ശിക്കാറിന്റെ പ്രവര്‍ത്തകര്‍ ശ്രീനാഥിനെ മര്‍ദ്ദിച്ചു!

ജോണ്‍ കെ ഏലിയാസ്

Shreenath
WEBDUNIA|
PRO
PRO
ശിക്കാറിന്റെ പ്രൊഡക്ഷന്‍ കണ്‍ട്രോളറും അസിസ്റ്റന്റ്‌ കണ്‍ട്രോളറും ചേര്‍ന്ന് നടന്‍ ശ്രീനാഥിനെ മര്‍ദ്ദിച്ചുവെന്ന് ശ്രീനാഥിന്റെ ബന്ധുക്കളും സുഹൃത്തുക്കളും. ശ്രീനാഥിനെ ശിക്കാറിന്റെ പ്രൊഡക്ഷന്‍ കണ്‍ട്രോളറും അസിസ്റ്റന്റ്‌ കണ്‍ട്രോളറും ചേര്‍ന്ന് മര്‍ദ്ദിക്കുന്ന ശബ്‌ദം കേട്ടുവെന്നാണ് ശ്രീനാഥിനെ മരിച്ചനിലയില്‍ കണ്ടെത്തിയ കോതമംഗലം മരിയ ഇന്റര്‍നാഷണല്‍ ഹോട്ടലില്‍ താമസിച്ചിരുന്ന ചിലര്‍ ബന്ധുക്കളോട് വെളിപ്പെടുത്തിയിരിക്കുന്നത്.

ഏപ്രില്‍ 22ന്‌ രാത്രിയും 23ന്‌ രാവിലെയും ശ്രീനാഥിന്റെ മുറിയില്‍ നിന്ന്‌ വളരെ അധികം ശബ്ദങ്ങളും ഉറച്ചുള്ള സംസാരവും കേട്ടതായി ശ്രീനാഥ് താമസിച്ചിരുന്ന മുറിയുടെ അടുത്തുള്ള മുറികളില്‍ താമസിച്ചിരുന്നവര്‍ അറിയിച്ചിട്ടുണ്ട്‌. സിനിമയില്‍ നിന്നും സീരിയല്‍ രംഗത്തു നിന്നും പുറത്താക്കുമെന്ന് സന്ദര്‍ശകര്‍ ശ്രീനാഥിനെ ഭീഷണിപ്പെടുത്തിയത്രേ.

ശ്രീനാഥ് കൊല്ലപ്പെട്ട ദിവസം മരിയ ഇന്റര്‍നാഷണല്‍ ഹോട്ടലില്‍ എത്തിയ ശിക്കാറിന്റെ പ്രൊഡക്ഷന്‍ കണ്‍ട്രോളറും അസിസ്റ്റന്റ്‌ കണ്‍ട്രോളറും ശ്രീനാഥിനോട്‌ ഹോട്ടല്‍ മുറി ഒഴിഞ്ഞു കൊടുക്കണമെന്ന്‌ ആവശ്യപ്പെട്ടത് പലരും കേട്ടിട്ടുണ്ട്. എന്നാല്‍ ശ്രീനാഥ് തയ്യാറല്ലെന്ന്‌ തുറന്നു പറഞ്ഞു. പിന്നീട്‌ ഭീഷണിയുടെ സ്വരമായിരുന്നു. മുറിയില്‍ നിന്ന്‌ പുറത്തിറങ്ങിയില്ലെങ്കില്‍ ബലമായി പിടിച്ചിറക്കുമെന്നും പെട്ടിയും സാധനങ്ങളും പുറത്തേക്ക് എറിയുമെന്നും വരെ ഭീഷണിയുണ്ടായത്രേ.

ഹോട്ടല്‍ മാനേജ്മെന്റ്‌ ഇതെല്ലാം നിഷേധിക്കുന്നുണ്ടെങ്കിലും അടുത്ത മുറികളില്‍ താമസിച്ചിരുന്നവരും ദൃക്‌സാക്ഷികളായ ചില ഹോട്ടല്‍ ജീവനക്കാരും ഇത് സമ്മതിക്കുന്നുണ്ടെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. ശ്രീനാഥ്‌ ആത്മഹത്യ ചെയ്തതാണെങ്കില്‍ മരിക്കുന്ന സമയത്ത് ഹോട്ടല്‍ റിസപ്ഷനില്‍ വിളിച്ച്‌ സഹായം അഭ്യര്‍ത്ഥിക്കുമായിരുന്നില്ല എന്ന് ബന്ധുക്കള്‍ വിശ്വസിക്കുന്നു.

ഹോട്ടല്‍ മുറി ഒഴിയാന്‍ തയ്യാറല്ലെന്ന്‌ പറഞ്ഞപ്പോള്‍ ശിക്കാറിന്റെ പ്രൊഡക്ഷന്‍ കണ്‍ട്രോളറും അസിസ്റ്റന്റ്‌ കണ്‍ട്രോളറും ചേര്‍ന്ന് ശ്രീനാഥിനെ മര്‍ദിച്ചിരിക്കാമെന്നും ആ മര്‍ദ്ദനത്തില്‍ പറ്റിയ പരുക്കാവാം മരണ കാരണമെന്നും ശ്രീനാഥിന്റെ ബന്ധുക്കളും സുഹൃത്തുക്കളും സംശയിക്കുന്നു. കൈത്തണ്ടയിലായിരുന്നില്ല ശ്രീനാഥിന്റെ കയ്യിലെ മുറിവ്‌. കൈത്തണ്ടയ്ക്കു മേലെ, കൈപ്പത്തിയോട്‌ ചേര്‍ന്നായിരുന്നു ആഴത്തിലുള്ള മുറിവ്‌. ഇതും സംശയത്തിന് ആക്കം കൂട്ടുന്നു.

താരസംഘടനയായ അമ്മയിലെ അംഗമായിരുന്നില്ല എന്നതിനാല്‍ ശിക്കാറില്‍ നിന്ന് ശ്രീനാഥിനെ ഒഴിവാക്കാന്‍ നേരത്തെ തന്നെ തീരുമാനമെടുത്തു എന്നാണ് മറ്റൊരു ആരോപണം. ശ്രീനാഥിന്‌ കരുതി വച്ചിരുന്ന വേഷം അഭിനയിക്കാന്‍ മറ്റൊരു നടന്‍ (ലാലു അലക്സാണ് ഇതെന്ന് പറയപ്പെടുന്നു) ശ്രീനാഥ്‌ കോതമംഗലത്തുള്ളപ്പോള്‍ തന്നെ അവിടെ എത്തിയിരുന്നു.

ശ്രീനാഥ് കൊല്ലപ്പെട്ട ദിവസം ശ്രീനാഥിനെ സന്ദര്‍ശിച്ച മടങ്ങിയ പ്രൊഡക്ഷന്‍ കണ്‍ട്രോളറും അസിസ്റ്റന്റ്‌ കണ്‍ട്രോളറും തിരികെ പോകുമ്പോള്‍ ഹോട്ടല്‍ മാനേജരോട്‌ ശ്രീനാഥ് മുറി ഒഴിയുകയാണെന്നും പകരം ലാലു അലക്സിന്‌ ആ മുറി നല്‍കണമെന്ന്‌ നിര്‍ദ്ദേശിക്കുകയും ചെയ്തു. അവര്‍ പോയിക്കഴിഞ്ഞ് അല്‍‌പസമയത്തിനുള്ളിലാണ് റിസപ്ഷനിലേക്ക്‌ ശ്രീനാഥിന്റെ ഫോണ്‍ വരുന്നത്‌. തന്റെ കൈ മുറിഞ്ഞെന്നും രക്തം വാര്‍ന്നു പോയിക്കൊണ്ടിരിക്കുകയാണെന്നുമായിരുന്നു ശ്രീനാഥ് പറഞ്ഞത്.

വെളിപ്പെടുത്തലുകള്‍ പുറത്തുവന്നതോടെ ശ്രീനാഥിന്റെ മരണം കൂടുതല്‍ ദുരൂഹമാവുകയാണ്. അമ്മയുടെ നിര്‍ദേശം അനുസരിച്ചാണോ ശിക്കാറില്‍ നിന്ന് ശ്രീനാഥിനെ പുറത്താക്കിയത്? ശിക്കാറില്‍ നിന്ന് പുറത്തായതോടെ മനസ് തകര്‍ന്ന ശ്രീനാഥ് ആത്മഹത്യ ചെയ്യുകയായിരുന്നോ? മോഹന്‍ലാല്‍ നായകനായി അഭിനയിക്കുന്ന ശിക്കാറിന്റെ അണിയറ പ്രവര്‍ത്തകര്‍ ശ്രീനാഥിനെ ഭീഷണിപ്പെടുത്തുകയോ മര്‍ദ്ദിക്കുകയോ ചെയ്തുവോ? ശ്രീനാഥിന്റെ സുഹൃത്തുക്കളും ബന്ധുക്കളും ആരോപിക്കുന്നത് പോലെ, മര്‍ദ്ദനത്തില്‍ ഉണ്ടായതാണോ ശ്രീനാഥിന്റെ കയ്യിലെ മുറിവ്? ദിവസം ചെല്ലുന്തോറും ചോദ്യങ്ങളുടെ എണ്ണം കൂടുകയാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :