കേരളത്തിനെതിരെ ബിജെപിയുടെ ഹിഡന്‍ അജണ്ട?

കെ വി നീരജ്

WEBDUNIA|
PRO
കേരളത്തിനെതിരെ ബിജെപിയുടെ ഹിഡന്‍ അജണ്ടയോ? ചോദ്യത്തിന് കാരണം ഐപി‌എല്‍ വിവാദത്തില്‍ ബിജെപി കാണിക്കുന്ന അമിതമായ താല്‍പര്യം തന്നെ. പ്രശ്നത്തിലൂടെ വിവാദത്തിലായ ശശി തരൂര്‍ പാര്‍ലമെന്‍റില്‍ നല്‍കിയ വിശദീകരണം പോലും കേള്‍ക്കാന്‍ ബിജെപി തയ്യാറാകാതിരുന്നതാണ് ഈ സംശയം കൂടുതല്‍ ബലപ്പെടുത്തുന്നത്.

ഐപി‌എല്‍ വിഷയത്തില്‍ ബിജെപി ഇടപെട്ടതിനെയും പാര്‍ട്ടിയുടെ പ്രതികരണങ്ങളെയും സ്വാഭാവികമെന്ന് വിളിക്കാം. ഒരു കേന്ദ്രമന്ത്രി പണമിടപാടുമായി ബന്ധപ്പെട്ട് വിവാദത്തില്‍ പെടുമ്പോള്‍ വിഷയം പൊതുജനമധ്യത്തിലേക്ക് ഉയര്‍ത്തിക്കൊണ്ടുവരേണ്ടത് ഉത്തരവാദിത്തമുള്ള പ്രതിപക്ഷത്തിന്‍റെ കടമയാണ്. എന്നാല്‍ അത് തീര്‍ത്തും പൊതുജന നന്‍‌മയെ കരുതിയായിരിക്കണം. അതിനപ്പുറം ഒളിഞ്ഞുകിടക്കുന്ന ലക്‍ഷ്യം അതിനുണ്ടാകാന്‍ പാടില്ല. ഐപി‌എല്‍ വിഷയത്തില്‍ ബിജെപിയുടെ അമിതാവേശം പാര്‍ട്ടിയുടെ ഹിഡന്‍ അജണ്ടയെ പുറത്തുകൊണ്ടുവരികയാണ്.

വിഷയത്തില്‍ ആത്മാര്‍ത്ഥമായാണ് ബിജെപിയുടെ ഇടപെടലെങ്കില്‍ തരൂരിന്‍റെ വിശദീകരണം കേള്‍ക്കാനുള്ള ക്ഷമ പാര്‍ട്ടി കാണിക്കണമായിരുന്നു. ഇതിനു ശേഷം വിശദീകരണം തൃപ്തികരമല്ലെങ്കില്‍ അതും ഉന്നയിക്കാമായിരുന്നു. ജനാ‍ധിപത്യപരമായ രീതി ഇതാണെന്നിരിക്കെ ബിജെപി സ്വീകരിച്ച സമീപനമാണ് വിമര്‍ശന വിധേയമായിരിക്കുന്നത്.

ബിജെപിയുടെ സ്വന്തം സംസ്ഥാനമായ ഗുജറാത്തില്‍ നിന്ന് ഐപി‌എല്‍ ടീമിനെ തട്ടിയെടുത്തതിലുള്ള അമര്‍ഷമാണോ പാര്‍ട്ടിയെ ചൊടിപ്പിക്കുന്നത്? അതോ വസുന്ധര രാജെ സിന്ധ്യയും നരേന്ദ്രമോഡിയും ഉള്‍പ്പെടെ ഒട്ടേറെ പാര്‍ട്ടി നേതാ‍ക്കളുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ലളിത് മോഡിയോടുള്ള അതിരുവിട്ട കടപ്പാടോ? ഇന്ത്യയില്‍ വളരാന്‍ ബിജെപിയെ കൈയയച്ച് സഹായിച്ച ഉത്തരേന്ത്യന്‍ ലോബിയെ സംരക്ഷിക്കേണ്ടത് പാര്‍ട്ടിയുടെ ആവശ്യമായി മാറുക സ്വാഭാവികമാണ്. ഈ സ്വാഭാവികതയുടെ തുടര്‍ച്ചയായിരുന്നു കൊച്ചി വിഷയത്തിലേക്ക് ബിജെപിയുടെ പെട്ടെന്നുള്ള രംഗപ്രവേശം.

കേരളത്തില്‍ വേരോട്ടമുണ്ടാക്കാന്‍ കിണഞ്ഞു പരിശ്രമിച്ച് പരാജയപ്പെട്ട പാര്‍ട്ടിയാണ് ബിജെപി. സംസ്ഥാനത്തെ സ്ഥിതി മാറിമറിയുമെന്ന പ്രതീക്ഷയും പാര്‍ട്ടിയുടെ കേന്ദ്ര നേതൃത്വത്തിനില്ല. അതുകൊണ്ടുതന്നെ കേരള വിഷയത്തില്‍ ബിജെപിക്ക് പ്രത്യേക താല്‍‌പര്യം കാണിക്കേണ്ട കാര്യവുമില്ല. സേലം റെയില്‍‌വേ ഡിവിഷന്‍ വിഷയത്തിലും മറ്റും തമിഴ്നാട്ടില്‍ പരസ്യമായി കേരളത്തിനെതിരെ രംഗത്തിറങ്ങാന്‍ ബിജെപി പ്രവര്‍ത്തകര്‍ക്ക് കേന്ദ്രനേതൃത്വത്തിന്‍റെ മൌനാനുവാദവും ഉണ്ടായിരുന്നു.

ഇതേ നിലപാടിന്‍റെ തുടര്‍ച്ചയായിട്ടാണ് ഇപ്പോള്‍ തരൂര്‍ വിവാദവും ബിജെപി വലിയ പ്രശ്നമായി ഉയര്‍ത്തുന്നത്. ബിജെപിയുടെ സംസ്ഥാന ഘടകം വിഷയത്തില്‍ സജീവമായി പ്രതികരിക്കാന്‍ ഇതുവരെ തയ്യാറായിട്ടില്ലെന്നതും ഒരു വിരോധാഭാസമായി നില്‍ക്കുന്നു. ഐപി‌എല്‍ ടീം ആഗ്രഹിക്കുന്നവരാണ് കേരളത്തിലെ ഭൂരിപക്ഷവുമെന്ന് പാര്‍ട്ടി സംസ്ഥാനഘടകത്തിന് ബോധ്യമുണ്ട്. സജീവമായി ഈ പ്രശ്നത്തില്‍ ഇടപെടുന്നതില്‍ നിന്ന് സംസ്ഥാന ഘടകം പിന്‍‌വലിയുന്നതിന് കാരണം ഇതാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :