ദേശീയം | വിദേശവാര്‍ത്ത | കേരള വാര്‍ത്ത | സമകാലികം | ഇന്ന് അറിയാന്‍
പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » സമകാലികം » വെല്ലുവിളിയെന്ന പുലിവാലില്‍ കോണ്‍ഗ്രസ് (Congress in the trap of Issac's challenge)
Bookmark and Share Feedback Print
 
PRO
ഒരു ഉള്‍വിളിയുടെ പേരില്‍ വെല്ലുവിളി ഏറ്റെടുത്താല്‍ മറ്റൊരു പിന്‍‌വിളിക്ക് അത് തിരിച്ചെടുക്കാനാവില്ലെന്ന് ഉമ്മന്‍ ചാണ്ടിക്കും കൂട്ടുകാര്‍ക്കും ഇപ്പോള്‍ തോന്നുന്നുണ്ടാവും. ലോട്ടറി വിവാദത്തില്‍ ധനമന്ത്രി തോമസ് ഐസക്ക് പരസ്യ സംവാദത്തിന് പരസ്യമായി തന്നെ വെല്ലുവിളിച്ചപ്പോള്‍ അത് ഏറ്റെടുത്തത് ഇത്രവലിയ പുലിവാലാകുമെന്ന് ചാണ്ടി കരുതിയില്ല.

ലോട്ടറി വിഷയത്തില്‍ ഐസക് പറയുന്ന എവിടെയും ഏതു സമയത്തും സംവാദത്തിന് തയ്യാറാണെന്ന് പറഞ്ഞ് വെല്ലുവിളി ഏറ്റെടുത്ത കൂട്ടത്തില്‍ രക്ഷപ്പെടാനുള്ള ഒരു പഴുതു കൂടി ചാണ്ടി സാര്‍ അതില്‍ തിരുകി വെച്ചിരുന്നു. ഒരു യു ഡി എഫ് പ്രതിനിധിയെ സംവാദത്തിന് നിയോഗിക്കുമെന്ന്. ലോട്ടറി വിഷയത്തില്‍ ബിരുദാനന്തര ബിരുദം നേടിയ വ്യക്തിയും ഐസക്കിന്‍റെ ആജന്‍‌മ ശത്രുവുമായ വി ഡി സതീശന്‍ എം എല്‍ എയെ ആയിരുന്നു അന്ന് കുഞ്ഞൂഞ്ഞ് മനസ്സില്‍ കണ്ടത്.

ഈ തിരക്കിനിടയില്‍ ഇനി ലോട്ടറി വിഷയത്തെക്കുറിച്ചൊക്കെ പഠിച്ച് ഐസക്കുമായി ഏറ്റുമുട്ടുക എന്നത് തനിക്ക് പറ്റുന്ന പണിയല്ലെന്നും അദ്ദേഹം തിരിച്ചറിഞ്ഞിട്ടുണ്ടാവും. എന്നാല്‍ ഐസക് വിടാനുള്ള ഭാവമില്ലായിരുന്നു. പ്രതിനിധിയെയല്ല ചാണ്ടി സാറിനെ തന്നെയാണ് പരസ്യ സംവാദത്തിന് ക്ഷണിച്ചതെന്നും അദ്ദേഹത്തിന് സമയമില്ലെങ്കില്‍ രമേശ് ചെന്നിത്തലയെ അയച്ചാല്‍ മതിയെന്നും പറഞ്ഞപ്പോള്‍ ചാണ്ടിക്ക് സന്തോഷമായി.

കാരണം രമേശിനിട്ട് അങ്ങനെയെങ്കിലും ഒരു പണി കൊടുക്കാമല്ലോ എന്ന് ഒരു നിമിഷം അദ്ദേഹം മനസ്സില്‍ ചിന്തിച്ചു കാണും. എന്നാല്‍ രമേശാകട്ടെ വെല്ലുവിളിയെക്കുറിച്ച് ഇതുവരെ ‘കമാ’ എന്നൊരു അക്ഷരം ഇതുവരെ മിണ്ടിയിട്ടില്ല. ഇടയ്ക്കിടെ ‘ലോട്ടറി, മാര്‍ട്ടിന്‍’ എന്നൊക്കെ പറയുമെന്നല്ലാ‍തെ പഞ്ചായത്ത് തെരഞ്ഞെടുപ്പും സംഘടനാ തെരഞ്ഞെടുപ്പും തലയ്ക്ക് പിടിച്ചിരിക്കുമ്പോള്‍ ഇതിനെക്കുറിച്ച് പഠിക്കാനോ ഐസക്കിനെ പൊരിക്കാനോ ഒന്നും നമുക്ക് സമയമില്ലെന്ന നിലപാടിലായിരുന്നു ചെന്നിത്തല. എന്നാല്‍ ഓരോ ദിവസവും മല്ലയുദ്ധത്തിലെ ഗുസ്തിക്കാരനെപ്പൊലെ ഐസക് വെല്ലുവിളി തുടര്‍ന്നപ്പോള്‍ സംവാദമല്ല നടപടിയാണ് വേണ്ടതെന്ന് പറഞ്ഞ് തന്‍റെ തടി രക്ഷിക്കാനും ചെന്നിത്തല തയ്യാറായി.

ഒടുവില്‍ ഐസക്കിനോട് വി ഡി സതീശന് ചോദിക്കാനുള്ള 20 ചോദ്യങ്ങള്‍ കഴിഞ്ഞ ദിവസം ഒരു പ്രമുഖ പത്രത്തിലൂടെ ചോദിച്ചെങ്കിലും അതിനൊന്നും മറുപടി പറയാതെ പരസ്യ സംവാദമെന്ന പുലിവാലില്‍ തന്നെ പിടിച്ചു തൂങ്ങുകയാണ് ഐസക് ഇപ്പോഴും. കഴിഞ്ഞ ദിവസം ഒരു സ്വകാര്യ വാര്‍ത്താ ചാനലിന്‍റെ അഭിമുഖ പരിപാടിയില്‍ പങ്കെടുത്ത ഐസക് വീണ്ടും വെല്ലുവിളി ആവര്‍ത്തിക്കുകയും ചെയ്തു.

ഒമ്പതിന് കോഴിക്കോട് ടൌണ്‍ ഹാളില്‍ നടക്കുന്ന തന്‍റെ പുസ്തകപ്രകാശന ചടങ്ങില്‍ പങ്കെടുത്ത് ആര്‍ക്കു വേണമെങ്കിലും ലോട്ടറി വിഷയത്തില്‍ തന്നോട് ചോദ്യം ചോദിക്കാമെന്ന് ഐസക് വ്യക്തമാക്കി. സദസ്സിലിരുന്നോ വേദിയില്‍ കയറി മൈക്കിലൂടെയോ ചോദ്യം ചോദിക്കാമെന്നും ഐസക് പറഞ്ഞു. ഇതിലും കൂടുതല്‍ ഒരു ധനമന്ത്രിക്കെങ്ങനെ സുതാര്യനാ‍വാന്‍ കഴിയും. ഇനിയെങ്കിലും ആ വെല്ലുവിളിയൊന്നു ഏറ്റെടുക്ക് കുഞ്ഞൂഞ്ഞേ. അല്ലെങ്കില്‍ നാണക്കേടാണ്. പ്രതിപക്ഷ നേതാവെന്ന നിലയില്‍ അങ്ങേയ്ക്കും പാര്‍ട്ടിയെന്ന നിലയില്‍ കോണ്‍ഗ്രസിനും.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍