ബിഗ്‌ബിക്കെതിരെ സിപി‌എം വാളുയര്‍ത്തണോ?

ബഷീര്‍ അത്തോളി

WEBDUNIA|
IFM
ഇന്ത്യയൊട്ടുക്കും ആരാധിക്കപ്പെടുന്ന അമിതാഭ് ബച്ചനെന്ന നടനെ സംസ്ഥാന ടൂറിസത്തിന്‍റെ ബ്രാന്‍ഡ് അംബാസഡര്‍ ആക്കേണ്ടെന്ന് സിപി‌എം നിര്‍ദ്ദേശിച്ചിരിക്കുന്നു. വാസ്തവത്തില്‍ സിപി‌എമ്മിന് ഇക്കാര്യത്തില്‍ ഇങ്ങനൊരു നിര്‍ദ്ദേശം നല്‍കാന്‍ ധാര്‍മ്മിക അവകാശമെന്തെന്ന മറുചോദ്യമാണ് ഉയരുന്നത്. നരേന്ദ്രമോഡി ഭരിക്കുന്ന ഗുജറാത്തിന്‍റെ ബ്രാന്‍ഡ് അം‌ബാസഡര്‍ ആണ് ബച്ചനെന്നതാണ് സിപി‌എം എതിര്‍പ്പിന് കാരണമായി ചൂണ്ടിക്കാണിക്കുന്നത്. എന്നാല്‍ പാര്‍ട്ടിക്ക് വേണ്ടപ്പെട്ട വ്യക്തികള്‍ക്ക് തെറ്റുപറ്റിയാല്‍ കണ്ണടയ്ക്കുകയും പാര്‍ട്ടിക്ക് ഉപകാരമുണ്ടാകുന്ന കാര്യങ്ങള്‍ സംഘടനാ വിരുദ്ധമാണെങ്കില്‍ കൂടി മൌനം പാലിക്കുകയും ചെറിയ കാര്യങ്ങളില്‍ ആദര്‍ശങ്ങള്‍ പെരുപ്പിച്ചുകാണിക്കുകയും ചെയ്യുന്ന സിപി‌എമ്മിന്‍റെ സമീപകാലനയം തന്നെയാണ് ഇവിടെയും പുറത്തുവരുന്നത്.

സിപി‌എമ്മിന്‍റെ കണ്ണില്‍ ഗുജറാത്ത് മുഖ്യമന്ത്രിയായ നരേന്ദ്ര മോഡി ഒരു വര്‍ഗീയവാദിയാണ്. വര്‍ഗീയവാദിയായ മോഡി ഭരിക്കുന്ന സംസ്ഥാനത്തിന്‍റെ ബ്രാന്‍ഡ് അംബാസഡര്‍ ആയി എന്നതാണ് ബച്ചനില്‍ ചുമത്തപ്പെടുന്ന ന്യൂനത. എന്നാല്‍ മോഡിയോളം തന്നെ വര്‍ഗീയവാദിയായി സിപി‌എം തന്നെ പല ഘട്ടത്തിലും ചിത്രീകരിച്ചിട്ടുള്ള പിഡിപി നേതാവ് അബ്ദുള്‍നാസര്‍ മദനിയുമായി പരസ്യമായി വേദി പങ്കിട്ട പിണറായി വിജയനെതിരെ സിപി‌എം എന്തുകൊണ്ട് നടപടിയെടുക്കുന്നില്ല? പല ഘട്ടത്തിലും പരസ്യമായി ഉയര്‍ന്ന ഈ ആരോപണം പാര്‍ട്ടിയുടെ കേന്ദ്രനേതാക്കള്‍ തന്നെ കണ്ടില്ലെന്ന് നടിക്കുകയായിരുന്നു. മദനിയുമായി നടത്തിയ ചരിത്രപ്രസിദ്ധമായ വേദിപങ്കിടല്‍ തെറ്റായിപ്പോയെന്ന് പരസ്യമായി അംഗീകരിക്കുമ്പോള്‍ പോലും പിണറായി വിജയനെതിരെ നടപടി ആവശ്യപ്പെടാന്‍ ഒറ്റ കേന്ദ്രനേതാക്കളുടെയും നാവ് പൊന്തിയിട്ടില്ല.

അതേ സിപി‌എം നേതാക്കളാണ് ബച്ചനെതിരെ ഇപ്പോള്‍ കലി തുള്ളുന്നത്. ഉള്ളില്‍ രാഷ്ട്രീയമുണ്ടെങ്കിലും അത് മറന്ന് ഒരു ഇന്ത്യാക്കാരന്‍ എന്ന നിലയിലാണ് ബച്ചന്‍റെ പ്രവര്‍ത്തനങ്ങള്‍ ഇന്നുവരെ ഉണ്ടായിട്ടുള്ളത്. കോണ്‍ഗ്രസ് ടിക്കറ്റില്‍ ബച്ചന്‍ പാര്‍ലമെന്‍റിലേക്ക് മത്സരിച്ചിട്ടുണ്ട്. എന്നാല്‍ ഇന്ന് അമിതാഭ് ബച്ചനെ ഒരു ചടങ്ങിന് വിളിക്കുന്നത് ഒരു കോണ്‍ഗ്രസുകാരനായിട്ടാണോ? മുന്‍ കോണ്‍ഗ്രസ് എം‌പി എന്ന നിലയ്ക്കാണോ? ഒരിക്കലുമല്ല, ഇന്ത്യ ആരാധിക്കുന്ന ഒരു നടനായിട്ടാണ് അദ്ദേഹം എല്ലായിടത്തും അറിയപ്പെടുന്നതും ആദരിക്കപ്പെടുന്നതും. രാഷ്ട്രീയം കുത്തിനിറച്ചുള്ള പ്രവര്‍ത്തികള്‍ ബച്ചനില്‍ നിന്നും ഉണ്ടായിട്ടുമില്ല. മുംബൈ ഭീകരാക്രമണം ഉള്‍പ്പെടെ രാജ്യത്തെ പൊതുവായി ബാധിക്കുന്ന പല സംഭവങ്ങളിലും ബച്ചന്‍റെ പക്വതയോടെയുള്ള പ്രതികരണങ്ങളും പ്രവര്‍ത്തനങ്ങളും നാം കണ്ടിട്ടുള്ളതാണ്. അങ്ങനെയുള്ള ഒരു വ്യക്തിയെ ആണ് മോഡി ഭരിക്കുന്ന സംസ്ഥാ‍നത്തിന്‍റെ ബ്രാന്‍ഡ് അംബാസഡര്‍ ആയി എന്നതിന്‍റെ പേരില്‍ സിപി‌എം എതിര്‍ക്കുന്നത്.

ബച്ചന്‍ കുടുംബവുമാ‍യി ഏറെ അടുപ്പമുള്ള വ്യക്തിയാണ് എസ്പി നേതാവ് മുലായം സിംഗിന്‍റെ വലം കയ്യായിരുന്ന അമര്‍ സിംഗ്. അടുത്തിടെ അമര്‍ സിംഗ് പാര്‍ട്ടി വിട്ടപ്പോള്‍ രാജ്യസഭാംഗം കൂടിയായ ബച്ചന്‍റെ ഭാര്യ ജയബച്ചനും അമര്‍സിംഗിനൊപ്പം പാര്‍ട്ടി വിട്ടിരുന്നു. ഈ ഘട്ടത്തില്‍ തന്നെ ബച്ചന്‍ മോഡിയുമായി സഹകരിക്കാന്‍ തീരുമാനിച്ചത് ഭാര്യയുടെ രാഷ്ട്രീയ ഭാവിക്ക് വേണ്ടി ബിജെപി‌യിലേക്കുള്ള കുടിയേറ്റമായി വരെ രാഷ്ട്രീയക്കാര്‍ വിശേഷിപ്പിച്ചിരുന്നു. എന്നാല്‍ താന്‍ ഗുജറാത്ത് എന്ന സംസ്ഥാനത്തിന്‍റെ ബ്രാന്‍ഡ് അംബാസഡര്‍ ആണെന്നും മോഡി എന്ന വ്യക്തിക്കല്ല ഇവിടെ സ്ഥാനമെന്നും ആയിരുന്നു ബച്ചന്‍റെ പ്രതികരണം.

അടുത്തിടെ മലയാളത്തിലെ ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ഇത് സംബന്ധിച്ച ബച്ചന്‍റെ മറുപടിയാണ് അദ്ദേഹത്തെ കേരളത്തിന്‍റെ ടൂറിസം ബ്രാന്‍ഡ് അംബാസഡര്‍ ആയി ക്ഷണിക്കുന്നതില്‍ വരെയെത്തിയതും. ഗുജറാത്ത് സര്‍ക്കാര്‍ ക്ഷണിച്ചതുകൊണ്ടാണ് ബ്രാന്‍ഡ് അംബാസഡര്‍ ആയതെന്നും മോഡിയുടെ നയങ്ങളെ അനുകൂലിക്കുന്നുവെന്ന് അതുകൊണ്ട് അര്‍ത്ഥമില്ലെന്നും കേരളത്തിന്‍റെ ബ്രാന്‍ഡ് അംബാസഡര്‍ ആകാന്‍ ഇതുവരെ ക്ഷണിച്ചിട്ടില്ലെന്നും ക്ഷണിച്ചാല്‍ താന്‍ ഇക്കാര്യവും ആലോചിക്കുമെന്നായിരുന്നു ബച്ചന്‍റെ പ്രതികരണം. തുടര്‍ന്നാണ് വിനോദ സഞ്ചാരവകുപ്പ് ബച്ചന് ക്ഷണക്കത്ത് അയച്ചത്.
IFM


ആഗോളതലത്തില്‍ തന്നെ ഏറെ പ്രശസ്തനായ വ്യക്തിയാണ് അമിതാഭ് ബച്ചന്‍. അങ്ങനെയുള്ള ഒരാളെ നമ്മുടെ വിനോദസഞ്ചാര മേഖലയ്ക്ക് ബ്രാന്‍‌ഡ് അംബാസഡര്‍ ആയി ലഭിക്കുന്നത് ഏറെ ഗുണകരമായ കാര്യമാണ്. വിദേശ വിനോദ സഞ്ചാരികളെക്കാള്‍ നമ്മുടെ സംസ്ഥാനത്ത് എത്തുന്ന ഉത്തരേന്ത്യക്കാരായ ആഭ്യന്തര വിനോദ സഞ്ചാരികളുടെ എണ്ണവും അനുദിനം വര്‍ദ്ധിച്ചുവരികയാണ്. ബച്ചന്‍റെ സാന്നിധ്യം ആഭ്യന്തര വിനോദ സഞ്ചാരമേഖലയിലും സംസ്ഥാനത്തിന്‍റെ പ്രതിച്ഛായ മെച്ചപ്പെടുത്താന്‍ ഏറെ സഹായകരമായേനെ. ഒരു സംസ്ഥാനത്തെ മൊത്തം ബാധിക്കുന്ന കാര്യത്തിലാണ് സംഘടനാപരമായ അഭിപ്രായവ്യത്യസത്തില്‍ സിപി‌എം നേതാക്കള്‍ വഴിമുടക്കികളായി എത്തിയത്.

കുത്തക മുതലാളിമാര്‍ക്കെതിരായ പാര്‍ട്ടിയെന്ന് ഇരുപത്തിനാലു മണിക്കൂറും ഉരുവിടുന്ന സിപി‌എം ആണ് ലോട്ടറി രാജാവ് സാന്‍റിയാഗോ മാര്‍ട്ടിനില്‍ നിന്ന് പാര്‍ട്ടി പത്രം വളര്‍ത്താന്‍ രണ്ട് കോടി രൂപ ബോണ്ടായി കൈപ്പറ്റിയത്. അടുത്തിടെ നടന്ന നായനാര്‍ കപ്പ് ഫുട്ബോള്‍ ടൂര്‍ണ്ണമെന്‍റിലെ കിംഗ് ഫിഷര്‍ ബിയര്‍ കമ്പനിയുടെ സ്പോണ്‍സര്‍ഷിപ്പിനെക്കുറിച്ചും പാര്‍ട്ടിക്ക് മിണ്ടാട്ടമില്ലായിരുന്നു. സംസ്ഥാനത്തിന്‍റെ വികസനകാര്യങ്ങളില്‍ മുടന്തന്‍ ന്യായങ്ങള്‍ പറഞ്ഞ് ഇടങ്കോലിടുന്ന സിപിഎം ബാലിശമായ രാഷ്ട്രീയക്കളിയാണ് ഇപ്പോള്‍ നടത്തുന്നതെന്ന് മനസിലാക്കാന്‍ ക്യൂബ വരെയൊന്നും പോകേണ്ടതില്ല. പൊടിയിടാന്‍ ശ്രമിക്കുന്നത് ജനങ്ങളുടെ കണ്ണുകളിലാണെന്ന ഓര്‍മ്മ പോലും നഷ്ടപ്പെട്ട അവസ്ഥയിലാണ് വിപ്ലവപ്പാര്‍ട്ടിയെന്ന് പറയാതെ വയ്യ.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :