ദേശീയം | വിദേശവാര്‍ത്ത | കേരള വാര്‍ത്ത | സമകാലികം | ഇന്ന് അറിയാന്‍
പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » സമകാലികം » ശാരിയുടെ അച്ഛന് നീതി ലഭിക്കുമോ? (Will Sari's family get justice?)
Feedback Print Bookmark and Share
 
PRO
കേരളീയര്‍ക്ക് ഈ മുഖം പരിചിതമായിട്ട് അഞ്ച് വര്‍ഷത്തോളമാകുന്നു. അധികവും മാധ്യമങ്ങളിലൂടെ തന്നെ. ഏറ്റവുമൊടുവില്‍ അവര്‍ ഈ മുഖം കണ്ടത് വെള്ളിയാഴ്ചയാണ്. മറ്റൊരു നവംബര്‍ 13 ന്. കേരളത്തിന്‍റെ മുഖ്യമന്ത്രിയുടെ വീടിന് ഏതാണ്ട് 200 മീറ്റര്‍ അകലെ മകളുടെ ചിത്രവും കയ്യിലെടുത്ത് അഞ്ച് വയസാ‍യ പേരക്കുട്ടിയെയും ഒക്കത്തുവെച്ച് കാക്കി യൂണിഫോമിട്ട ഒരു സംഘത്തോടൊപ്പം പൊലീസ് വാഹനത്തിലേക്ക് നടന്നുനീങ്ങുന്ന മനുഷ്യന്‍. കിളിരൂര്‍ പീഡനകേസിലെ ഇര ശാരി എസ് നായരുടെ പിതാവ് സുരേന്ദ്രന് കണ്ണില്‍ചോരയില്ലാത്ത നിയമപാലകരുടെ ഇത്തരം നടപടികള്‍ ഇപ്പോള്‍ പരിചിതമായിക്കഴിഞ്ഞു. അതുകൊണ്ട് തന്നെ എതിര്‍പ്പുകളൊന്നും കൂടാ‍തെ അദ്ദേഹം പൊലീസുകാര്‍ക്കൊപ്പം നീങ്ങി.

ഒന്നു ശ്രദ്ധിച്ചാല്‍ ആ മുഖത്തെ നിസ്സഹായത വായിച്ചെടുക്കാം. അഞ്ച് വര്‍ഷങ്ങളായി സുരേന്ദ്രന്‍ ഈ നടപ്പ് തുടങ്ങിയിട്ട്. മകളുടെ മാനം കവര്‍ന്നെടുത്ത് ഇഞ്ചിഞ്ചായി അവളെ കൊന്ന നരാധമന്‍‌മാരെ നിയമത്തിനുമുന്നില്‍ കൊണ്ടുവരാനാണ് ഈ യാത്ര. ആദ്യമൊക്കെ നിയമപാലകരുടെ അവജ്ഞ നിറഞ്ഞ പ്രതികരണങ്ങളില്‍ അമ്പരപ്പുണ്ടായിരുന്നു. ആരെയോ സംരക്ഷിക്കാന്‍ പ്രതിജ്ഞയെടുത്ത്, ആരോടോ കടപ്പെട്ടവരെപോലെയുള്ള അവരുടെ പെരുമാറ്റ രീതിയില്‍ വേദനയും. ഇപ്പോ ഒക്കെ ശീലമായിരിക്കുന്നു. ഇപ്പോ ജീവിപ്പിക്കുന്നത് എന്നെങ്കിലും നീതി ലഭിക്കുമെന്നുള്ള നേരിയ ഒരു പ്രതീക്ഷ മാത്രം.

കേരളം ഏറെ ചര്‍ച്ച ചെയ്യപ്പെട്ട കേസാണ് കിളിരൂര്‍ കേസ്. 2006 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷം ഉയര്‍ത്തിയ പ്രധാന പ്രചാരണ വിഷയങ്ങളില്‍ ഒന്നായിരുന്നു കിളിരൂര്‍, കവിയൂര്‍ പെണ്‍‌വാണിഭങ്ങള്‍. ഭക്ഷണം കഴിച്ചുവയറുനിറയുമ്പോള്‍ ആ ഭക്ഷണം കിട്ടിയ വഴി നമ്മള്‍ മറക്കും. അതുപോലെയായിരുന്നു വോട്ടുകൊണ്ട് വയറുനിറഞ്ഞ് അധികാരത്തിലെത്തിയ ഇടതുമുന്നണി പിന്നീട് ഈ കേസുകളെ സമീപിച്ചത്.

പെണ്‍‌വാണിഭക്കാരെ കയ്യാമം വെച്ചു തെരുവില്‍ നടത്തുമെന്ന് പ്രഖ്യാപിച്ച മുഖ്യമന്ത്രിയുടെ വീടിന് മുന്നിലാണ് പെണ്‍‌വാണിഭക്കാര്‍ പിച്ചിച്ചീന്തിയ പെണ്‍കുട്ടിയുടെ പിതാവ് നീതിക്കായി സത്യാഗ്രഹമിരിക്കാന്‍ വന്നപ്പോള്‍ തൂക്കിമാറ്റപ്പെട്ടത്. മകന്‍റെ ഘാതകരെ തേടി സമരം നടത്തി ആയുസ് ബലികഴിച്ച ഈച്ചരവാര്യരെന്ന അച്ഛനെയാണ് ഈ അവസരത്തില്‍ ഓര്‍ത്തുപോയത്. ഈച്ഛരവാര്യര്‍ക്കും നമ്മുടെ ഭരണാധികാരികള്‍ നല്‍കിയത് കണ്ണീര്‍ മാത്രമാണ്. ഈച്ഛരവാര്യര്‍ക്ക് ശേഷം ഒരച്ഛന്‍റെ ശാപം കൂടി കണ്ണീരായി നമ്മുടെ ഭരണകേന്ദ്രങ്ങളില്‍ വീഴുകയാണോ?.

2004 ആഗസ്ത് 13നാണ് സുരേന്ദ്രന്‍റെ മകള്‍ ശാരി എസ് നായര്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ സ്നേഹ എന്ന പെണ്‍കുട്ടിയെ പ്രവസവിക്കുന്നത്. പക്ഷെ മകളെ ഒന്നു തലോലിക്കാനോ ശരിക്കൊന്നു കാണാനോ അവള്‍ക്കായില്ല. നാളുകള്‍ നീണ്ട പീഡനത്തിന്‍റെ അനന്തരഫലങ്ങള്‍ അപ്പോഴേക്കും അവളുടെ ശരീരത്തെ കാര്‍ന്നുതിന്നുതുടങ്ങിയിരുന്നു. ഒടുവില്‍ ഉത്തരം കിട്ടാത്ത ഒരുപാട് ചോദ്യങ്ങള്‍ ബാക്കിയാക്കി 2004 നവംബര്‍ 13ന് ശാരി മരിച്ചു.

പിന്നെ പ്രതികള്‍ക്ക് സുഖവിഹാരമായിരുന്നു. അന്വേഷണ ഏജന്‍സികള്‍ മാറിമാറി വന്നെങ്കിലും ആര്‍ക്കും ഒന്നും തെളിയിക്കാനായില്ല. എല്ലാവരും പഴയ നിഗമനങ്ങളില്‍ മാറിമാറിക്കളിച്ചു. ശാരിയുടെ രക്തത്തില്‍ അമിത തോതില്‍ ചെമ്പിന്‍റെ അംശം കണ്ടെത്തിയിരുന്നെന്നും മരണത്തിലേക്ക് നയിച്ചത് ഇതായിരിക്കുമെന്നും വെളിപ്പെടുത്തല്‍ ഉണ്ടാ‍യിരുന്നു. ഇതിനിടെ കേസിനെ ഏറെ വഴി തിരിച്ചുവിട്ട വിഐ‌പി വിവാദവും തലപൊക്കി.

കോട്ടയത്തിനടുത്ത് തെള്ളകത്തെ സ്വകാര്യ ആശുപത്രിയില്‍ ശാരി ചികിത്സയില്‍ കഴിയുമ്പോള്‍ ഒട്ടേറെ പ്രധാന വ്യക്തികള്‍ സന്ദര്‍ശിച്ചിരുന്നു. ഒരു വി ഐ പിയെ കണ്ട ശേഷമാണ് ആ പെണ്‍കുട്ടി കൂടുതല്‍ ഗുരുതരാവസ്ഥയിലായതെന്ന് അന്ന് പ്രതിപക്ഷ നേതാവായിരുന്ന വി.എസ്. അച്യുതാനന്ദന്‍ തന്നെയാണ് പരസ്യമായി പറഞ്ഞത്. എന്നാല്‍ തെളിയിക്കപ്പെടാതെ അല്ലെങ്കില്‍ വെറും വെളിപ്പെടുത്തലുകള്‍ മാത്രമായി ഇവയെല്ലാം ഒതുങ്ങി. ഇനിയും നീതി ലഭിക്കാന്‍ ഏത് പടിവാതിലുകള്‍ മുട്ടണമെന്ന സംശയത്തിലാണ് സുരേന്ദ്രനും കുടുംബവും ഇപ്പോള്‍. വൈകിയെത്തുന്ന നീതി നീതിനിഷേധത്തിന് തുല്യമാണെന്ന കാര്യം ഇവിടെ നാം ഓര്‍ക്കുക.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍