നക്സലുകള്‍ വേണ്ടപ്പെട്ടവരല്ല

പി കെ രഘുദാസ്

WEBDUNIA|
PTI
നക്സല്‍ ഭീഷണി ഇന്ത്യയുടെ ഏറ്റവും വലിയ ആഭ്യന്തര പ്രശ്നമാണെന്ന് രണ്ടാം യുപി‌എ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തിലും പ്രധാനമന്ത്രി മന്‍‌മോഹന്‍ സിംഗ് സമ്മതിക്കുകയുണ്ടായി. ഇനിയും ഒരു ആവര്‍ത്തിക്കുകയില്ല എന്നും പ്രധാനമന്ത്രി വര്‍ഷങ്ങള്‍ക്ക് ശേഷം നടത്തിയ ഔദ്യോഗിക മാധ്യമ സമ്മേളനത്തില്‍ ഉറപ്പ് നല്‍കി. എന്നാല്‍ രാഷ്ട്രീയ ഉറപ്പുകള്‍ക്ക് ബലമില്ല എന്ന് വ്യക്തമാക്കിക്കൊണ്ട് മാവോ വിമതര്‍ വീണ്ടും ആഞ്ഞടിച്ചിരിക്കുകയാണ്, ദണ്ഡേവാഡയെക്കാള്‍ കൂടുതല്‍ ജീവന്‍ അപഹരിച്ചുകൊണ്ട്, വീണ്ടും പൊതുജനങ്ങളെ ഇരയാക്കിക്കൊണ്ട്.

പശ്ചിമബംഗാളിലെ ഝാര്‍ഗ്രാമില്‍ വെള്ളിയാഴ്ച വെളുപ്പിന് നടന്ന ട്രെയിനപകടത്തിനു കാരണം മാവോയിസ്റ്റുകള്‍ നടത്തിയ സ്ഫോടനമാണെന്ന് സംഭവ സ്ഥലം സന്ദര്‍ശിച്ച റയില്‍‌വെ മന്ത്രി പറഞ്ഞു എങ്കിലും ആഭ്യന്തര മന്ത്രി പി ചിദംബരവും പശ്ചിമ ബംഗാളിന്റെ പ്രതിനിധിയും കേന്ദ്ര ധനകാര്യമന്ത്രിയുമായ പ്രണാബ് മുഖര്‍ജിയും അപകടകാരണത്തെ കുറിച്ച് വ്യക്തമായൊന്നും പറയാന്‍ തുനിഞ്ഞില്ല. അന്വേഷണത്തിനു ശേഷം പ്രതികരിക്കാമെന്ന് കോണ്‍ഗ്രസ് മന്ത്രിമാര്‍ നിലപാട് എടുത്തതിനു പിന്നില്‍ കോണ്‍ഗ്രസും യുപി‌എ ഘടകകക്ഷികളും തമ്മില്‍ പരമപ്രധാനമായ കാര്യങ്ങളില്‍ പോലും യോജിപ്പില്ല എന്ന വസ്തുതയാണോ വ്യക്തമാക്കുന്നത്?

ഒരു മാസത്തിനിടയ്ക്ക് രണ്ട് തവണ പൊതുജനങ്ങളെ ലക്‍ഷ്യമിട്ട് വന്‍ ആക്രമണം നടത്തിയ വിമതര്‍ക്ക് നേരെ സര്‍ക്കാര്‍ ശക്തമായ പ്രതിരോധം നടത്താത്തതെന്ത്? സംസ്ഥാന സര്‍ക്കാരുകളാണോ ഇക്കാര്യത്തില്‍ പൂര്‍ണ ഉത്തരവാദികള്‍? എന്തായാലും, നക്സല്‍ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് പൂര്‍ണവിജയം കൈവരിക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞു എന്നാണ് വിമതര്‍ നിരന്തരം ഉയര്‍ത്തുന്ന വെല്ലുവിളികള്‍ സൂചിപ്പിക്കുന്നത്. ഈ വെല്ലുവിളികള്‍ക്കെതിരെ രാഷ്ട്രീയ ഭേദമില്ലാതെ ഒത്തൊരുമയോടെ ഇന്ത്യ പ്രവര്‍ത്തിക്കേണ്ട സമയവും ഇതു തന്നെയാണ്.

നക്സലുകളും മാവോയിസ്റ്റുകളും രാഷ്ട്രത്തിനു നേര്‍ക്കാണ് വെല്ലുവിളി ഉയര്‍ത്തുന്നത്. ഇവരെ നേരിടാനിറങ്ങിത്തിരിച്ച സര്‍ക്കാര്‍ ഇപ്പോള്‍ പാവം ആദിവാസികളുടെ അവകാശ നിഷേധമാണ് നടത്തുന്നത് എന്ന് വിവിധ സര്‍ക്കാരിതര സംഘടനകളും ചുരുക്കം ചില മാധ്യമങ്ങളും ആരോപിക്കാന്‍ തുടങ്ങിയിട്ട് കാലമേറെയായി.

ആദിവാസികളെ സംരക്ഷിക്കാനിറങ്ങിത്തിരിച്ച വിമതര്‍ പിന്നീട് സ്വയം സംരക്ഷിക്കാനും വളരാനുമായി കാടിന്റെ മക്കളെ പരിചയായി ഉപയോഗിച്ചു. വിമതരെ നേരിടാനിറങ്ങിയ സേനയ്ക്കും മുന്നേറ്റത്തിന് ആദിവാസി പങ്കാളിത്തം ഒഴിച്ചുകൂടാന്‍ പറ്റാത്തതായി. അങ്ങനെ പൊലീസിനെ സഹായിക്കുന്ന സേനയിലേക്കും ആദിവാസികളെ ബലമായി ചേര്‍ത്തു തുടങ്ങി, ആ‍ദിവാസി ഉന്നമനമെന്ന ലക്‍ഷ്യം ചുവടുറപ്പിക്കാന്‍ വേണ്ടിമാത്രം ഉപയോഗിച്ച നക്സല്‍-മാവോ സംഘങ്ങളാവട്ടെ ഇപ്പോള്‍ 2050 ആവുമ്പോഴേക്കും ഇന്ത്യന്‍ സര്‍ക്കാരിനെ തന്നെ അട്ടിമറിച്ച് തോക്കിന്‍ കുഴലിലൂടെ വിപ്ലവം നടപ്പാക്കാനാവുമെന്ന് ആശിക്കുകയാണ്.

ധാതു സമ്പത്തിന്റെ കലവറകളായ മധ്യപൂര്‍വ സംസ്ഥാനങ്ങള്‍ ആ‍ദിവാസികളുടെ സ്വന്തം നാടാണ്. എന്നാല്‍, വൈദേശിക പങ്കാളിത്തത്തോടെയുള്ള നിരവധി പദ്ധതികള്‍ വന്നിട്ടും ഇവിടങ്ങളിലെ ആദിവാസി ഊരുകളില്‍ വികസനം എത്തിനോക്കിയിട്ടുകൂടിയില്ല. സഹായിക്കാനെത്തിയ വിമതരും വിമതരെ എതിരിടാനെത്തിയ സൈന്യവും പോരാത്തതിന് വിമത ശല്യം സഹിക്കാനാവാതെ ആദിവാസികള്‍ക്കിടയില്‍ രൂപംകൊണ്ട സേനയും ഇപ്പോള്‍ തദ്ദേശവാസികള്‍ക്ക് പീഡനമുറകളാണ് പകര്‍ന്നു നല്‍കുന്നത് എന്ന സത്യം പുറം‌ലോകത്തേക്ക് ഒഴുകിയെത്തിക്കൊണ്ടിരിക്കുന്നു.

ആന്ധ്രപ്രദേശ്, ഛത്തീസ്ഗഡ്, ഒറീസ, മഹാരാഷ്ട്ര എന്നീ നാല് സംസ്ഥാനങ്ങളിലായി തൊണ്ണൂറായിരം ചതുരശ്ര കിലോമീറ്റര്‍ വ്യാപിച്ചു കിടക്കുന്ന മഹാവനമാണ് നക്സലുകളുടെ താവളം. ഇവിടെ ആയുധ ഫാക്ടറികള്‍ അടക്കമുള്ള സൌകര്യങ്ങള്‍ ഇവര്‍ ഒരുക്കിയിരിക്കുന്നു എന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്. ആദിവാസികളെ സ്വന്തം ഇഷ്ടപ്രകാരം ജീവിക്കാന്‍ അനുവദിച്ചുകൊണ്ട് അവരെ നിര്‍ബന്ധിത സൈനിക സേവനത്തിന് ഉപയോഗിക്കാതെ ഇന്ത്യയ്ക്ക് നക്സല്‍ പ്രതിസന്ധിയെ അതിജീവിക്കാന്‍ കഴിയണം. അതിനായി, ജനാധിപത്യത്തിന് ഹിതകരമായ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടാവുമെന്ന് ആശിക്കാം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :