നിത്യാനന്ദ രക്ഷപ്പെടുമോ?

ജോണ്‍ കെ ഏലിയാസ്

WEBDUNIA|
PRO
മനുഷ്യദൈവങ്ങള്‍ക്ക് പലതരം കഴിവുകളാണ്. അന്തരീക്ഷത്തില്‍ നിന്ന് വിഭൂതിയെടുക്കാനും ആടിനെ പട്ടിയാക്കാനും ആളെ പൊട്ടനാക്കാനും അവര്‍ക്കു കഴിയും. വ്യാജ സന്യാസിമാരും ലോക്കല്‍ ഗോഡ്സും വാണരുളുന്ന സംസ്ഥാനങ്ങളുടെ പട്ടികയില്‍ കേരളം മുന്‍‌നിരയിലാണ്. അവരെ ആദരിച്ചിരുത്തുന്ന പീഠത്തിന് ചുവട്ടിലാണ് ഭരണാധികാരികള്‍ പോലും സ്വന്തം സ്ഥാനം സ്വയം കണ്ടെത്തുന്നത്.

അടുത്ത കാലത്ത് കോളിളക്കമുണ്ടാക്കിയ സ്വാമി ഒടുവില്‍ പൊലീസ് വലയിലായിരിക്കുന്നു. തമിഴ്‌നാട്ടിലും മറ്റ് തെക്കന്‍ സംസ്ഥാനങ്ങളിലും കടുത്ത ചൂടായതിനാല്‍ സ്വാമി ഹിമാചലില്‍ സുഖവാസത്തിലായിരുന്നു എന്നാണ് അറിയുന്നത്. ഒളിച്ചുതാമസിക്കുകയും ചെയ്യാം, ഒളിസേവ നടത്തുകയും ചെയ്യാമെന്ന സൌകര്യം.

വലിയ എന്‍‌കൌണ്ടറോ ‘ഓപ്പറേഷന്‍ നിത്യ’യോ ഒന്നും വേണ്ടിവന്നില്ല പൊലീസിന് സ്വാമിയെ കുടുക്കാന്‍ എന്നാണ് അറിയുന്നത്, പൊലീസ് അതാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും. ഹിമാചലിലെയും ബാംഗ്ലൂരിലെയും പൊലീസുകാര്‍ കൂട്ടമായി ചെന്ന് സ്വാമിയെ വിളിച്ചു, ഒരു പൂച്ചക്കുട്ടിയെപ്പോലെ സ്വാമി ഇറങ്ങി വരികയും ചെയ്തു.

ഇനി കോടതിമുറികളിലെ സാക്ഷിവിസ്താരത്തിന്‍റെയും വാദപ്രതിവാദങ്ങളുടെയും സമയമാണ്. രഞ്ജിതയുമൊത്തുള്ള ടേപ്പുകള്‍ വ്യാജമാണെന്ന് നിത്യാനന്ദ കൂടുതല്‍ ശക്തമായി കോടതിയില്‍ വാദിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. കോടികള്‍ ഫീസ് വാങ്ങുന്ന ബുദ്ധിരാക്ഷസന്‍‌മാരായ വക്കീലന്‍‌മാര്‍ സ്വാമിക്കു വേണ്ടി കോടതിയില്‍ ഹാജരാകുമെന്നതും തര്‍ക്കമില്ലാത്ത കാര്യം. അപ്പോള്‍ പിന്നെ സ്വാമിയെ ശിക്ഷിക്കാനോ, ‘ശിക്ഷിച്ചുകളയും’ എന്നു ഭയപ്പെടുത്താനോ പോലും ആര്‍ക്കെങ്കിലും കഴിയുമെന്ന് കരുതുക വയ്യ.

നിത്യാനന്ദയ്ക്കെതിരെയുള്ള കുറ്റങ്ങളുടെ ലിസ്റ്റ് ഗംഭീരമാണ്. ഭീഷണിപ്പെടുത്തല്‍, ക്രിമിനല്‍ ഗൂഢാലോചന, കരുതിക്കൂട്ടി കുറ്റകൃത്യം ചെയ്യല്‍, മതവികാരം വ്രണപ്പെടുത്തല്‍, ബലാത്സംഗം, പ്രകൃതിവിരുദ്ധ ലൈംഗികബന്ധം, കബളിപ്പിക്കല്‍ ഇങ്ങനെ നീളുന്നു പട്ടിക. ഇതൊക്കെ ചാര്‍ത്തിക്കിട്ടിയാല്‍ ഏറ്റവും കുറഞ്ഞത് ഒരു ജീവപര്യന്തം ഉറപ്പാണ്, പ്രതി സാധാരണക്കാരനാണെങ്കില്‍. ഇവിടെ പക്ഷേ അങ്ങനെയല്ലല്ലോ. സ്വാമി നിത്യാനന്ദ പരമപീഠം നിറഞ്ഞ ചിരിയോടെ കൈകള്‍ ഉയര്‍ത്തിവീശി നിയമത്തിന്‍റെ കെട്ടുകള്‍ തകര്‍ത്തെറിഞ്ഞ് മാധ്യമങ്ങളുടെ മുന്നില്‍ പ്രത്യക്ഷപ്പെടുന്ന ദിവസം മുന്‍‌കൂട്ടിക്കാണാന്‍ ദിവ്യദൃഷ്ടി വേണ്ട.

എന്തായാലും സ്വാമിയെക്കുറിച്ചുള്ള വാര്‍ത്തകള്‍ക്ക് കുറച്ചു ദിവസങ്ങളായി ഇടവേളയായിരുന്നു. ഇനി കൂടുതല്‍ പൊലിമയുള്ള നിത്യാനന്ദ വീരഗാഥകള്‍ മാധ്യമങ്ങളില്‍ നിറയുമെന്ന് പ്രതീക്ഷിക്കാം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :