ദേശീയം | വിദേശവാര്‍ത്ത | കേരള വാര്‍ത്ത | സമകാലികം | ഇന്ന് അറിയാന്‍
പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » സമകാലികം » പൊലീസിനു മാന്യത പാടില്ലേ? (Police too need good manners and interaction)
Bookmark and Share Feedback Print
 
PRO
വഞ്ചിയൂര്‍ കോടതിയില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് നടത്തിയ തേര്‍‌വാഴ്ച പരസ്യമായ നിയമ ലംഘനമല്ലേ? മാധ്യമ സ്വാതന്ത്യം തച്ചുടച്ച തിരുവനന്തപുരം ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ സ്വന്തം വര്‍ഗ്ഗത്തെ സംരക്ഷിക്കാനെന്ന മട്ടില്‍ നടത്തിയത് പൊലീസിംഗോ ഗുണ്ടായിസമോ എന്ന് വിശദീകരിക്കേണ്ടത് നമ്മുടെ ആഭ്യന്തരമന്ത്രിയും മുഖ്യമന്ത്രിയുമാണ്.

ബിനു എന്ന അഭിഭാഷകനെ ട്രാഫിക് നിയമം തെറ്റിച്ചതിന് അറസ്റ്റ് ചെയ്തതിനാണ് അഭിഭാഷകര്‍ ബുധനാഴ്ച രാവിലെ പ്രകടനം നടത്തിയത്. പ്രകടനം കോടതി വാതിലില്‍ എത്തുമ്പോഴേക്കും ഏറ്റുമുട്ടല്‍ ആരംഭിച്ചിരുന്നു. കോടതിയിലേക്ക് വന്ന ചില അഭിഭാഷകര്‍ പൊലീസുകാരെ അസഭ്യം പറഞ്ഞതിനെ തുടര്‍ന്നാണ് പൊലീസിനു നിയന്ത്രണം നഷ്ടപ്പെട്ടതെന്ന് ചില റിപ്പോര്‍ട്ടുകളുണ്ട്.

എന്നാല്‍, സംഘര്‍ഷം നടക്കുന്നതിനിടെ കോടതിക്കുള്ളിലേക്ക് പോയ ഡെപ്യൂട്ടി കമ്മീഷണര്‍ നാഗരാജുവിന് മര്‍ദ്ദനമേറ്റു എന്ന് ആരോ നല്‍കിയ വയര്‍ലസ് സന്ദേശമാണ് വഞ്ചിയൂര്‍ കോടതി പരിസരം താറുമാറാക്കിയത് എന്നാണ് വിശ്വസനീയമായ റിപ്പോര്‍ട്ടുകള്‍. കോടതിയിലേക്ക് ഇരച്ചു കയറിയ പൊലീസുകാര്‍ ക്യാമറയുമേന്തി നില്‍ക്കുന്ന മാധ്യമ പ്രവര്‍ത്തകരെ ഉന്നം വച്ചത് അബദ്ധമല്ല, തീര്‍ത്തും ദുരുദ്ദേശപരം തന്നെയാണ്. വസ്തുതകളെ ജനങ്ങള്‍ക്ക് മുന്നില്‍ എത്തിക്കുന്ന ക്യാമറക്കണ്ണുകള്‍ അടിച്ചു പൊട്ടിക്കുന്നതിലൂടെ കോടതി പരിസരത്ത് നടന്നത് പൊലീസിംഗ് അല്ല എന്ന് സുവ്യക്തമാണ്.

അഭിഭാഷകനെതിരെ കേസെടുത്തതിനു പിന്നില്‍ അദ്ദേഹം ഉള്‍പ്പെട്ട ഒരു വാഹനാപകടവുമായി ബന്ധമുണ്ടെന്ന് ചില അഭിഭാഷകര്‍ സൂചന നല്‍കുന്നു. നേരത്തെ നടന്ന ഒരു അപകടത്തില്‍, ബിനുവിന്റെ ബൈക്ക് ഒരു കാറില്‍ ഇടിച്ചതിനെ തുടര്‍ന്ന് അയാള്‍ക്ക് ക്രൂരമായി മര്‍ദ്ദനമേല്‍ക്കുകയും തുടര്‍ന്ന് നാട്ടുകാര്‍ ഇടപെട്ട് കാറില്‍ വന്നവരെ തിരികെ മര്‍ദ്ദിച്ചു എന്നുമാണ് ലഭിക്കുന്ന വിവരം. കാറില്‍ വന്നയാള്‍ക്ക് പൊലീസിലെ ഉന്നതരുമായുള്ള ബന്ധമാണ് വീണ്ടും ബിനു കേസില്‍ കുടുങ്ങാന്‍ കാരണമെന്നും മദ്യപിക്കാതെ മദ്യപാനിയായത് എന്നും റിപ്പോര്‍ട്ടുകളുണ്ട്.

ബിനുവിനെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കാതെയാണ് മദ്യപാനിയെന്ന സാക്‍ഷ്യപത്രം ‘സൃഷ്ടിച്ച്’ എടുത്തതെന്നും അഭിഭാഷകര്‍ ആരോപിക്കുന്നു. ഒരു അഭിഭാഷകന് പൊലീസിനു മുന്നില്‍ രക്ഷയില്ലെങ്കില്‍ സാധാരണക്കാരന്റെ അവസ്ഥ എന്തായിരിക്കുമെന്ന് സര്‍ക്കാരിനും വേണമെങ്കില്‍ വിവിധ രാഷ്ട്രീയ കക്ഷികള്‍ക്കും വെറുതെയെങ്കിലും ഒന്ന് ആലോചിക്കാവുന്ന അവസരമാണിത്.

കോടതിയിലേക്ക് ജഡ്ജിയുടെ അനുവാദമില്ലാതെ പൊലീസ് കടന്നു കയറുക, കണ്ണില്‍ കണ്ടവരെയെല്ലാം മര്‍ദ്ദിക്കുക. ഇത് ജനാധിപത്യ രാജ്യത്തില്‍ നടക്കേണ്ട സംഭവമേ അല്ല. നിയമ ലംഘനം നടത്തിയ ഡെപ്യൂട്ടി കമ്മീഷണറെ പോലെയുള്ള ഉന്നത ഉദ്യോഗസ്ഥരെ മറ്റു പൊലീസുകാര്‍ കൂടി മാതൃകയാക്കാതിരുന്നെങ്കില്‍.

അഭിഭാഷകരുടെ പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ സുഹൃത്തുക്കള്‍ എല്ലാം തിരിച്ചറിയല്‍ കാര്‍ഡ് ധരിച്ചിരുന്നിട്ടും അവര്‍ക്ക് മര്‍ദ്ദനമേറ്റു. തങ്ങള്‍ മാധ്യമ പ്രവര്‍ത്തകരാണെന്ന് വിളിച്ചു പറഞ്ഞിട്ടു കൂടി അവരെ വെറുതെ വിടാന്‍ കാക്കിക്കുള്ളിലെ ക്രൂരന്‍‌മാര്‍ തയ്യാറായില്ല. ഈ കടന്നുകയറ്റം ചെറുക്കേണ്ടത് തന്നെയാണ്. പൊലീസുകാര്‍ക്കെതിരെ നടപടി എടുക്കുക മാത്രമല്ല ഇനി ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കില്ല എന്നും ഭരണകൂടം ഉറപ്പ് നല്‍കേണ്ടിയിരിക്കുന്നു.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍