ഇന്ത്യന്‍ ക്രിക്കറ്റിലെ എക്കാലത്തെയും ‘ജന്റില്‍മാന്‍’ ആണ് സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. സച്ചിന്‍ നയിച്ച കളികളും ജയിച്ച കളികളും കളിച്ച കളികളും വിമര്‍ശനങ്ങള്‍ക്ക് വിധേയമായിരുന്നിരിക്കാം. എന്നാല്‍ ഇക്കാലത്തോളം, കളത്തിനകത്തും പുറത്തും സച്ചിന്റെ മാന്യതയ്ക്ക് നേരെ വിമര്‍ശനമൊന്നും ഉണ്ടായിട്ടില്ല. ഇപ്പോള്‍ മഹാരാഷ്ട്രയിലെ മണ്ണിന്റെ മക്കള്‍ വാദത്തിനെതിരെ സച്ചിന്‍ നടത്തിയ പ്രതികരണം ഇന്ത്യന്‍ ജനത രണ്ടു കയ്യും നീട്ടി സ്വീകരിക്കുമെന്ന് ഉറപ്പാണ്.
ജീവിതം കരുപ്പിടിപ്പിക്കാനായി മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്കൊപ്പം എത്രയോ മലയാളികളും മുംബൈ നഗരത്തില്‍ തൊഴില്‍ ചെയ്യുന്നു. ഇവരെല്ലാം മുംബൈയുടെ വികസനത്തില്‍ പങ്കാളികളാണെന്നിരിക്കെ മറ്റു ഭാഷക്കാരെ ഒഴിവാക്കാനും പകരം മഹാരാഷ്ട്രക്കാര്‍ക്ക് മാത്രം തൊഴില്‍ നല്‍കാനും സാധിക്കുമോ? യഥാര്‍ത്ഥത്തില്‍ ഇതിനെല്ലാമുള്ള മറുപടിയാണ് ചങ്കൂറ്റത്തോടെ സച്ചിന്‍ പറഞ്ഞത്.
താന്‍ മഹാരാഷ്ട്രക്കാരനാണെന്നതില്‍ അഭിമാനിക്കുന്നു. എന്നാല്‍, അതിനും മുമ്പേ താന്‍ ഒരു ഇന്ത്യക്കാരനാണ് എന്നാണ് സച്ചിന്‍ പറഞ്ഞത്. മുംബൈ മഹാരാഷ്ട്രക്കാര്‍ക്ക് മാത്രമല്ല ഇന്ത്യക്കാര്‍ക്കെല്ലാം അവകാശപ്പെട്ടതാണ് എന്നുകൂടി പറഞ്ഞപ്പോള്‍ സച്ചിന്‍ എന്ന ദേശീയ വ്യക്തിത്വത്തിന്റെ മാറ്റ് പതിന്‍മടങ്ങ് വര്‍ദ്ധിച്ചു.
മറാത്തക്കാരുടെ അഭിമാനത്തിന്റെ കണക്ക് പറഞ്ഞ് ശിവസേനയെക്കാള്‍ മുന്നിലെത്താനും കടുത്ത മറാത്ത വാദികളെന്ന പേര് സമ്പാദിക്കാനും മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സഭയ്ക്ക് (എംഎന്‍എസ്) സാധിച്ച അവസരത്തിലാണ് സച്ചിന്‍ പ്രതികരിച്ചിരിക്കുന്നത്. ദേശഭാഷയായ ഹിന്ദിക്ക് പോലും മഹാരാഷ്ട്ര നിയമസഭയില്‍ വിലക്ക് ഏര്‍പ്പെടുത്താന്‍ രാജ് താക്കറെയ്ക്ക് കഴിഞ്ഞു എന്നുള്ളത് ലജ്ജിക്കേണ്ട ഒരു സത്യമായി ഇന്ത്യയുടെ അഖണ്ഡതയ്ക്ക് മുന്നില്‍ പരിഹാസച്ചിരി ഉയര്‍ത്തുന്നു.
ഉത്തരേന്ത്യന്‍ വിരുദ്ധ വികാരത്തിലൂടെ ഇത്തവണ നിയമസഭയില്‍ എത്തിയ എംഎന്‍എസ് തങ്ങളുടെ എക്കാലത്തെയും ശത്രുവായ അബു അസ്മിയെ ലക്‍ഷ്യമിട്ടതില്‍ അപ്രതീക്ഷിതമായി ഒന്നുമില്ല. നിയമസഭയില്‍ എല്ലാ അംഗങ്ങളും മറാത്തിയില്‍ സത്യപ്രതിജ്ഞ ചെയ്യണം എന്ന താക്കറെയുടെ മുന്നറിയിപ്പ് അസ്മി ലംഘിച്ചു. ഹിന്ദിയില്‍ സത്യപ്രതിജ്ഞ ചെയ്യാനൊരുങ്ങിയ എംഎന്‍എസിന്റെ അസ്മിയെ നാല് പുതിയ സാമാജികര്‍ ചേര്‍ന്ന് കൈയ്യേറ്റം ചെയ്യുകയും ചെയ്തു.
നാല്‍പ്പത് വര്‍ഷക്കാലം മുംബൈ നഗരത്തിന്റെ ചൂടും തണുപ്പും അറിഞ്ഞ് തൊഴില്‍ ജീവിതത്തില്‍ വളര്‍ന്ന അമിതാഭ് ബച്ചനെ ഉത്തര്‍പ്രദേശിന്റെ ചാരനെന്ന് വിളിച്ച് അധിക്ഷേപിക്കാന്‍ പോലും മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേന തലവന്‍ മടികാട്ടിയില്ല. വിഘടനവാദത്തിന്റെ അവസരങ്ങളിലൂടെ ബ്രിട്ടീഷുകാര്‍ കാണിച്ചതിലും ശുഷ്കാന്തിയോടെയാണ് രാജ് താക്കറെ എന്ന മറാത്തവാദി അധികാരത്തിലേക്കുള്ള വഴി തുറന്നത്. മരുമകന്റെ വളര്‍ച്ച കണ്ട് ഇപ്പോള്‍ അമ്മാവന്‍ ബാല്‍ താക്കറെ മനസ്സില്‍ വിലപിക്കുകയാവും, തെരഞ്ഞെടുപ്പില്‍ സംഭവിച്ച നഷ്ടം നികത്താന്‍ മറാത്തവാദത്തെക്കാള്‍ ശക്തമായ വിഘടനവാദമെന്തെന്ന് മനസ്സിലോര്‍ത്ത്!
ഉത്തരേന്ത്യക്കാര്‍ക്കെതിരെ മഹാരാഷ്ട്രവാദികള്‍ കാട്ടുന്ന എതിര്‍പ്പ് ദക്ഷിണേന്ത്യക്കാര്‍ക്കെതിരെ തിരിയാനും അധികസമയം വേണ്ടി വരില്ല. കാരണം ശിവസേനയും എംഎന്‍എസും തമ്മില്‍ മറാത്ത വാദം കടുപ്പിക്കാനുള്ള ശക്തമായ മത്സരത്തിലാണെന്നത് തന്നെ. കേരളീയര്‍ എന്നോ മലയാളികള്‍ എന്നോ പോലും അറിയപ്പെടാത്ത മലയാളികള്‍ അവിടെ ‘മദ്രാസികളാണ്’. ‘മദ്രാസികള്‍ക്കും’ മുംബൈയില്‍ തിക്തഫലങ്ങള്‍ കാത്തിരിക്കുന്നുണ്ടോ? മതേതരം, ഭാഷേതരം എന്ന് സ്വയം വിശേഷിപ്പിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ പരാജയപ്പെടുന്നിടത്ത് സച്ചിനെ പോലെയുള്ള ദേശീയ വ്യക്തിത്വങ്ങള്‍ വിജയിക്കട്ടെ!