകരെ ട്രെയിനില്‍ തീവച്ചു കൊന്ന സംഭവത്തെ തുടര്‍ന്ന് ഗുജറാത്തില്‍ വര്‍ഗ്ഗീയകലാപം പൊട്ടിപ്പുറപ്പെട്ടു. മോഡി നിരുത്തരവാദപരമായ സമീപനമാണ് ഇക്കാര്യത്തില്‍ കാണിച്ചത് എന്ന ആരോപണങ്ങള്‍ ഇപ്പോഴും അദ്ദേഹത്തെ പിന്തുടരുന്നു.
വിമര്‍ശനങ്ങള്‍ ഏറെയുണ്ടെങ്കിലും ഗുജറാത്ത് മോഡിയ്ക്കൊപ്പം നില്ക്കുന്നു എന്നാണ് ഇപ്പോഴത്തെ തെരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നത്. അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി ജെ പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി മോഡിയായിരിക്കും എന്ന സൂചനകള്‍ക്കിടെയാണ് ഈ വിജയം എന്നത് ശ്രദ്ധേയമാണ്.