എത്ര രഹസ്യങ്ങളുണ്ട് നിങ്ങളുടെ കയ്യില്‍?. അതില്‍ ഭാര്യയോ, അല്ലെങ്കില്‍ കാമുകിയോ അറിയാത്ത രഹസ്യങ്ങള്‍ എത്രയുണ്ടാകും?. എണ്ണം തുലോം വിരളമായിരിക്കും. ചില രഹസ്യവിവരങ്ങള്‍ കൈമറിഞ്ഞുപോയതിനാല്‍ യുദ്ധത്തിന്‍റെ ഗതിതന്നെ മാറിമറിഞ്ഞ സംഭവങ്ങളുണ്ട്. യുദ്ധകാലത്ത് ശത്രുവിന്റെ തന്ത്രപ്രധാന നീക്കങ്ങള്‍ സ്ത്രീത്വവും വശ്യതയും തന്ത്രങ്ങളും ഉപയോഗിച്ച് ചോര്‍ത്തിയെടുത്തിരുന്ന വിദഗ്ധകളാണ് ചാരവനിതകള്‍.
രാജാവ് ചാരചക്ഷുസ് ആയിരിക്കണമെന്ന വാക്യം തന്നെ രാജതന്ത്രത്തിലും രാജ്യതന്ത്രത്തിലും ചാരന്മാരുടെ പ്രാധാന്യം വ്യക്തമാക്കുന്നു. ഒരു രാജ്യത്തിന്റെ തന്ത്ര പ്രധാനമായ ഘടകമാണ് ചാരപ്രവൃത്തി. സ്പൈ വര്‍ക്കിനെക്കുറിച്ച് ഇറങ്ങിയ സിനിമകള്‍ക്ക് കണക്കില്ല. ജെയിംസ് ബോണ്ട് എന്ന ബ്രിട്ടീഷ് ചാരന്റെ 22ഓളം സിനിമകളാണ് ലോകം ആസ്വദിച്ചത്. സ്പൈ ഫിക്ഷന്‍ എന്ന നോവല്‍ വിഭാഗം പോലും ഉണ്ടായി.
മലയാളത്തില്‍ നമ്മള്‍ ഞെട്ടിയ ചാരക്കേസ് ഐഎസ്ആര്‍ഒ കേസാണ്. അന്ന് മാധ്യമങ്ങള്‍ വേട്ടയാടിയ നമ്പിനാരായണന്‍ എന്ന മലയാളി ശാസ്ത്രജ്ഞന് പിന്നീട് നീതി കിട്ടിയപ്പോള്‍ കുറ്റബോധം കൊണ്ട് പുളഞ്ഞ ചില തലമൂത്ത പത്രപ്രവര്‍ത്തകര്‍ ഉണ്ടാകും. ചാരപ്രവര്‍ത്തനം നടത്തിയെന്ന് കെട്ടുകഥയുണ്ടാക്കി അദ്ദേഹത്തെയും കുടുംബത്തെയും അന്ന് മാധ്യമങ്ങള്‍ കൊത്തിമുറിച്ചു. അന്ന് മാലിയില്‍ നിന്ന് രഹസ്യം ചോര്‍ത്താന്‍ എത്തിയതെന്ന് പഴികേട്ട മറിയം റഷീദയെയും കൂട്ടാളികളെയും പറ്റിയിറങ്ങിയ ഇക്കിളിക്കഥകള്‍ ചില മാധ്യമങ്ങളുടെ സര്‍ക്കുലേഷന്‍ കുത്തനെ കൂട്ടി.
ഏറ്റവും ഒടുവില്‍ കേട്ട ചാരപ്രവര്‍ത്തനമാണ് വിക്കിലീക്സ് എന്ന ആധുനിക സൈബര്‍ ചാര പ്രവര്‍ത്തനം. ആധുനിക കാലഘട്ടത്തില്‍ ചാരപ്രവ്രര്‍ത്തനങ്ങള്‍ക്ക് വിവിധ മാര്‍ഗങ്ങളുണ്ട്. നാനോ ക്യാമറകള്‍ എന്ന കുഞ്ഞന്‍ ക്യാമറകള്‍ മുതല്‍ ഇപ്പോള്‍ വികസിപ്പിച്ച് കൊണ്ടിരിക്കുന്നെന്ന് വാര്‍ത്ത പുറത്തു വന്നിരിക്കുന്ന ബ്രെയിന്‍ റീഡര്‍ വരെ. ഇതൊന്നും ഇല്ലാതിരുന്ന കാലത്ത് സൌന്ദര്യം കൊണ്ടും ബുദ്ധിവൈഭവം കൊണ്ടും ചാരപ്രവര്‍ത്തനം നടത്തിയിരുന്ന ചാരസുന്ദരിമാര്‍ ഉണ്ടായിരുന്നു. ഇവരില്‍ ഒരാളാണ് പില്‍ക്കാലത്തെ ചാരസുന്ദരിമാര്‍ക്കും പ്രചോദനമായ വനിത മാതാഹരി.
അടുത്ത പേജില്‍ - മാതാഹരി എന്ന വ്യാജ ഇന്ത്യന്‍ ചാരസുന്ദരി