മമ്മൂട്ടിക്കെതിരെ അമ്മയില്‍ പ്രതിഷേധം

ജോണ്‍ കെ ഏലിയാസ്

Mammootty
WEBDUNIA|
PRO
PRO
പോക്കിരിരാജ സിനിമയുടെ ലൊക്കേഷനില്‍ വച്ച് മാധ്യമങ്ങള്‍ക്ക് അനുവദിച്ച അഭിമുഖത്തില്‍ അമ്മയുടെ അഭിപ്രായമെന്ന തരത്തില്‍ സ്വന്തം അഭിപ്രായമാണ് മമ്മൂട്ടി പറഞ്ഞതെന്ന് അമ്മയില്‍ മുറുമുറുപ്പ്. അമ്മയിനി തിലകന്‍ വിഷയത്തില്‍ ഒരു വിവാദത്തിനില്ല എന്ന് പ്രസ് മീറ്റില്‍ വച്ച് മമ്മൂട്ടി വ്യക്തമാക്കിയിരുന്നു. എന്നാല്‍ അമ്മയുടെ വെറും എക്സിക്യൂട്ടീവ് അംഗമായ മമ്മൂട്ടിക്കെങ്ങിനെ അമ്മയെ പ്രതിനിധീകരിക്കാന്‍ കഴിയുമെന്നാണ് അമ്മയിലെ ഒരു വിഭാഗം അംഗങ്ങള്‍ ചോദിക്കുന്നത്.

തിലകന്‍ വിവാദത്തില്‍ പങ്കെടുത്ത് മമ്മൂട്ടിക്ക് മുഴുവന്‍ പിന്തുണയും നല്‍‌കിയ മോഹന്‍‌ലാല്‍ അടക്കമുള്ള താരങ്ങളെ കൊച്ചാക്കുന്ന തരത്തിലാണ് മമ്മൂട്ടി പ്രസ് മീറ്റില്‍ സംസാരിച്ചതെന്നും ആരോപണമുണ്ട്. തിലകനെയും അഴീക്കോടിനെയും നഖശിഖാന്തം എതിര്‍ത്തതിനാല്‍ വിമര്‍ശനശരങ്ങള്‍ ഏറ്റുവാങ്ങുകയായിരുന്നു ഇന്നസെന്റും മോഹന്‍‌ലാലും അടക്കമുള്ള പല താരങ്ങളും. ഇന്നസെന്റിന് ‘വിഡ്ഡി’ എന്ന പേരാണ് ലഭിച്ചതെങ്കില്‍ മോഹന്‍‌ലാലിന് കിട്ടിയത് ‘കഴുത’ എന്നാണ്.

മമ്മൂട്ടിയുടെ പ്രസ് മീറ്റ് കഴിഞ്ഞതോടെ ‘സംസ്കാരസമ്പന്നതയുടെ സ്വര’മാണ് താന്‍ കേട്ടതെന്ന് സുകുമാര്‍ അഴീക്കോട് പ്രസ്താവിക്കുകയുണ്ടായി. ഇതിന് കാരണം, പ്രസ് മീറ്റിലുടനീളം അഴീക്കോടിനോടും തിലകനോടും മമ്മൂട്ടി പുലര്‍ത്തിയ മൃദുസമീപനമാണെന്ന് അമ്മയിലെ ഒരുപക്ഷം അഭിപ്രായപ്പെടുന്നു. ചുരുക്കത്തില്‍, തനിക്ക് വേണ്ടി തിലകനോടും സുകുമാര്‍ അഴീക്കോടിനോടും കയര്‍ത്തുസംസാരിച്ച മോഹന്‍‌ലാലിനെ പോലുള്ള താരങ്ങളെ ബലിയാടാക്കുകയാണ് മമ്മൂട്ടി ചെയ്തത് എന്നാണ് ആരോപണം.

“തിലകന്‍ ചേട്ടന്‍” എന്നും “സുകുമാര്‍ അഴീക്കോട് മാഷ്” എന്നും ബഹുമാനപൂര്‍‌വം സംബോധനചെയ്തുകൊണ്ടാണ് മമ്മൂട്ടി സംസാരിച്ചത്. മറ്റുള്ളവരെക്കൊണ്ട് ‘തെറി’ പറയിപ്പിച്ച്, താന്‍ തലോടിക്കൊടുക്കുന്നത് ‘വെടക്കാക്കി തനിക്കാക്കുന്നത് പോലെയുള്ള പരിപാടി’യാണെന്ന് പിന്നാമ്പുറ സംസാരം ഉയരുന്നുണ്ട്.

അമ്മയുടെ അഭിപ്രായം സിനിമയുടെ ലൊക്കേഷനില്‍ ഇരുന്ന് വിളിച്ചുപറയേണ്ടതാണോ എന്നും ചോദ്യമുണ്ട്. പ്രസ് മീറ്റിലുടനീളം പൃഥ്വിരാജും മമ്മൂട്ടിയുടെ കൂടെ ഇരുന്നിരുന്നു. എന്നാല്‍ ഒരക്ഷരം പോലും പൃഥ്വിരാജിനെക്കൊണ്ട് സംസാരിപ്പിച്ചില്ല. നോക്കുകുത്തിയെപ്പോലെ മമ്മൂട്ടിയുടെ ഇടത് ഭാഗത്ത് പൃഥ്വിരാജിനെ ഇരുത്തിയതിന് എതിരെയും വിമര്‍ശനമുയരുന്നുണ്ട്. എന്തായാലും, ഏറെ ശ്രദ്ധയോടെ മമ്മൂട്ടി നടത്തിയ പ്രസ് മീറ്റ് മമ്മൂട്ടിയെ തന്നെ തിരിഞ്ഞുകൊത്തുകയാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :