താരതമ്യം അത്ര ശരിയല്ലെങ്കിലും, ഇന്ത്യയൊട്ടാകെ ഭക്‍ഷ്യസുരക്ഷ നടപ്പാക്കുന്നുണ്ടെന്നും കേരളം പ്രത്യേകിച്ച് തങ്ങളുടെ ഭക്‍ഷ്യസുരക്ഷയെപ്പറ്റി ചിന്തിച്ച് വിഷമിക്കേണ്ടെന്നും ആസൂത്രണ കമ്മീഷന്‍ ഉപാധ്യക്ഷന്‍ മൊണ്ടേക് സിംഗ് അലുവാലിയ പറഞ്ഞത് മലയാളികളോട് ‘ടോയ്‌ലെറ്റ് പേപ്പര്‍ ഉണ്ട്, വെള്ളം വേണ്ടല്ലോ‘ എന്ന് പറയുന്നതിന് തുല്യമാണ്. മറ്റു സംസ്ഥാനങ്ങളില്‍ ഗോതമ്പും ചോളവും അരിയും കൃഷി ചെയ്യുന്നുണ്ടല്ലോ, എന്തിനാണ് കേരളത്തില്‍ ഈ നെല്ലും നെല്‍കൃഷിയും എന്നതാണ് അലുവാലിയ പറഞ്ഞതിന്‍റെ ആന്തരികാര്‍ത്ഥം.
മറുപടിയായി, ആ കട്ടില് കണ്ട് പനിക്കാന്‍ കേരളമില്ലെന്ന് പറയാന്‍ വി എസും വി എം സുധീരനും രണ്ടു മൂന്നു ഹരിത രാഷ്ട്രീയക്കാരും ഒഴിച്ച് ജനം വോട്ടുചെയ്ത് ജയിപ്പിച്ച ഒരു നേതാവും ഉണ്ടായില്ല. കേരളം സ്വയം ഭക്‍ഷ്യസുരക്ഷ ഉണ്ടാക്കേണ്ടതില്ലെന്നും കേരളത്തില്‍ ഭൂമിക്ക് കടുത്ത ദൗര്‍ലഭ്യമുള്ളതിനാല്‍ മൂല്യവര്‍ധന ഉയര്‍ത്തുന്ന തരത്തിലുള്ള നിക്ഷേപങ്ങളും മറ്റ് വികസനങ്ങളുമാണ് വരേണ്ടതെന്നും നെല്‍കൃഷിയില്‍ കേരളം വലിയ പ്രാധാന്യം കൊടുക്കേണ്ടെന്നും മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള അരി ഇറക്കുമതി ചെയ്യാമല്ലോ എന്നുമായിരുന്നു മൊണ്ടേക് സിംഗ് അലുവാലിയയുടെ അഭിപ്രായം.
നെല്‍വയലുകള്‍ക്ക് കേരളത്തിന്റെ ഭക്ഷണശീലത്തിലുള്ള സ്ഥാനത്തെയും കര്‍ഷകരുടെ ജീവിതത്തിലുള്ള സ്ഥാനത്തെയും കുറിച്ച് അലുവാലിയയ്ക്കെന്തറിയാം? നെല്‍കൃഷിയുടെ വിളവെടുപ്പുകാലം ആണ്ടു പിറയും പ്രധാന ഉത്സവകാലവുമായി ആഘോഷിക്കുന്ന മലയാളിക്ക് ഇതിനെ വെറും മണ്ടത്തരമായി മാത്രമേ വിലയിരുത്താനാകൂ.
നമുക്ക് ആവശ്യമുള്ള അരിയുടെ പകുതിപോലും നിലവില്‍ നമുക്ക് ഉത്പാദിപ്പിക്കാന്‍ കഴിയുന്നില്ല എന്നതാണ് യാഥാര്‍ഥ്യം. അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ള അരിവരവ് നിലച്ചാല്‍, പ്രത്യേകിച്ച് തമിഴ്‌നാട് പോലുള്ള ഏതെങ്കിലും സംസ്ഥാനം അരിയും പച്ചക്കറിയും തരുന്നില്ലെന്ന് പ്രഖ്യാപിച്ചാല്‍ ‘വികസനം വികസനം’ എന്നു പറയുന്നവര്‍ റബര്‍ പാലും അന്താരാഷ്ട്ര കമ്പനികള്‍ ഇറക്കുമതി ചെയ്യുന്ന ടിന്‍ ഫുഡും കഴിച്ച് ജീവിക്കേണ്ടി വരും. കുറച്ചുകാലമായി ഭക്‍ഷ്യധാന്യക്ഷാമം എന്ന പ്രശ്നം കേരളത്തില്‍ ഉണ്ടായിട്ടില്ല. പോയകാലത്ത് ഉണ്ടായപ്പോള്‍ അത് പരിഹരിക്കാന്‍ ഭഗവാന്‍ മക്രോണി തന്നെ വേണ്ടി വന്നു. 1950ല്‍ ഉണ്ടായ അരിക്ഷാമം പരിഹരിക്കാന്‍ ഇറ്റലിയില്‍ നിന്നും കമ്യൂണിസ്റ്റ് സര്‍ക്കാരിന് മക്രോണി എന്ന ആഹാരം ഇറക്കുമതി ചെയ്യേണ്ടി വന്നു.
പിന്നിട് സിനിമാപരസ്യവും നോട്ടീസുമൊക്കെ ഒട്ടിക്കാനെത്തിയ മൈദ എന്ന അമേരിക്കന്‍ ഉത്പന്നം ഇന്ത്യയുടെ ദേശീയ ഭക്ഷണമായി മാറി. ഇന്ന് അതിന്റെ ദൂഷ്യഫലങ്ങള്‍ നാം തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നു.
അടുത്ത പേജില്‍ - വൈക്കോല്‍ത്തുറു കാവല്‍ നിന്ന കാലം !