നിത്യാനന്ദനെ പോസ്റ്റുമോര്‍ട്ടം ചെയ്യുന്ന മാധ്യമങ്ങള്‍!

ജോണ്‍ കെ ഏലിയാസ്

Nithyananda
WEBDUNIA|
PRO
PRO
എന്തെങ്കിലും സംഭവിക്കുമ്പോഴാണ് മാധ്യമങ്ങള്‍ പോസ്റ്റുമോര്‍ട്ടം ആരംഭിക്കുന്നത്. കഴിഞ്ഞ വര്‍ഷങ്ങളില്‍, സ്വാമികളെ പറ്റി പുകഴ്ത്തിപ്പാടാത്ത മാധ്യമങ്ങള്‍ ചുരുക്കമാണ്. ‘ലൈംഗികകേളി’ വിവാദത്തില്‍ പെട്ട് നിത്യാനന്ദ സ്വാമികള്‍ ‘നിന്ദ്യാനന്ദ’നായതോടെ നമ്മുടെ മാധ്യമങ്ങളുടെ സ്വഭാവം മാറി. ഇപ്പോള്‍ നിത്യാനന്ദയുടെ ഭൂതകാലത്തെ പറ്റിയുള്ള പോസ്റ്റുമോര്‍ട്ടങ്ങളാണ് മാധ്യമങ്ങളില്‍ നടക്കുന്നത്. ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിയെ അനുഗ്രഹിച്ചുകൊണ്ട് നില്‍ക്കുന്ന നിത്യാനന്ദ സ്വാമികളുടെ ചിത്രം ഇന്ത്യന്‍ എക്സ്‌പ്രസ് പ്രസിദ്ധീകരിച്ചത് വായനക്കാര്‍ ഓര്‍ക്കുന്നുണ്ടാകണം.

തമിഴ് മാധ്യമങ്ങളും ‘നിത്യാനന്ദ പോസ്റ്റുമോര്‍ട്ടം’ തുടങ്ങിക്കഴിഞ്ഞു. നിത്യാനന്ദ സ്വാമികള്‍ രചിച്ച ‘ജീവന്‍ മുക്തി’ എന്ന ആത്മീയഗ്രന്ഥത്തിന്റെ പ്രകാശനച്ചടങ്ങില്‍ സംബന്ധിച്ച് തമിഴ് താരങ്ങള്‍ സ്വാമി തിരുവടികളെ പാടിപ്പുകഴ്ത്തിയ പഴയ സംഭവമാണ് ഇപ്പോള്‍ തമിഴ് മാധ്യമങ്ങളില്‍ ഇടം പിടിച്ചിരിക്കുന്നത്. തമിഴ് താരസംഘടനയുടെ പ്രസിഡന്റ് ശരത്‌കുമാര്‍ തൊട്ട് കോമഡി നടന്‍ വിവേക് വരെയുള്ളവരാണ് നിത്യാനന്ദ സ്വാമികളെ ‘ലോകരക്ഷകന്‍’, ‘ദൈവത്തിന്റെ അവതാരം’ എന്നൊക്കെ വിശേഷിപ്പിച്ചത്.

പ്രകാശനച്ചടങ്ങില്‍ സംബന്ധിച്ച് പ്രമുഖര്‍ നടത്തിയ പുകഴ്ത്തുപാട്ടില്‍ നിന്ന് രസകരമായ ചിലത് താഴെ ഉദ്ധരിച്ചിരിക്കുന്നു. നിത്യാനന്ദന്റെ ഇപ്പോഴത്തെ അവസ്ഥയെ പറ്റി ആലോചിക്കുമ്പോള്‍ ചെറിയൊരു ചിരി പടര്‍ത്താന്‍ ഈ ഉദ്ധരണികള്‍ക്കാകും.

“നിത്യാനന്ദ സ്വാമികള്‍ വെറുമൊരു മനുഷ്യനല്ല. ആത്മീയ തേജസാണ്. മനുഷ്യകുലത്തിന് ഈശ്വരന്‍ നല്‍‌കിയ പരമഗുരുവാണ് നിത്യാനന്ദ സ്വാമികള്‍. ഇത്രയും ജ്ഞാനവും ആത്മീയശക്തിയുമുള്ള ഗുരുക്കളെ ഭാരതത്തിന് ഇതുവരെ ലഭിച്ചിട്ടില്ല” - ശരത്‌കുമാര്‍

“ഹിന്ദുക്കള്‍ക്ക് ഭഗവദ്‌ഗീത, മുസ്ലീങ്ങള്‍ക്ക് ഖുറാന്‍, ക്രിസ്ത്യാനികള്‍ക്ക് ബൈബിള്‍. എന്നാല്‍ മനുഷ്യകുലത്തിന് മുഴുവനായിട്ടുള്ള പുസ്തകമാണ് നിത്യാനന്ദ സ്വാമികള്‍ രചിച്ചിരിക്കുന്ന ‘ജീവന്‍ മുക്തി’ എന്ന പുസ്തകം!” - നടന്‍ വിജയ്‌യിന്റെ അച്ഛന്‍ എസ്‌എ ചന്ദ്രശേഖരന്‍

“മുപ്പതാമത്തെ വയസിലാണ് മുഖ്യമന്ത്രി കരുണാനിധി ‘പരാശക്തി’ എന്ന സിനിമയ്ക്ക് തിരക്കഥ എഴുതിയത്. എന്നാല്‍ ഇവിടെ പരാശക്തി (നിത്യാനന്ദ) തന്നെ 30 പുസ്തകങ്ങള്‍ എഴുതിയിരിക്കുന്നു. ‘മനസ് തുറന്നാല്‍ സന്തോഷം വരും’ എന്ന് ലോകത്തിന് പഠിപ്പിച്ചയാളാണ് എന്റെ ഗുരു നിത്യാനന്ദ സ്വാമികള്‍. ഇതിനേക്കാള്‍ വലിയ തത്വം വേറെയാര്‍ക്കെങ്കിലും പകര്‍ന്നുതരാനാകുമോ?” - കോമഡി നടന്‍ വിവേക്

“മനുഷ്യകുലത്തിന് പ്രകാശം പകരുന്ന ആത്മീയസൂര്യനാണ് നിത്യാനന്ദ സ്വാമികള്‍. ഈ പുസ്തകത്തില്‍ ഇല്ലാത്ത വിഷയങ്ങള്‍ ഒന്നുമില്ല. ഈയൊരു പുസ്തകം വാങ്ങിയാല്‍ മതി, ഒരു ലൈബ്രറി തന്നെ നിങ്ങളുടെ വീട്ടിലേക്ക് എത്തുകയായി” - നടന്‍ പാര്‍ത്ഥിപന്‍.

ഇവരോടൊപ്പം നടി മനോരമ, ബാലുമഹേന്ദ്ര തുടങ്ങിയ വേറെയും പല പ്രമുഖരും നിന്തിരുവടികളെ വാഴ്ത്താനായി ഉണ്ടായിരുന്നു. ദൈവത്തിന്റെ അവതാരമെന്നാണ് മനോരമ വച്ചുതാങ്ങിയത്.

ആളുകളെ ആത്മീയലോകത്തിലേക്ക് കൈപിടിച്ച് ഉയര്‍ത്താനായി നിന്തിരുവടികള്‍ രചിച്ച ‘ജീവന്‍ മുക്തി’ എന്ന പുസ്തകത്തിന് 500 രൂപയാണ് ആദ്യമിട്ടിരുന്ന വില. എണ്ണൂറ് പേജുകള്‍ ഇതിലുണ്ട്. ലക്ഷക്കണക്കിന് കോപ്പികള്‍ വിറ്റുപോയതൊടെ വില മുന്നൂറ് രൂപയായും പിന്നെ 150 രൂപയായും കുറച്ചു.

സ്വാമിയുടെ ലീലകള്‍ പുറത്തുവന്നതിന്റെ പിറ്റേദിവസം നഗരത്തിലെ സ്ഥാപിച്ചിട്ടുള്ള ഡസ്റ്റ് ബിന്നുകളില്‍ നിന്ന് ‘ജീവന്‍ മുക്തി’യുടെ നൂറുകണക്കിന് കോപ്പികള്‍ പലയിടത്തുനിന്നായി ലഭിച്ചെന്ന് ചപ്പുചവറുകള്‍ ശേഖരിക്കുന്നവര്‍ പറഞ്ഞതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

അതിന് പുറമെ, ശരത്‌കുമാര്‍ എഡിറ്ററും പ്രസാധകനുമായ ‘മീഡിയ വോയ്‌സ്’ എന്ന മാഗസിനില്‍ ആത്മീയ പംക്തി കൈകാര്യം ചെയ്തുവരുന്നതും പൂജ്യനീയ സ്വാമി നിത്യാനന്ദയാണെന്ന് മാധ്യമങ്ങളുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടുകളില്‍ പറയുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :