ദേശീയം | വിദേശവാര്‍ത്ത | കേരള വാര്‍ത്ത | സമകാലികം | ഇന്ന് അറിയാന്‍
പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » സമകാലികം » മറ്റൊരു വൈ എസ് ആര്‍ ഉണ്ടാകുമോ? (A Remembrance of YSR)
Bookmark and Share Feedback Print
 
PTI
ആന്ധ്രാ രാഷ്ട്രീയത്തിലെ അതികായനായിരുന്നു വൈ എസ് ആര്‍ എന്ന വൈ എസ് രാജശേഖര റെഡ്ഡി. അദ്ദേഹം ഹെലികോപ്ടര്‍ അപകടത്തില്‍ കൊല്ലപ്പെട്ടതിന് ശേഷം ആന്ധ്രയിലെ കോണ്‍ഗ്രസും സംസ്ഥാന ഭരണവും ദിശ കണ്ടെത്താനാകാതെ അലയുകയാണെന്ന് പറയാം. വൈ എസ് ആറിന് പിന്‍‌ഗാമിയെ കണ്ടെത്താന്‍ കോണ്‍ഗ്രസിനും ഭരണത്തില്‍ സ്ഥിരത ഉറപ്പാക്കാന്‍ മുഖ്യമന്ത്രി കെ റോസയ്യയ്ക്കും കഴിഞ്ഞിട്ടില്ല. വൈ എസ് ആറിന്‍റെ മകന്‍ ജഗന്‍ കോണ്‍ഗ്രസിന് സ്ഥിരം തലവേദനയായി മാറുകയും ചെയ്തിരിക്കുന്നു. ഈ അനിശ്ചിതത്വം നിലനില്‍ക്കുമ്പോഴാണ് വൈ എസ് ആര്‍ ഓര്‍മ്മയായതിന്‍റെ ഒന്നാം വാര്‍ഷികം കടന്നെത്തിയിരിക്കുന്നത്.

വൈ എസ് രാജശേഖര റെഡ്ഡിക്ക് രാഷ്ട്രീയമെന്തെന്ന് അസലായി അറിയാമായിരുന്നു. ഫീനിക്സ് പക്ഷിയെപ്പോലെ ആന്ധ്രയില്‍ കോണ്‍‌ഗ്രസ് ഉയിര്‍‌ത്തെണീറ്റത് രാജശേഖര റെഡ്ഡിയുടെ ആസൂത്രണ പാടവത്തിന് കീഴിലായിരുന്നു. നായിഡുവിന്റെ നേതൃത്വത്തിലുള്ള തെലുങ്കുദേശം പാര്‍ട്ടിയുടെ അലകും പിടിയും വരെ ഊരിയെടുക്കാനുള്ള നീക്കത്തിലായിരുന്നു റെഡ്ഡി. ചിരഞ്ജീവിയുടെ താരപ്രഭയെ തന്ത്രങ്ങള്‍ കൊണ്ട് മൂക്കുകുത്തിക്കാനും റെഡ്ഡിക്ക് കഴിഞ്ഞിരുന്നു.

തെലുങ്കുദേശത്തിന്റെ കയ്യിലമര്‍ന്ന ആന്ധ്രയെ വീണ്ടും കോണ്‍‌ഗ്രസ് പാളയത്തിലേക്ക് എത്തിക്കുകയും കഴിഞ്ഞ ലോക്‌സഭാ-നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ കോണ്‍‌ഗ്രസിന് വിജയതിലകം ചൂടിക്കുകയും പ്രതിപക്ഷകക്ഷികളിലെ നേതാക്കളെ കോണ്‍‌ഗ്രസിലേക്ക് ആകര്‍ഷിക്കുകയും ചെയ്ത വ്യക്തിപ്രഭാവമാണ് റെഡ്ഡി. വൈ എസ് രാജയുടെയും ജെയമ്മെ റെഡ്ഡിയുടെയും മകനായി 1940 ജൂലൈ എട്ടിന് പുലിവെന്ദുലയിലായിലാണ് രാജശേഖര റെഡ്ഡിയുടെ ജനനം. ഹിന്ദുമത വിശ്വാസികളായിരുന്ന റെഡ്ഡിയുടെ കുടുംബം ക്രിസ്തുമത വിശ്വാസത്തിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെട്ടവരാണ്.

ഗുല്‍‌ബര്‍ഗ സര്‍വകലാശാലയില്‍ നിന്ന് വൈദ്യ ശാസ്ത്രത്തില്‍ ബിരുദം നേടിയ അദ്ദേഹം തിരുപ്പതി എസ് വി മെഡിക്കല്‍ കോളജില്‍ നിന്ന് ഹൌസ് സര്‍ജന്‍ പരിശീലനം പൂര്‍ത്തിയാക്കി. എസ്‌വി മെഡിക്കല്‍ കോളജിലെ ഹൌസ് സര്‍ജന്‍ അസോസിയേഷന്‍റെ നേതാവായിരുന്നു അദ്ദേഹം.

കടപ്പ മണ്ഡലത്തില്‍ നിന്ന് നാല് തവണ ലോക്സഭയിലേക്കും പുലിവെന്ദുല മണ്ഡലത്തില്‍ നിന്ന് അഞ്ച് തവണ ആന്ധ്രപ്രദേശ് സംസ്ഥാന അസംബ്ലിയിലേക്കും റെഡ്ഡി തെരഞ്ഞെടുക്കപ്പെട്ടു. പുലിവെന്ദുല ബ്രാഞ്ച് കനാലിലേക്കായി തുംഗഭദ്ര നദിയിലെ വെള്ളം കൊണ്ടുവരാനായതും മുദ്ദനൂറിലെ റായലസീമ തെര്‍മല്‍ പവര്‍ പ്ലാന്‍റിനും പ്രോദത്തൂര്‍ മില്‍ക്ക് ഫുഡ്സിനും വേണ്ടി നടത്തിയ പോരാട്ടങ്ങളുമാണ് എം‌എല്‍‌എ എന്ന നിലയില്‍ അദ്ദേഹത്തെ ശ്രദ്ധേയനാക്കിയത്.

1983 മുതല്‍ 1985 വരെയും 1998 മുതല്‍ 2000 വരെയും രണ്ട് തവണ ആന്ധ്രപ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്‍റായിരുന്നു റെഡ്ഡി. 1999 മുതല്‍ 2004 വരെ അഞ്ച് വര്‍ഷത്തോളം ആന്ധ്രാപ്രദേശ് അസംബ്ലിയില്‍ പ്രതിപക്ഷ നേതാവായിരുന്നു അദ്ദേഹം. 2003ല്‍ റെഡ്ഡി നടത്തിയ 1400 കിലോമീറ്റര്‍ പദയാത്ര ഏറെ ശ്രദ്ധേയമായിരുന്നു. സംസ്ഥാനത്തിന്‍റെ എല്ലാ പിന്നാക്ക പ്രദേശങ്ങളും സന്ദര്‍ശിച്ചുകൊണ്ടായിരുന്നു പദയാത്ര. 1980 മുതല്‍ 1982 വരെ ഗ്രാമവികസന വകുപ്പ് സഹമന്ത്രിയായിരുന്നു അദ്ദേഹം. 1982 മുതല്‍ എക്സൈസ് മന്ത്രിയായും 1982 മുതല്‍ 83 വരെ വിദ്യാഭ്യാസ മന്ത്രിയായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.

2004ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പാര്‍ട്ടി 185 സീറ്റുകള്‍ നേടി സംസ്ഥാനത്ത് അധികാരത്തില്‍ വന്നതിനെത്തുടര്‍ന്നാണ് റെഡ്ഡി മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടത്. നിരവധി ജനക്ഷേമ പരിപാടികള്‍ക്ക് അദ്ദേഹത്തിന് തുടക്കം കുറിക്കാനായി. കര്‍ഷകര്‍ക്ക് സൌജന്യ വൈദ്യുതി ലഭ്യമാക്കല്‍, അതുവരെ പൂര്‍ത്തിയാകാതിരുന്ന 70 ജലസേചന പദ്ധതികളുടെ പൂര്‍ത്തീകരണം‍, അരിയുടെ താങ്ങ് വില ഉയര്‍ത്തല്‍ തുടങ്ങിയവ റെഡ്ഡി സര്‍ക്കാരിന്‍റെ നേട്ടങ്ങളാണ്.

ആരോഗ്യ ശ്രീ, പവല വദ്ദി, ഇന്ദിരമ്മ ഇല്ലു തുടങ്ങിയവ റെഡ്ഡി സര്‍ക്കാര്‍ കൊണ്ടുവന്ന മറ്റ് ചില പദ്ധതികളാണ്. രണ്ട് രൂപയ്ക്ക് അരി, പിന്നാക്ക വിഭാഗങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് കോളജ് ഫീസ് നിര്‍ത്തലാക്കിയത്, ന്യൂനപക്ഷങ്ങള്‍ക്ക് പ്രത്യേക സംവരണം, വായ്പ എഴുതിത്തള്ളല്‍ തുടങ്ങിയ വിവിധ നടപടികള്‍ റെഡ്ഡി സര്‍ക്കാരിന്‍റെ നേട്ടങ്ങളായുണ്ട്. സ്ത്രീകള്‍ക്ക് പെന്‍ഷന്‍ അനുവദിച്ചുകൊണ്ടുള്ള അഭ്യഹസ്തം പദ്ധതി ഏറെ പ്രശംസിക്കപ്പെട്ടതാണ്.

‘പുരോഗതിയും വിശ്വാസ്യതയും‘ എന്നതായിരുന്നു 2009 പൊതുതെരഞ്ഞെടുപ്പില്‍ റെഡ്ഡിയുടെ പ്രചരണായുധം. ലോക്സഭ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് 33 സീറ്റുകള്‍ സ്വന്തമാക്കാന്‍ റെഡ്ഡിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസിന് സാധിച്ചു. അതേസമയം വിവാദങ്ങള്‍ക്ക് അതീതനായിരുന്നില്ല റെഡ്ഡി. സാന്ദുര്‍ പവര്‍ കമ്പനിയിലൂടെ റെഡ്ഡിയും കുടുംബവും അനധികൃതമായി വരുമാനം സമ്പാദിക്കുന്നതായി 2008ല്‍ തെലുങ്ക് ദേശം പാര്‍ട്ടി നേതാവ് ചന്ദ്രബാബു നായിഡു ആരോപിച്ചിരുന്നു. ഈ വര്‍ഷം പുറത്തുവന്ന ‘സത്യം’ അഴിമതിക്കേസിലും റെഡ്ഡിയുടെ മക്കള്‍ക്ക് പങ്കുള്ളതായി ആരോപണമുണ്ടായിരുന്നു.

ഈ ആരോപണങ്ങളെയെല്ലം ശക്തിയുക്തം നേരിട്ട വൈ എസ് ആര്‍ ആകസ്മികമായുണ്ടായ ദുരന്തത്തില്‍ ഇല്ലാതായതോടെ ആന്ധ്രയിലെ കോണ്‍ഗ്രസ് അനാഥമായെന്നുതന്നെ പറയാം. ഇന്ന് തമ്മിലടിയുടെയും കുതികാല്‍ വെട്ടിന്‍റെയും പടനിലമായിരിക്കുന്നു ആന്ധ്രയിലെ കോണ്‍ഗ്രസ് പ്രസ്ഥാനം. മറ്റൊരു വൈ എസ് ആറിനായി കോണ്‍ഗ്രസും ആന്ധ്രയും കൊതിക്കുന്നുണ്ടെന്നതാണ് സത്യം. അത് വൈ എസ് ആറിന്‍റെ മകന്‍ ജഗന്‍ ആകുമോ എന്നത് കാത്തിരുന്നു കാണേണ്ട കാര്യം.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍