‘ജനങ്ങള്‍ സംഘടിക്കുമ്പോഴാണ് രാഷ്ട്രീയം ഉത്ഭവിക്കുന്നത്. എന്നാല്‍, ആയിരങ്ങള്‍ സംഘടിക്കുന്നതിനേക്കാള്‍ ജനലക്ഷങ്ങള്‍ സംഘടിക്കുമ്പോഴാണ് യഥാര്‍ത്ഥ രാഷ്ട്രീയം ഉണ്ടാകുന്നത്’ എന്നത് റഷ്യന്‍ കമ്യൂണിസ്റ്റ് നേതാവ് ലെനിന്‍റെ പ്രശസ്തമായ വാചകമാണ്. ബംഗാളില്‍ സി പി എം നേതൃത്വത്തിലുള്ള ഇടതുപക്ഷ സര്‍ക്കാരിനെതിരെയുള്ള പ്രതികരണം തത്വത്തില്‍ ഇങ്ങനെ വിലയിരുത്താം. ഇടതുപക്ഷത്തിന് ഇത്രയും കാലം ലഭിച്ചുകൊണ്ടിരുന്ന ആയിരക്കണക്കിന് ആളുകളുടെ പിന്തുണ ജനലക്ഷങ്ങളുടെ എതിര്‍പ്പില്‍ അലിഞ്ഞില്ലാതാകുന്നു എന്ന് പ്രഥമദൃഷ്ട്യാ മനസിലാകുന്ന കാര്യമാണ്.
ഇന്ത്യയില്‍ ഒരു സംസ്ഥാനത്തുമില്ലാത്ത വിധം രണ്ട് ദശാബ്ദത്തിലധികം കാലം ചോദ്യം ചെയ്യപ്പെടാത്ത ശക്തിയായാണ് ബംഗാളിലെ ഇടതുപക്ഷം മുന്നോട്ട് പോയത്. എന്നാല്‍, സമീപഭാവിയില്‍ ഇടതുപക്ഷത്തിന് കാലിടറുന്നതിനാണ് ബംഗാള്‍ സാക്‍ഷ്യം വഹിക്കുന്നത്. വര്‍ഗശത്രുക്കള്‍ ഒന്നിച്ച് ഇടതുപക്ഷത്തിനെതിരെ അണിനിരന്നതാണ് തിരിച്ചടികള്‍ക്ക് കാരണമെന്ന സി പി എമ്മിന്‍റേയും സി പി ഐയുടേയും പൊതു വിലയിരുത്തലുകളെ കണ്ണുമടച്ച് വിശ്വസിക്കാന്‍ ഇടതുപക്ഷ അനുഭാവികള്‍ക്ക് പോലും മനസുണ്ടാവില്ല.
ബംഗാളിലെ ഇടതുപക്ഷം നേരിടുന്ന വെല്ലുവിളി ഏതെങ്കിലു ഒരു കാരണം കൊണ്ട് മാത്രമാണ് എന്ന് വിലയിരുത്തുന്നത് ചരിത്ര വിഡ്ഢിത്തരമാകും. ജ്യോതിബസുവിന്‍റെ നേതൃത്വത്തിലുള്ള ഇടതുമുന്നണി ഓരോതവണയും തെരഞ്ഞെടുപ്പിനെ നേരിടുമ്പോഴും ജനപിന്തുണ വര്‍ധിക്കുകയായിരുന്നു. കോണ്‍ഗ്രസിന്‍റേയും മമതാ ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസിന്‍റേയും പോരാട്ടം ഇടതുപക്ഷത്തിന് മൂക്കുകയറിടാന്‍ പര്യാപ്തമായിരുന്നില്ല. എന്നാല്‍, ജ്യോതിബസുവില്‍ നിന്ന് ബുദ്ധദേവ് ഭട്ടാചാര്യയിലേക്ക് ഭരണത്തിന്‍റെ കടിഞ്ഞാണ് മാറിയതുമുതല്‍ ബംഗാളില്‍ ഇടതുപക്ഷത്തിന് കാലിടറിത്തുടങ്ങി. ആദ്യ ഘട്ടത്തില്‍ ബംഗാള്‍ ഇടതുപക്ഷത്തിന് പ്രതിപക്ഷത്തില്‍ നിന്ന് കാര്യമായ വെല്ലുവിളി നേരിട്ടിരുന്നില്ല.
എന്നാല്‍, രണ്ടാം തവണ അധികാരത്തിലെത്തിയ ബുദ്ധന്‍റെ ചിരി ഏറെക്കാലം നിലനില്‍ക്കുന്നതായിരുന്നില്ല. വ്യവസായം കൊണ്ടുവരുന്നതിനായി ബഹുരാഷ്ട്ര കമ്പനികളുമായി ചേര്‍ന്ന് നടപ്പാക്കിയ പദ്ധതികളാണ് ബംഗാള്‍ സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിയത്. ബംഗാളിലെന്നല്ല എവിടേയും വ്യവസായ വികസനം നല്ലതാണെന്ന കാര്യത്തില്‍ ആര്‍ക്കും എതിരഭിപ്രായം ഉണ്ടാകാനിടയില്ല. എന്നാല്‍, വന്‍കിട പദ്ധതികളുമായി ബന്ധപ്പെട്ട് പാവപ്പെട്ടവരുടെ കൃഷിഭൂമിയില്‍ സര്‍ക്കാര്‍ കൈവച്ചതോടെയാണ് പ്രതിസന്ധികളുടെ തുടക്കം. കൃത്യമായ ഏകോപനമോ ചര്‍ച്ചയോ ഇല്ലാതെ പദ്ധതികള്‍ നടപ്പാക്കാന്‍ ശ്രമിച്ചതാണ് ബുദ്ധയ്ക്ക് വിനയായത്. മമതാ ബാനര്‍ജിയാകട്ടെ കര്‍ഷകരുടെ പ്രശ്നങ്ങള്‍ ഏറ്റെടുക്കുകയും ചെയ്തതോടെ സര്‍ക്കാരിനെതിരെയുള്ള സമരങ്ങള്‍ക്ക് ബംഗാളില്‍ പുതിയൊരു മുഖം കൈവന്നു.
ടാറ്റയ്ക്കുവേണ്ടി കര്‍ഷകരുടെ ഭൂമി സര്‍ക്കാര്‍ ഏറ്റെടുത്തത് മതിയായ നഷ്ടപരിഹാരം നല്‍കിത്തന്നെയായിരുന്നു. എന്നാല്‍, ഒരു ചെറുവിഭാഗത്തെ ഉപയോഗിച്ച് മമത നടത്തിയ സമരത്തെ പൊലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്താനുള്ള ബംഗാള്‍ സര്‍ക്കാരിന്‍റെ ശ്രമം എരിതീയില്‍ എണ്ണ ഒഴിക്കലായിരുന്നു. എന്നാല്‍, അക്രമം ജനങ്ങള്‍ക്കും പൊലീസിനും നേരെ മനഃപൂര്‍വ്വം തിരിച്ചുവിട്ട് പ്രക്ഷോപം പ്രകോപനപരമാക്കാന്‍ മമതയ്ക്ക് കഴിഞ്ഞു. ഏറ്റെടുത്ത ഭൂമിയില്‍ ഭൂരിഭാഗവും കൃഷിയോഗ്യമല്ലാത്ത ഭൂമി ആയിരുന്നിട്ടും മമതയും കൂട്ടരും നടത്തിയ പ്രതിഷേധത്തെ തടയാന്‍ സി പി എമ്മിനോ സര്‍ക്കാരിനോ സാധിച്ചില്ല. പ്രശ്നം അതീവ ഗുരുതരമാക്കുന്നതില്‍ മാധ്യമങ്ങളും കാര്യമായ പങ്കാണ് വഹിച്ചത്. വലതുപക്ഷ നിലപാട് വച്ചുപുലര്‍ത്തുന്ന ഇന്ത്യയിലെ മുഖ്യധാരാ മാധ്യമങ്ങള്‍ ബംഗാളിലെ പ്രശ്നങ്ങള്‍ ദേശീയ പ്രാധാന്യത്തോടെയാണ് അവതരിപ്പിച്ചത്.
അടുത്ത പേജില്‍ - ബംഗാള്‍ മുഖ്യമന്ത്രിയുടെ പിടിവാശി