സുനന്ദ പുഷ്കറെന്ന കശ്മീര്‍ സുന്ദരിയാര്?

ജോണ്‍ കെ ഏലിയാസ്

WEBDUNIA|
PRO
PRO
ശശി തരൂരിനിട്ട് ലളിത് മോഡി വച്ച ആപ്പായിരുന്നു സുനന്ദ പുഷ്കറെന്ന കശ്മീരി സുന്ദരി. റാങ്ദെവൂ കണ്‍സോര്‍ഷ്യം സ്വന്തമാക്കിയ കൊച്ചി ഐപിഎല്‍ ടീമില്‍ കേന്ദ്ര വിദേശകാര്യ സഹമന്ത്രി ശശി തരൂരിന്‍റെ ഭാവിവധു സുനന്ദ പുഷ്കറിന് 18 ശതമാനം ഓഹരിയുണ്ടെന്നാണ് ലളിത് മോഡി ട്വിറ്ററിലൂടെ കാച്ചിയത്. തുടര്‍ന്നങ്ങോട്ട് സുനന്ദ പുഷ്കറെന്ന ‘ബിസിനസ് സുന്ദരി’ ആരാണെന്നറിയാനുള്ള നെട്ടോട്ടത്തിലായി മാധ്യമങ്ങള്‍.

തീവ്രവാദി ആക്രമണത്തെ തുടര്‍ന്നു കാശ്‌മീര്‍ താഴ്‌വരയിലെ ബൊമ്മൈയില്‍നിന്ന്‌ 1990-ല്‍ ജമ്മുവിലേക്കു കുടിയേറിയ കുടുംബത്തിലെ അംഗമാണ് സുനന്ദ. പിതാവ് റിട്ടയേര്‍ഡ്‌ സൈനിക ഓഫിസറായ ലഫ്. കേണല്‍ പുഷ്കര്‍ ദാസ്. ഇവര്‍ക്ക്‌ ജമ്മുവില്‍ സ്വന്തം റിസോര്‍ട്ടുണ്ട്‌. വന്‍ ബിസിനസ് ഇടപാടുകള്‍ നടത്തിക്കൊടുക്കുന്ന ജോലിയാണ് ഇപ്പോള്‍ ഈ നാല്‍‌പ്പത്തിയൊന്നുകാരിക്ക്.

കഴിഞ്ഞ മാര്‍ച്ചില്‍ ബിസിനസ്‌ ചേംബറായ ഫിക്കി സംഘടിപ്പിച്ച ട്വന്റി20 മല്‍സരത്തിനിടെ ശശി തരൂരിന്റെ ഒരു ഷോട്ടിനെ കൈയടിച്ച് പ്രോല്‍സാഹിപ്പിച്ച സുനന്ദയുടെ ചിത്രം മാധ്യമങ്ങളില്‍ വരികയുണ്ടായി. രണ്ടുമാസം മുമ്പ്‌ ഡല്‍ഹിയില്‍ കോണ്‍ഗ്രസ്‌ നേതാവ്‌ ജിതിന്‍ പ്രസാദയുടെ വിവാഹച്ചടങ്ങില്‍ പ്രത്യക്ഷപ്പെട്ടപ്പോഴാണ് സുനന്ദ ശരിക്കും മാധ്യമശ്രദ്ധ നേടിയെടുത്തത്. ചുവപ്പുസാരിയും ബ്ലെസും ധരിച്ച് വളരെ ഗ്ലാമറസായി ശശി തരൂരിനൊപ്പം പ്രത്യക്ഷപ്പെട്ട ഈ കശ്മീര്‍ സുന്ദരിയെ ക്യാമറക്കണ്ണുകള്‍ ആര്‍ത്തിയോടെ ഒപ്പിയെടുക്കുകയായിരുന്നു.

കാശ്മീരി തന്നെയായ സഞ്ജയ് റെയ്ന ആയിരുന്നു സുനന്ദയുടെ ആദ്യ ഭര്‍ത്താവ്. റെയ്‌നയില്‍ നിന്ന് വിവാഹമോചനം നേടിയതിന് ശേഷം സമ്പന്നനായ വ്യവസായിയും മലയാളിയുമായ സുജിത് മേനോനെ ഈ കശ്മീരിപ്പെണ്ണ് വലയിലാക്കി. അഗ്നിശമന ഉപകരണങ്ങള്‍ ഉണ്ടാക്കുന്ന കമ്പനിയുടെ ഉടമയായിരുന്നു സുജിത്. സുജിത്‌ മേനോനൊപ്പം ദുബൈയിലായിരുന്നു സുനന്ദയുടെ താമസം.

ഇരുവരും ആഡംബരപൂര്‍ണമായ ജീവിതം നയിക്കുന്നതിനിടെ കൂടുതല്‍ ലാഭമുണ്ടാക്കാനായി സുജിത് ഒരു താരനിശ ദുബായില്‍ സംഘടിപ്പിച്ചു. താരനിശ കഴിഞ്ഞതോടെ സുജിത് പാപ്പരായി. ആരും സഹായിക്കാനില്ലാത്ത അവസ്ഥയില്‍ എത്തിയ സുജിത് കേരളത്തിലേക്ക് മടങ്ങുകയും പിന്നെ ദല്‍‌ഹിയില്‍ വച്ചുണ്ടായ വാഹനാപകടത്തില്‍ കൊല്ലപ്പെടുകയും ചെയ്തു. ഭര്‍ത്താവ് നാട്ടിലേക്ക് മടങ്ങിയതോടെ കാനഡയിലെ ടൊറൊന്റോയിലേക്ക് സുനന്ദ പറന്നു. സുനന്ദക്കും സുജിതിനും 13 വയസ്സുള്ള ഒരു മകനുണ്ട്‌.

കൊച്ചിയിലെ സ്മാര്‍ട്ട് സിറ്റിക്ക് വേണ്ടി ഭൂമി ഏറ്റെടുക്കാന്‍ 100 കോടി രൂപ നിക്ഷേപിച്ചിട്ടുള്ള ദുബായിലെ ടീകോം കമ്പനിയില്‍ ജോലി കിട്ടിയപ്പോള്‍ സുനന്ദ വീണ്ടും ദുബായില്‍ എത്തി. ടീകോമില്‍ സെയില്‍സ്‌ മാനേജരായാണ് ഇക്കഴിഞ്ഞ മാസം വരെ സുനന്ദ ജോലി നോക്കിയിരുന്നത്. ടീകോമില്‍ അഞ്ചാം ഗ്രേഡ്‌ മാനേജരായിരുന്നെങ്കിലും സുനന്ദയ്‌ക്ക് ഉന്നതരുമായി അടുത്ത ബന്ധമുണ്ടായിരുന്നു.

ടീകോമില്‍ നിന്ന് രാജിവച്ചതിന് ശേഷം സുനന്ദ ‘ബിസിനസ് ഇടപാടുകള്‍’ നടത്തിക്കൊടുക്കുന്ന കണ്‍‌സള്‍‌ട്ടന്റായി പ്രവര്‍ത്തിക്കുകയായിരുന്നു. കൊച്ചി ഐപിഎല്‍ ടീം ഉണ്ടാക്കിയെടുക്കാനും ചില ഇടപെടലുകള്‍ സുനന്ദ നടത്തിയിരുന്നു. ഇപ്പോള്‍ കാനഡയിലാണ് സ്‌ഥിരതാമസമെങ്കിലും ദുബായില്‍ സുനന്ദയ്ക്ക് ഒരു തിരുമ്മല്‍ കേന്ദ്രവും ഇന്‍ഫ്രാസ്ട്രക്ചര്‍ കമ്പനിയും ഉണ്ടെന്ന് പറയപ്പെടുന്നു.

തിരുവനന്തപുരത്ത് മല്‍സരിക്കുന്നതിനു മുമ്പുവരെ ശശി തരൂരിനും ദുബായ്‌ ബന്ധമുണ്ടായിരുന്നു. 2007-ല്‍ തരൂര്‍ അഫ്രാസ്‌ വെഞ്ചേഴ്‌സ് എന്ന സ്‌ഥാപനത്തിന്റെ ചെയര്‍മാനായിരുന്നു. തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതിനു തൊട്ടുമുമ്പാണ്‌ ഈ സ്‌ഥാനം രാജിവച്ചത്‌. ദുബായില്‍ വച്ചായിരിക്കണം തരൂരും സുനന്ദയും കൂട്ടുകാരായത്.

ടീകോം, ദുബായ്, കൊച്ചി, സുനന്ദ, ശശി തരൂര്‍ എന്നിങ്ങിനെയുള്ള കീവേഡുകളുടെ ബന്ധം ദുരൂഹമായതെന്തോ സൂചിപ്പിക്കുന്നുണ്ടോ? അതും, ഗള്‍ഫ്‌ രാജ്യങ്ങളുടെ ചുമതലയുള്ള വിദേശകാര്യ സഹമന്ത്രിയാണ് തരൂര്‍ എന്നിരിക്കെ? അതോ മൂന്നാം വിവാഹത്തിന് ഒരുങ്ങുന്ന രണ്ട് വ്യക്തികളുടെ സ്വകാര്യജീവിതത്തിലേക്കാണോ മാധ്യമങ്ങള്‍ എത്തിനോക്കുന്നത്? ഉത്തരം വരും‌നാളുകളില്‍ അറിയാം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :