കോണ്‍‌ഗ്രസ് റാലിക്ക് ആളെക്കൂട്ടാന്‍ കാബറെ ഡാന്‍സ്!

ജോണ്‍ കെ ഏലിയാസ്

Caberret
WEBDUNIA|
PRO
PRO
ജാഥയ്ക്കും റാലിക്കും ആളെക്കൂട്ടാന്‍ രാഷ്ട്രീയപാര്‍ട്ടികള്‍ പല തരത്തിലുള്ള തന്ത്രങ്ങള്‍ മെനയാറുണ്ട്. ബിരിയാണിയും ക്വാര്‍ട്ടര്‍ മദ്യവും നൂറുരൂപാ കൂലിയും കൊടുത്താല്‍ തമിഴ്നാട് അടക്കമുള്ള സംസ്ഥാനങ്ങളില്‍ ജാഥകള്‍ക്കും റാലിക്കും ആളെക്കിട്ടുമെത്രെ. എന്നാല്‍ പാര്‍ട്ടിറാലിക്ക് ആളെക്കൂട്ടാന്‍ കാബറേ നൃത്തം സംഘടിപ്പിച്ച് വെട്ടിലായിരിക്കുകയാണ് ഉത്തര്‍പ്രദേശിലെ സറാവയിലെ കോണ്‍ഗ്രസ്‌ പാര്‍ട്ടി പ്രവര്‍ത്തകര്‍.

നടന്നത് ഇങ്ങിനെ - രാഹുല്‍ ഗാന്ധി ഉദ്ഘാടനം ചെയ്ത ചേതനാരഥയാത്ര സറാവയിലെത്തുമ്പോള്‍ ഒരു പൊതുസമ്മേളനം സംഘടിപ്പിച്ചിരുന്നു. കോണ്‍ഗ്രസിന്റെ രാജ്യഭാ എം.പി പര്‍വേസ്‌ ഷാഷ്‌മിയെയും ഈ സമ്മേളനത്തിന് ക്ഷണിച്ചിരിക്കുന്നു.

രാജ്യം പൊരിഞ്ഞ ചൂടില്‍ ഉരുകുമ്പോള്‍ പൊതുസമ്മേളനത്തിനും അനുബന്ധമായി നടക്കുന്ന റാലിക്കും ആളെക്കിട്ടില്ലെന്ന് സറാവയിലെ കോണ്‍ഗ്രസ് നേതൃത്വം തിരിച്ചറിഞ്ഞു. ആളെത്തിയില്ലെങ്കില്‍ ഉത്തര്‍പ്രദേശ്‌ കോണ്‍ഗ്രസ്‌ കമ്മിറ്റി നേതൃത്വത്തിന് ദ്വേഷ്യം വരുമെന്ന കാര്യമോര്‍ത്തപ്പോള്‍ മറ്റ് വഴികള്‍ ചര്‍ച്ചചെയ്യപ്പെട്ടു. അവസാനം, ആളെക്കൂട്ടാന്‍ ഏറ്റവും എളുപ്പമുള്ള വഴിയായി കണ്ടെത്തിയത് കാബറേ നൃത്തമായിരുന്നു.

ഉടനെതന്നെ ഹരിയാനയില്‍ നിന്ന്‌ ബാറില്‍ നൃത്തം ചെയ്യുന്ന രണ്ടു നര്‍ത്തകികളെ കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വം ബുക്കുചെയ്തു. സറാവയിലെ കിസാന്‍ ഇന്റര്‍കോളേജിലായിരുന്നു രഥയാത്രാ സ്വീകരണം. ചേതനാരഥയാത്ര എത്തുന്നതിന് മുമ്പ് കാബറെ തുടങ്ങി. ജനം തിങ്ങിനിറഞ്ഞു. യുവാക്കള്‍ ഇരമ്പിമറിയുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.

നര്‍ത്തിമാരുടെ സഭ്യതയുടെ അതിരുകള്‍ തകര്‍ക്കുന്ന മെയ്ചലനങ്ങള്‍ സറാവയെ കോരിത്തരിപ്പിച്ചു. ചേതനാരഥയാത്ര സറാവയിലെത്തിയപ്പോള്‍ സ്വീകരിക്കാന്‍ ഒരുങ്ങിനില്‍ക്കുന്ന ജനക്കൂട്ടത്തെ കണ്ട് പര്‍വേസ്‌ ഷാഷ്‌മി അന്തം‌വിട്ടുപോയെത്രെ! ഇത്ര വലിയ ജനക്കൂട്ടത്തെ സംഘടിപ്പിച്ച പ്രാദേശിക നേതൃത്വത്തെ ഷാഷ്‌മി പുകഴ്ത്തുകയും ചെയ്തു.

എന്നാല്‍ എവിടെയും ദോഷൈകദൃക്കുകള്‍ ഉണ്ടാകുമല്ലോ! ആരോ ഭരണകക്ഷിയായ ബഹുജന്‍സമാജ്‌വാദി പാര്‍ട്ടിയുടെ സ്‌ഥലം എംഎല്‍എ വസുദേവ്‌ സിംഗിനെ കാബറെ നൃത്തത്തെ പറ്റി വിവരമറിയിച്ചു. കിട്ടിയ സമയം മുതലാക്കാതെ സിംഗ് സംഭവസ്ഥലത്തെത്തി. പൊതുസമ്മേളനത്തിന് ആളെക്കൂട്ടാന്‍ കോണ്‍‌ഗ്രസ് നടത്തിയ കാബറെ തന്ത്രം നാറിയ കളിയായിപ്പോയി എന്ന് അപലപിച്ചുകൊണ്ട് ഒരു തകര്‍പ്പന്‍ പ്രസംഗം നടത്തിയതിന് ശേഷമാണ് സിംഗ് സ്ഥലം വിട്ടത്.

എന്തായാലും സറാവയിയിലെ കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വം ഇപ്പോള്‍ വെട്ടിലായിരിക്കുകയാണ്. കാരണം കാബറെ സംഘടിപ്പിച്ച നേതാക്കള്‍ക്കെതിരെ ഹൈക്കമാന്‍ഡിന്‌ പരാതി പോയിക്കഴിഞ്ഞു. ആളെക്കൂട്ടാന്‍ ചെയ്ത തന്ത്രം തങ്ങള്‍ക്കെതിരെ തിരിഞ്ഞുകൊത്തുമോ എന്ന് ഉറ്റുനോക്കുകയാണ് ഈ നേതാക്കള്‍. കേന്ദ്രനേതൃത്വം കണ്ണടയ്ക്കുകയാണെങ്കില്‍ കൂടുതല്‍ ഡിമാന്‍ഡുള്ള ബാര്‍ നര്‍ത്തകികളെ കൊണ്ടുവന്ന് ഭാവിയിലെ പരിപാടികള്‍ ‘കൊഴുപ്പിക്കാന്‍’ തന്ത്രം മെനയുകയാണെത്രെ അടുത്തുള്ള പ്രദേശങ്ങളിലെ കുട്ടി നേതാക്കള്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :