കിനാലൂരില്‍ നടന്നത് നരനായാട്ട്

ജോണ്‍ കെ ഏലിയാസ്

WEBDUNIA|
PRO
കോഴിക്കോട്ടെ കിനാലൂരില്‍ പൊലീസ് നടത്തിയത് മനുഷ്യത്വരഹിതമായ നരനായാട്ടാണ്. കെ എസ് ഐ ഡി സി പാര്‍ക്കിനു വേണ്ടിയുള്ള ദേശീയ പാത വികസനത്തിന് സര്‍വെ നടത്താനെത്തിയ ഉദ്യോഗസ്ഥരെ തടഞ്ഞു എന്നതാണ് നാട്ടുകാര്‍ക്കുമേല്‍ പൊലീസ് കണ്ടെത്തിയ കുറ്റം. യുദ്ധസമാനമായ രംഗങ്ങളാണ് പിന്നീട് അരങ്ങേറിയത്. വൃദ്ധരെയും കുട്ടികളെയും പോലും പൊലീസ് വെറുതെ വിട്ടില്ല.

ലാത്തിച്ചാര്‍ജ് തുടങ്ങിയ പൊലീസ് പിന്നീട് അതില്‍ ആവേശം കണ്ടെത്തുകയായിരുന്നു. കണ്ണില്‍ കണ്ടവരെയൊക്കെ മര്‍ദ്ദിച്ചു. അതുകൊണ്ടും മതിയാകാതെ സമീപത്തെ വീടുകളില്‍ കയറി അവിടെയുണ്ടായിരുന്ന സ്ത്രീകളെ ഉള്‍പ്പടെയുള്ളവരെ മര്‍ദ്ദിച്ചു. വീടുകള്‍ക്ക് മുന്നില്‍ കിടന്നിരുന്ന വാഹനങ്ങള്‍ തല്ലിത്തകര്‍ത്തു. കണ്ണീര്‍വാതക ഷെല്ലുകള്‍ പ്രയോഗിച്ചു.

നാട്ടുകാരുടെ ചെറുത്തുനില്‍പ്പില്‍ ആറോളം പൊലീസുകാര്‍ക്കാണ് പരുക്കേറ്റത്. എന്നാല്‍ അനവധി നാട്ടുകാര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. എന്തിനു വേണ്ടിയാണ് ഈ സര്‍വെ എന്ന കാര്യം പോലും നാട്ടുകാരെ വേണ്ടവിധത്തില്‍ ബോധ്യപ്പെടുത്താതെ പൊലീസിനെ ഉപയോഗിച്ച് ബലം പ്രയോഗിച്ച് ഭൂമി പിടിച്ചെടുക്കാന്‍ സര്‍ക്കാര്‍ നടത്തിയ ശ്രമമാ‍ണ് അക്രമത്തില്‍ കലാശിച്ചതെന്ന് റിപ്പോര്‍ട്ടുണ്ട്.
PRO


മലേഷ്യന്‍ സഹായത്തോടെ കിനാലൂരില്‍ സാറ്റലൈറ്റ് സിറ്റി വരുന്നതായുള്ള പ്രഖ്യാപനം 2007 സെപ്റ്റംബറിലാണ് ഉണ്ടായത്. മലേഷ്യന്‍ കമ്പനിയുമായി 2500 കോടി രൂപയുടെ കരാറിലാണ് സര്‍ക്കര്‍ ഒപ്പുവച്ചത്. 25000 പേര്‍ക്ക് തൊഴില്‍ സാധ്യതയുണ്ടെന്നും വ്യവസായമന്ത്രി എളമരം കരീം അറിയിച്ചിരുന്നു. എന്നാല്‍ പിന്നീട് ഈ കരാറിന് എന്തുസംഭവിച്ചു എന്നത് അവ്യക്തമാണ്.

പിന്നീട് കിനാലൂര്‍ എസ്റ്റേറ്റിനെ ചുറ്റിപ്പറ്റി പല പ്രൊജക്ടുകളെപ്പറ്റിയും സര്‍ക്കാര്‍ പ്രഖ്യാപിക്കുകയുണ്ടായി. അവയ്ക്കൊക്കെ പല പേരുകളും പ്രസിദ്ധം ചെയ്തു. ഇന്‍റര്‍നെറ്റ് സിറ്റി, സാറ്റലൈറ്റ് സിറ്റി, സൈബര്‍ പാര്‍ക്ക് അങ്ങനെ പലതും. കിനാലൂരില്‍ എന്താണ് സംഭവിക്കുന്നതെന്നതിനെപ്പറ്റി നാട്ടുകാരില്‍ പോലും അവ്യക്തത നിലനിന്നു. 275 ഏക്കര്‍ സ്ഥലത്ത് ഉയരാന്‍ പോകുന്ന പ്രൊജക്ട് എന്താണെന്ന് നാട്ടുകാരെ ബോധ്യപ്പെടുത്താന്‍ അധികൃതര്‍ക്ക് കഴിഞ്ഞില്ല.

അതേസമയം, ഉപഗ്രഹസിറ്റിയിലേക്ക് 24 കിലോമീറ്റര്‍ നീളമുള്ള നാലുവരിപ്പാത നിര്‍മിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതാണ് ഇപ്പോഴത്തെ സംഘര്‍ഷത്തിന് കാരണം. ഇത് നടപ്പായാല്‍ രാമല്ലൂര്‍, നന്‍‌മണ്ട, മാളിക്കടവ്, ചാന്നാരിതാഴം, ശിവപുരം, കരിയാത്തന്‍കാവ് പ്രദേശങ്ങളിലെ 625 ഏക്കറോളം നെല്‍പാടങ്ങള്‍ ഇല്ലാതാകും. മാത്രമല്ല, നാട്ടുകാരുടെ വീടുകളും കടകളുമെല്ലാം പൊളിച്ചുമാറ്റേണ്ടിവരും.
PRO


കിനാലൂര്‍ പാത നിര്‍മാണത്തിലൂടെ നെല്‍വയലുകളും കുന്നുകളും നശിക്കുകയും നിരവധി കുടുംബങ്ങള്‍ കുടിയിറക്കപ്പെടുകയും ചെയ്യും. ഈ പാത കടന്നുപോകുന്ന മാര്‍ഗം കൃത്യമായി ജനങ്ങളെ അറിയിക്കുകയോ നാശനഷ്ടങ്ങളെപ്പറ്റി വിശദമായി പഠിക്കുകയോ ചെയ്തിട്ടില്ല. ഇതിനെതിരെയാണ് ഒരു ജനജാഗ്രതാസമിതി പ്രദേശത്ത് നിലവില്‍ വന്നത്.

ഈ സമിതി നടത്തിയ പ്രതിഷേധമാണ് ഇന്ന് പൊലീസ് അതിക്രമത്തിന് കാരണമായത്. ഈ സര്‍വെയ്ക്ക് പിന്നില്‍ വ്യവസായമന്ത്രി എളമരം കരീമിന്‍റെ പിടിവാശിയാണെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. എന്തായാലും സര്‍വെ നിര്‍ത്തിവയ്ക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നാണ് അവസാനം ലഭിക്കുന്ന വിവരം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :