ഐപിഎല്‍: കേരളത്തിന് എന്ത് നേട്ടം?

WEBDUNIA|
PRO
PRO
അങ്ങനെ വര്‍ഷങ്ങളോളം ആശിച്ച് ആഗ്രഹിച്ച് കാത്തിരുന്ന മലയാളിക്കും കിട്ടി ഐ പി എല്‍ ട്വന്റി-20 ടീം. കേന്ദ്രമന്ത്രി ശശി തരൂരും അല്‍‌പം ബിസിനസ് മേധാവികളും പണം വലിച്ചെറിഞ്ഞ് ഐ പി എല്‍ ടീം നേടിയപ്പോള്‍ ഉത്സവപറമ്പില്‍ നിന്ന് ബലൂണ്‍ വാങ്ങിയ കുട്ടിയുടെ ആഹ്ലാദമായിരുന്നു മലയാളിക്ക്. മാധ്യമങ്ങളും ക്രിക്കറ്റ് ആരാധകരും ആവേശത്തോടെ സ്വീകരിച്ച ഐ പി എല്‍ ടീമിന്റെ കയ്യും കാലും വളരുന്നതിന് നോക്കിയിരിപ്പാണ് ഇപ്പോള് എല്ലാവരും‍. ആരൊക്കെയെ ടീമില്‍ എടുക്കണം, ആരാകണം അംബാസഡര്‍, കളിക്കളങ്ങള്‍ എവിടെ അങ്ങനെ ഒരു നൂറായിരം വാര്‍ത്തകളുമായാണ് ഓരോ ദിനവും മാധ്യമങ്ങള്‍ പുറത്തിറങ്ങുന്നത്.

ഇന്ത്യന്‍ പ്രീമിയര്‍ലീഗിന്റെ ആവേശക്കാഴ്ചകളില്‍ കേരളവും പങ്കാളികളാകുന്നുവെന്നത്‌ ഏറെ സന്തോഷകരമാണെന്ന് മന്ത്രിമാര്‍ പോലും അറിയിച്ചു കഴിഞ്ഞു‌. ഇനി അച്ചുമാമനും മറ്റു മന്ത്രിമാരുമൊക്കെ ആഗോള ചാനലുകളില്‍ നിറഞ്ഞു നില്‍ക്കും. ഓരോ മത്സരത്തിന്റെയും സമ്മാനദാന ചടങ്ങില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രിയെ വിളിക്കും. അങ്ങനെ കേരളവും പ്രസിദ്ധിയുടെ നെറുകയിലേക്ക് കടന്നുകയറും.

1533.32 കോടിക്ക്‌ റണ്‍‌ഡേവു സ്പോര്‍ട്സ്‌ വേള്‍ഡ്‌ നേതൃത്വം നല്‍കുന്ന കണ്‍സോര്‍ഷ്യമാണ്‌ ചെന്നൈ അഡയാര്‍ ഷെറാട്ടണില്‍ നടന്ന ഐ പി എല്‍ ലേലത്തില്‍ കേരളത്തിനു വേണ്ടി പകിടയെറിഞ്ഞത്‌. കുട്ടി ക്രിക്കറ്റ് എന്ന വിനോദ വ്യവസായ സാമ്രാജ്യം ലളിത് മോഡി വെട്ടിപ്പിടിച്ചിട്ട്‌ മൂന്നുവര്‍ഷം വിജയകരമായി പൂര്‍ത്തിയായിരിക്കുന്നു. എവിടെയും വിജയം മാത്രം, ലാഭത്തിന്റെ ചിരി മാത്രം.

1998ല്‍ കൊച്ചിയില്‍ ആദ്യമായി അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരം നടന്നപ്പോള്‍ ഗ്യാലറിയില്‍ സൂചി കുത്താന്‍ പോലും ഇടമില്ലായിരുന്നു. കേരളത്തിന്റെ കായിക ചരിത്രത്തില്‍ ആദ്യമായാണ് ഒരു മത്സരത്തില്‍ നിന്ന് ഇത്രയും വലിയ തുക ലഭിച്ചത്. ഇതെല്ലാം മുന്നില്‍ കണ്ടാണ് സംവിധായകന്‍ പ്രിയദര്‍ശനും നടന്‍ മോഹന്‍ലാലും ഐ പി എല്‍ ടീം വാങ്ങാന്‍ ഇറങ്ങിത്തിരിച്ചത്. എന്നാല്‍, കാശ് തികയാതെ വന്നതോടെ സ്വപ്നം ബാക്കി വച്ച് മടങ്ങുകയായിരുന്നു.

എങ്കിലും മലയാളി ക്രിക്കറ്റ് ആരാധകരുടെ വിളി കേള്‍ക്കാന്‍ ഒരു കൂട്ടം ബിസിനസ് ദൈവങ്ങള്‍ എവിടെ നിന്നോക്കൊയോ എത്തുകയായിരുന്നു. ഇവരെ തെളിക്കാന്‍ സാക്ഷാല്‍ മന്ത്രി ‘ട്വിറ്റര്‍’ തരൂര്‍ കൂടിയെത്തിയതോടെ അതു സഫലമായി. വിവേക്‌ വേണുഗോപാല്‍ എന്ന ഗള്‍ഫ്‌ മലയാളിയോടും ശൈലേന്ദ്ര ഗേയ്ക്‌വാദിന്റെ റണ്‍ഡേവു സ്പോര്‍ട്സിനോടും എത്ര നന്ദി പറഞ്ഞാലും മതിയാകില്ല.

കേരളത്തിന് മാത്രമായി ടീം ലഭിച്ചതോടെ ദേശീയ ടീമിലേക്ക് അവസരം ലഭിക്കാതെ കഴിഞ്ഞിരുന്ന നിരവധി താരങ്ങള്‍ക്ക് ഇതൊരു അവസരമായി മാറും. ലോകോത്തര താരങ്ങളോടൊപ്പം കളിക്കാന്‍ കേരളതാരങ്ങള്‍ക്ക് അവസരം ലഭിക്കും. മികച്ച പ്രകടനം പുറത്തെടുക്കാനായാല്‍ ദേശീയ ടീമില്‍ ഇടം നേടുകയും ചെയ്യാം. അടുത്ത ഐ പി എല്‍ ടൂര്‍ണമെന്റ് കഴിയുന്നതോടെ കേരളത്തില്‍ നിന്ന് നിരവധി താരങ്ങള്‍ ദേശീയ ടീമില്‍ എത്തുമെന്ന പ്രതീക്ഷയിലാണ് ക്രിക്കറ്റ് ആരാധകര്‍.

അതേസമയം, സാമ്പത്തികപരമായും ഭൂമിശാസ്ത്രപരമായും പിന്നിലുള്ള കേരളത്തിന് മത്സരിക്കേണ്ടത് മുകേഷ്‌ അംബാനി, ഷാറൂഖ്ഖാന്‍, വിജയ്‌ മല്യ, സഹാറ ഗ്രൂപ്പ് എന്നിവരോടാണ്. കായിക വികസനത്തിന്‌ പണമില്ലെന്ന്‌ പരിതപിക്കുന്ന കേരളത്തിന് ഐ പി എല്‍ നല്‍കുന്നത് പുത്തന്‍ പ്രതീക്ഷകളാണ്.

അടുത്ത പേജില്‍ വായിക്കുക- മലയാളിക്ക് ഇനി കാല്‍‌പന്തു കളിയില്ല...ക്രിക്കറ്റ് മാത്രം....


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :