മായാബസാര്‍ പൊളിച്ചടുക്കിയത് മമ്മൂട്ടി!

Mammootty
WEBDUNIA|
PRO
PRO
തോമസ് സബാസ്റ്റിയന്‍ സംവിധാനം ചെയ്ത ‘മായാബസാര്‍’ എന്ന മമ്മൂട്ടിയുടെ ദയനീയ പരാജയ സിനിമകളില്‍ ഒന്നായിരുന്നു. സിനിമ പൊളിഞ്ഞപ്പോള്‍ സം‌വിധായകനെയും തിരക്കഥാകൃത്തിനെയും കുറ്റം പറഞ്ഞ വിമര്‍ശകര്‍ സത്യം കണ്ടില്ലെന്ന് തോമസ് സബാസ്റ്റിയന്റെ സുഹൃത്തായ കെപി വിജയകുമാര്‍ പറയുന്നു. സിനിമയുടെ പരാജയത്തിന് മമ്മൂട്ടിയാണ് കാരണമെന്നാണ് തേജസ് ദിനപത്രത്തില്‍ വിജയകുമാര്‍ എഴുതിയ ലേഖനത്തില്‍ പറയുന്നത്. ലേഖനത്തില്‍ നിന്നുള്ള പ്രസക്തഭാഗങ്ങളിതാ -

“നിരവധി വര്‍ഷത്തെ ശ്രമഫലമായാണ്‌ ഈ ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ഒരു ചെറുപ്പക്കാരന്‍ തയ്യാറാക്കിയത്‌. പ്രൊജക്റ്റ്‌ ഇഷ്ടപ്പെട്ട്‌ സൂപ്പര്‍ സ്റ്റാര്‍ മമ്മൂട്ടി അഡ്വാന്‍സ്‌ വാങ്ങി ഇതില്‍ അഭിനയിക്കാന്‍ കരാറില്‍ ഒപ്പിട്ടു. വ്യവസ്ഥയനുസരിച്ചുള്ള തിയ്യതികളൊക്കെ അനിശ്ചിതമായി നീണ്ടുപോയി. ഒടുവില്‍ എം പത്മകുമാര്‍ സംവിധാനം ചെയ്ത പരുന്ത്‌ സിനിമയ്ക്കുശേഷം മമ്മൂട്ടി ചിത്രത്തിലഭിനയിക്കാന്‍ സര്‍വസന്നാഹങ്ങളുമായി രംഗത്തെത്തി.”

“അപ്പോഴാണു മമ്മൂട്ടിക്ക് തിരക്കഥ ബോധിക്കാത്തത്‌. ടി എ റസാക്കിനെക്കൊണ്ടു തിരക്കഥ എഴുതിപ്പിക്കണമെന്നു നിര്‍ബന്ധം; പതിനൊന്നാം മണിക്കൂറില്‍? അങ്ങനെ സിനിമയില്‍നിന്നു തിരക്കഥാകൃത്ത്‌ ഔട്ട്‌. പിന്നെ അഭിനേതാക്കളെയും സാങ്കേതികവിദഗ്ധരെയും താന്‍ പറയുന്നവരെയൊക്കെ വയ്ക്കണം.”

“നേരത്തേതന്നെ ലക്ഷങ്ങള്‍ മുടക്കി ലൊക്കേഷന്‍ വരെ നിശ്ചയിച്ചുകഴിഞ്ഞ സ്ഥിതിക്ക്‌ നിര്‍മാതാവിന്‌ ഇതൊക്കെ അനുസരിക്കുകയേ ഗതിയുണ്ടായിരുന്നുള്ളൂ. നിര്‍മാണരംഗത്തും നായകവൃന്ദം പിടിമുറുക്കിയപ്പോള്‍ രണ്ടരക്കോടിയിലധികം മുടക്കുന്ന നിര്‍മാതാവ്‌ കാഴ്ചക്കാരനാവുകയും ചെയ്തു.”

“ഷൂട്ടിംഗിന്റെ ഓരോ ദിവസവും കാലത്തു തിരക്കഥ തയ്യാറാക്കുന്ന സ്ഥിതിയിലേക്കു കാര്യങ്ങള്‍ നീങ്ങി. ഒടുക്കം സിനിമ പുറത്തിറങ്ങിയപ്പോള്‍ നിര്‍മാതാവായ സജി എസ് മം‌ഗലത്ത് കുത്തുപാളയെടുത്തു. സജി പിന്നെ സിനിമ എടുത്തിട്ടില്ല! സംവിധായകനായ തോമസ് ആണെങ്കില്‍ സിനിമാവ്യവസായത്തില്‍ 'ലക്കില്ലാത്തവനായി' മാറുകയും ചെയ്തു.” - വിജയകുമാര്‍ എഴുതുന്നു.

മമ്മൂട്ടി മാത്രമല്ല മോഹന്‍‌ലാലും ദിലീപും ഇത്തരത്തില്‍ ഇടപെട്ട് സിനിമ കുളമാക്കുന്ന പ്രകൃതക്കാരാണെന്നും വിജയകുമാര്‍ പറയുന്നു. പ്രശസ്ത തിരക്കഥാകൃത്തായ കലവൂര്‍ രവികുമാര്‍ എഴുതിയ സ്വ.ലേ എന്ന ദിലീപിന്റെ സിനിമ എട്ടുനിലയിലാണു പൊട്ടിയത്‌. തിരക്കഥയില്‍ അവസാനനിമിഷം ദിലീപ്‌ വെള്ളംചേര്‍ക്കുകയാണത്രേ ഉണ്ടായത്‌. ‘തിലകന്‍ വിവാദം’ പുകഞ്ഞുകൊണ്ടിരിക്കേ മറ്റൊരു വിവാദത്തിന് തിരികൊളുത്തുകയാണ് വിജയകുമാര്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :