അവസാനം തരൂരിന് ‘ജയ്ഹിന്ദി’ന്‍റെ പിന്തുണ!

ജോയ്സ് ജോയ്

ചെന്നൈ| WEBDUNIA|
PRO
തരൂരിനെ വാഴ്ത്തപ്പെട്ടവനും പാര്‍ട്ടിയെ മാര്‍പാപ്പയുമായി ചിത്രീകരിക്കുന്ന വിധത്തിലായിരുന്നു കേന്ദ്രമന്ത്രി ശശി തരൂരിന്‍റെ രാജിയെ കോണ്‍ഗ്രസ് ചാനലായ ജയ്ഹിന്ദ് ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. മലയാളത്തിലെ മറ്റു വാര്‍ത്താചാനലുകള്‍ വരെ തരൂരിന് പിന്തുണയും തേടി അദ്ദേഹത്തിന്‍റെ മണ്ഡലത്തിലും കുടുംബത്തിലും കയറി ഇറങ്ങിയപ്പോള്‍ വെറും ‘ഡെസ്ക്ക് സ്റ്റോറി’യില്‍ മാത്രമായി ഒതുങ്ങി ജയ്ഹിന്ദിന്‍റെ രാവിലത്തെ വാര്‍ത്തകള്‍. കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വമാകട്ടെ വളരെ കരുതലോടെ പ്രതികരിക്കുന്നു എന്നു തോന്നിച്ചെങ്കിലും ഹൈക്കമാന്‍ഡിന്‍റെ കുട്ടിക്ക് നമ്മള്‍ പിന്തുണ കൊടുക്കണ്ട എന്ന നിലപാടില്‍ തന്നെയായിരുന്നു. മറ്റു വാര്‍ത്താചാനലുകള്‍ തരൂരിന് പിന്തുണ തേടിയിറങ്ങിയപ്പോള്‍ നിവൃത്തിയില്ലാതെ ജയ്ഹിന്ദിനും ഇറങ്ങേണ്ടി വരികയായിരുന്നു.

ഇക്കാര്യത്തില്‍ സംസ്ഥാനത്തെ ഒരു കോണ്‍ഗ്രസ് നേതാവിന്‍റെയും അഭിപ്രായം ആരായാന്‍ പോലും ജയ്ഹിന്ദ് ആദ്യം തയ്യാറായിരുന്നില്ല. ഐ പി എല്ലിനെ നഖശിഖാന്തം എതിര്‍ക്കുന്ന കേന്ദ്രപ്രവാസി കാര്യമന്ത്രി വയലാര്‍ രവിയുടെ പ്രതികരണം അവസാനം ഉള്‍പ്പെടുത്തുകയും ചെയ്തു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ശശി തരൂര്‍ തകര്‍ത്തത് ജയ്ഹിന്ദ് ചാനല്‍ ചെയര്‍മാന്‍ വിജയന്‍ തോമസിന്‍റെ സ്വപ്നങ്ങള്‍ കൂടിയായിരുന്നു. ആദ്യം മടിച്ചു നില്ക്കാന്‍ ജയ്ഹിന്ദിനെ പ്രേരിപ്പിച്ചത് ഇതായിരുന്നോ? തരൂരിനെതിരെ സ്വതന്ത്രനായി മത്സരിക്കാന്‍ തീരുമാനിച്ചെങ്കിലും പിന്നീട് പാര്‍ട്ടിക്കുള്ളില്‍ നിന്നു തന്നെയുള്ള സമ്മര്‍ദ്ദങ്ങളെ തുടര്‍ന്ന് വിജയന്‍ തോമസ് പിന്‍മാറുകയായിരുന്നു.

ഹൈക്കമാന്‍ഡിന് പ്രത്യേക താല്‍പര്യമുള്ള വ്യക്തിയായിരുന്നു തരൂര്‍ എന്നത് തന്നെയായിരുന്നു കാരണം. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗും തരൂരില്‍ കണ്ടത് വെറുമൊരു പാര്‍ലമെന്‍റ് അംഗത്തെ മാത്രമായിരുന്നില്ല. അന്താരാഷ്ട്ര തലത്തില്‍ പ്രവര്‍ത്തിച്ചപ്പോഴുള്ള തരൂരിന്‍റെ അനുഭവസമ്പത്ത് കൂടിയായിരുന്നു അവരുടെ ലക്‍ഷ്യം. അതുകൊണ്ട് തന്നെയാണ് ഒരു ലക്ഷത്തിനടുത്ത് വോട്ടിന്‍റെ ഭൂരിപക്ഷവുമായി തരൂര്‍ വിജയിച്ചപ്പോള്‍ ഹൈക്കമാന്‍ഡ് രണ്ടിലൊന്ന് ആലോചിക്കാതെ വിദേശകാര്യ സഹമന്ത്രി സ്ഥാനം തരൂരിനെ ഏല്‍‌പിച്ചത്.

ഇന്ത്യന്‍ രാഷ്ട്രീയത്തിലേക്കുള്ള തരൂരിന്‍റെ വരവ് തന്നെ വിവാദമായിരുന്നു. വിദേശകാര്യ സഹമന്ത്രി ആയതിനു ശേഷം വിവാദങ്ങളുടെ എണ്ണം കൂടി. ഊര്‍ജസ്വലതയുള്ള യുവത്വത്തിന്‍റെ പ്രതീക്ഷയായിരുന്നു തരൂര്‍. അതുകൊണ്ടു തന്നെ പലപ്പോഴും തരൂരിന്‍റെ തീരുമാനങ്ങള്‍ യുവത്വത്തിന്‍റെ മനസ്സിനോടു ചേര്‍ന്നു നില്‍ക്കുന്നതായിരുന്നു. രാഷ്ട്രീയക്കാരുടെ വെറും വാചക കസര്‍ത്ത് മാത്രമായിരുന്നില്ല തരൂര്‍ എന്ന പാലക്കാട്ടുകാരന്‍. തിരുവനന്തപുരത്തെ ബാര്‍സലോണയുടെ ഇരട്ടനഗരമാക്കുമെന്ന തിരഞ്ഞെടുപ്പു പ്രചാരണം പാലിക്കാന്‍ തരൂര്‍ നടപടികള്‍ ആരംഭിച്ചപ്പോള്‍ മാറിനില്‍ക്കേണ്ടി വന്നത് രാഷ്ട്രീയം അധരവ്യായാമമാക്കിയ ഇവിടുത്തെ വലത്-ഇടത് പക്ഷങ്ങള്‍ക്ക് തന്നെയാണ്.

കേന്ദ്രമന്ത്രിസഭയില്‍ എത്തിയ തരൂര്‍ വിവാദങ്ങളില്‍ നിന്ന് വിവാദങ്ങളിലേക്ക് വീണപ്പോഴെല്ലാം ഒരു കൈ സഹായം നല്‍‌കാന്‍ സംസ്ഥാനത്തെ മിക്കവാറും കോണ്‍ഗ്രസ് നേതാക്കള്‍ തയ്യാറായില്ല. തരൂരിനെ പോലെ ട്വിറ്ററില്‍ സജീവമായ കെ സുധാകരന്‍ എം പി ആയിരുന്നു ഇക്കാര്യത്തില്‍ അപവാദം. ഐ പി എല്‍ വിവാദത്തില്‍ തരൂര്‍ ഉള്‍പ്പെട്ടപ്പോഴും പേരിനൊരു പിന്തുണ നല്‍‌കിയത് പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടിയും കണ്ണൂര്‍ എംപി കെ സുധാകരനും മാത്രം.

ഐ പി എല്‍ വിവാദത്തില്‍ പുകഞ്ഞ് തരൂര്‍ പുറത്തായപ്പോള്‍ ഒരു കോണ്‍ഗ്രസ് നേതാവു പോലും ആദ്യം പാര്‍ട്ടി ചാനലിലൂടെ പ്രതികരിക്കാന്‍ തയ്യാറായില്ല. പാര്‍ട്ടിക്കാരുടെ പ്രതികരണം പോട്ടെ. തരൂരിനെ അനുകൂലിച്ച് പേരിനൊരു ഡെസ്ക് സ്റ്റോറി കൊടുത്ത് കൊണ്ട് ‘ജയ്ഹിന്ദ്’ ആദ്യം സ്വയം ഒതുങ്ങി. മലയാളത്തിലെ പ്രമുഖ വലതുപക്ഷ ചാനലിലൂടെ കെ പി സി സി അധ്യക്ഷന്‍ രമേശ് ചെന്നിത്തല പ്രതികരിച്ചു. തരൂരിനെ സംസ്ഥാനനേതൃത്വം തള്ളിപ്പറഞ്ഞിട്ടില്ലെന്നായിരുന്നു ചെന്നിത്തലയുടെ കമന്‍റ്. തരൂരിന്‍റെ മന്ത്രിസ്ഥാനം പോയതില്‍ വിഷമമുണ്ടെന്നു കൂടി പറഞ്ഞ ചെന്നിത്തല പൊതുജീവിതത്തിലെ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന നടപടിയാണ് ഹൈക്കമാന്‍ഡ് കൈക്കൊണ്ടതെന്നും പറഞ്ഞു. അപ്പോള്‍ സംസ്ഥാന നേതൃത്വം ഹൈക്കമാന്‍ഡിനു പഠിക്കുകയാണെങ്കില്‍ കോണ്‍ഗ്രസില്‍ എത്രപേര്‍ ബാക്കി കാണും ?

സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതൃത്വത്തിന് തരൂരിനോട് പ്രത്യേക മമതയില്ലെങ്കിലും തിരുവനന്തപുരം മണ്ഡലത്തിലെ ജനങ്ങള്‍ക്ക് അദ്ദേഹത്തോട് സ്നേഹമുണ്ട്. തങ്ങളുടെ എം പി ക്ക് നാറുന്ന രാഷ്ട്രീയക്കളികള്‍ക്കിടയില്‍ മന്ത്രിസ്ഥാനം നഷ്ടമായതില്‍ തിരുവനന്തപുരത്തുകാര്‍ ദു:ഖിതരാണ്. ഇല്ലെങ്കില്‍ രാഷ്ട്രീയത്തില്‍ ഒരു മുന്‍പരിചയവുമില്ലാതിരുന്ന തരൂരിനെ തിരുവനന്തപുരത്തെ ജനങ്ങള്‍ വിജയിപ്പിക്കില്ലായിരുന്നു. ഏതായാലും തങ്ങളുടെ എം പിയുടെ സേവനവും സാന്നിധ്യവും മണ്ഡലത്തിലെ ജനങ്ങള്‍ക്ക് കൂടുതല്‍ പ്രതീക്ഷിക്കാം.

തരൂരിന്‍റെ രാജി കോണ്‍ഗ്രസിന് നല്‍‌കുന്ന വ്യക്തമായ മറ്റൊരു സന്ദേശം കൂടിയുണ്ട്. അധികാര കസേര തരൂരിനെ ഒരിക്കല്‍ പോലും ഭ്രമിപ്പിച്ചിട്ടില്ല എന്നത് തന്നെയാണ് അത്. നട്ടെല്ല് വളയാതെ പറയാനുള്ളത് പറയാനുള്ള ആര്‍ജവം തരൂര്‍ കാട്ടി. പറഞ്ഞതില്‍ തെറ്റുണ്ടെന്ന് നേതൃത്വം ചൂ‍ണ്ടിക്കാട്ടിയപ്പോള്‍ അത് തിരുത്താനുള്ള വിട്ടുവീഴ്ചാ മനോഭാവം കാട്ടി. രാഷ്ട്രീയത്തില്‍ മുന്‍ പരിചയമില്ലാതിരുന്ന തരൂര്‍ ബാലപാഠങ്ങള്‍ പഠിച്ചത് അനുഭവങ്ങളില്‍ നിന്നായിരുന്നു. അനുഭവങ്ങളാണ് ഏറ്റവും മികച്ച ഗുരു എന്നത് എത്രയോ ശരി.

തരൂര്‍ രാജിവെച്ചപ്പോള്‍ കുടുംബം പറഞ്ഞു ‘രാഷ്ട്രീയം തരൂരിന് പറ്റിയ പണിയല്ലെ’ന്ന്, എതിരാളിയായി മത്സരിച്ച രാമചന്ദ്രന്‍ പറഞ്ഞു ‘തരൂര്‍ നല്ല രാഷ്ട്രീയക്കാരനല്ലെ’ന്ന്. യു എന്നിന്‍റെ അണ്ടര്‍ സെക്രട്ടറി ജനറല്‍ സ്ഥാനത്തു നിന്ന് വിരമിച്ച തരൂരിന് പറ്റിയ പണി പൊതുപ്രവര്‍ത്തനം തന്നെയാണ്. രാഷ്ട്രീയത്തിന്‍റെ ഉള്ളുകള്ളികളും പൊള്ളത്തരങ്ങളും കള്ളത്തരങ്ങളും കാപട്യവുമൊന്നും തരൂരിനെ പോലുള്ള ഊര്‍ജസ്വലനായ ബുദ്ധിമാന് പറഞ്ഞിട്ടുള്ള കാര്യമില്ല. അത് ഇലയ്ക്കും മുള്ളിനും കേടില്ലാതെ കാര്യങ്ങളെ വളഞ്ഞ വഴികളിലൂടെ നേരിടുന്നവര്‍ക്ക് ഉള്ളതാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :