ദേശീയം | വിദേശവാര്‍ത്ത | കേരള വാര്‍ത്ത | സമകാലികം | ഇന്ന് അറിയാന്‍
പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » സമകാലികം » മെഡിക്കല്‍ കോളജുകള്‍ റഫറല്‍ കേന്ദ്രങ്ങളാകുമ്പോള്‍ (When Medical Colleges are turning to be Referral Centres!)
Feedback Print Bookmark and Share
 
medical College
PRO
PRO
ഓരോ സര്‍ക്കാര്‍ അധികാരമേല്‍ക്കുമ്പോഴും സാധാരണ ജനങ്ങള്‍ക്ക് ഒരുപാട് വാഗ്ദാനങ്ങള്‍ ലഭിക്കാറുണ്ട്. നാട് സ്വര്‍ഗതുല്യമാക്കുമെന്നും തെരുവുകളില്‍ കൂടി തേനും പാലുമൊഴുക്കുമെന്നും. ഇതൊന്നും വേണ്ട, ഇവിടെ സ്വസ്ഥമായി, സമാധാനമായി ജീവിക്കാന്‍ അനുവദിച്ചാല്‍ മതിയെന്ന് വോട്ടര്‍മാരായ കഴുതകള്‍ മനസില്‍ അപേക്ഷിക്കാറുമുണ്ട്.

വിദ്യാഭ്യാസം, ചികിത്സ, ഭക്ഷണം, താമസം തുടങ്ങിയ ആവശ്യങ്ങളോട് സര്‍ക്കാരുകള്‍ സ്വീകരിക്കുന്ന നിലപാടുകളാണ് സാധാരണക്കാരനെ എന്നും ബാധിക്കുന്നത്. വിദ്യാഭ്യാസമേഖലയുടെ ഇന്നത്തെ അവസ്ഥ ചിരിച്ചുതള്ളുകയേ നിവൃത്തിയുള്ളൂ. ഭക്ഷണം, അത് ഇരന്നാണെങ്കിലും കഴിക്കാം. താമസത്തിന് ജെസിബി ശല്യമുണ്ടായില്ലെങ്കില്‍ പുറമ്പോക്കില്‍ പായവിരിക്കാം. എന്നാല്‍ ചികിത്സയോ?

ചികിത്സ എന്നും സാധാരണക്കാരന് ഒരു ചോദ്യച്ചിഹ്നമാണ്. ഒരു പനി മാറണമെങ്കില്‍ ഡോക്ടര്‍ക്ക് എത്ര കൊടുക്കണമെന്ന് ആലോചിച്ച് തല പുകച്ച് ചികിത്സയേ വേണ്ടെന്നുവയ്ക്കുന്നവരാണ് ഇപ്പോള്‍ മലയാളികള്‍. അങ്ങനെ പനി ശരീരത്തില്‍ നിലനില്‍ക്കുകയും അത് ഡങ്കി, പന്നിപ്പനി, എലിപ്പനി, തക്കാളി തുടങ്ങിയ പേരുകളില്‍ കൂടുതല്‍ ഊര്‍ജ്ജിതമായി പ്രത്യക്ഷപ്പെടുകയും ചെയ്യുന്നു. പത്തോ നൂറോ എടുക്കാനില്ലാത്ത പാവങ്ങള്‍ ചികിത്സാ ഫീസെന്ന പേരിലുള്ള ആയിരങ്ങളുടെ കണക്കുകള്‍ കേട്ട് ചുമച്ചും കുരച്ചും മരിക്കുന്നു.

സാധാരണക്കാരന്‍റെ ആശ്രയകേന്ദ്രമെന്ന് ഉറക്കെ ഉദ്ഘോഷിക്കപ്പെട്ടിട്ടുള്ള സര്‍ക്കാര്‍ ആശുപത്രികളുടെ സ്ഥിതിയോ? അവിടെ ചികിത്സ ലഭിക്കാനുള്ള ബുദ്ധിമുട്ട് മനസിലാക്കിയിട്ടുള്ളവര്‍ സ്വകാര്യ ആശുപത്രികളുടെ കഴുത്തറക്കലുകള്‍ക്ക് വഴങ്ങിക്കൊടുക്കുന്നതാണ് ഭേദമെന്ന് ആലോചിക്കുന്നുണ്ടെങ്കില്‍, അതിലെങ്ങനെ കുറ്റം കണ്ടെത്താനാകും. നിത്യസമരം എന്ന ആശയം നടപ്പാക്കുന്ന ഡോക്ടര്‍മാരും പരിഷ്കാരനടപടിയെന്ന പേരില്‍ ആഗോളമണ്ടത്തരങ്ങള്‍ ആരോഗ്യമേഖലയില്‍ നടപ്പാക്കുന്ന സര്‍ക്കാരും ചേര്‍ന്ന് രോഗികളുടെ കഴുത്ത് ഞെരിക്കുകയാണ്. പുതിയ പരിഷ്കാരം അറിഞ്ഞില്ലേ?

ഈ മാസം 15 മുതല്‍ സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകള്‍ ‘റഫറല്‍ കേന്ദ്രങ്ങ’ളായി മാറുന്നു. അതായത് മെഡിക്കല്‍ കോളജിന്‍റെ അഞ്ചു കിലോമീറ്റര്‍ ചുറ്റളവിലല്ലാത്തവര്‍ നേരിട്ട് മെഡിക്കല്‍ കോളജില്‍ ചികിത്സ തേടിയെത്താന്‍ പാടില്ല. അങ്ങനെ എത്തിയാലും ആരും തിരിഞ്ഞു നോക്കുകയുമില്ല. ഇനി മെഡിക്കല്‍ കോളജിന്‍റെ പടി ചവിട്ടണമെങ്കില്‍ ‘റഫറല്‍ ടിക്കറ്റ്’ കൈവശം വേണം.

ഒരു രോഗി തന്‍റെ ചികിത്സയ്ക്കായി സര്‍ക്കാര്‍ ആശുപത്രിയില്‍ പല കടമ്പകള്‍ കടക്കണമെന്ന് സാരം. പ്രാഥമിക ആരോഗ്യകേന്ദ്രങ്ങള്‍, കമ്യൂണിറ്റി സെന്‍ററുകള്‍, താലൂക്ക് - ജില്ലാ ആശുപത്രികള്‍ എന്നിവ കടന്നുവരുന്നവര്‍ക്കു മാത്രമേ ഇനി മെഡിക്കല്‍ കോളജില്‍ ചികിത്സ ലഭിക്കൂ. ഇവിടങ്ങളിലെ ഡോക്ടര്‍മാര്‍ക്ക് ഒന്നും കണ്ടുപിടിക്കാനാവാത്ത രോഗമാണെങ്കില്‍ മാത്രം മെഡിക്കല്‍ കോളജില്‍ എത്തിയാല്‍ മതി. ഈ പരിഷ്കാരം നല്ലതു തന്നെ. മെഡിക്കല്‍ കോളജിന്‍റെ വരാന്തയിലെ തിരക്ക് ഒഴിവാക്കാമല്ലോ. പക്ഷേ നമ്മുടെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളുടെ, താലൂക്ക് - ജില്ലാ ആശുപത്രികളുടെ സ്ഥിതിയെന്താണ്?

രോഗികള്‍ക്ക് നല്ല ചികിത്സ ലഭിക്കുന്നില്ല എന്നത് പതിവായി ഉന്നയിക്കപ്പെടുന്ന കാര്യമായതിനാല്‍ അതു പറയേണ്ടതില്ല. നിസാരമെന്ന് അധികൃതര്‍ പറയുന്ന ചില കാര്യങ്ങള്‍ നോക്കാം. രോഗികള്‍ക്ക് നല്ല മൂത്രപ്പുരകള്‍ നമ്മുടെ പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളില്‍ ഉണ്ടോ? രോഗികളുടെ ഒപ്പം വരുന്നവര്‍ക്ക് താമസിക്കാനുള്ള സൌകര്യം? രോഗികള്‍ക്ക് നിലത്താണെങ്കിലും വിരിച്ചുകിടക്കാനുള്ള വിരിപ്പ്? പനിയും ചുമയുമായി വരുന്നവര്‍ക്ക് പാരസെറ്റാമോള്‍ അല്ലാതെ മറ്റെന്തെങ്കിലും മരുന്ന്? വൃത്തിയുള്ള ആഹാരം? നല്ല വെള്ളം? ഇതെല്ലാം പോകട്ടെ, നഴ്സുമാരില്‍ നിന്നും ഡോക്ടര്‍മാരില്‍ നിന്നും മിതമായ മര്യാദയെങ്കിലുമുള്ള പെരുമാറ്റം?

ഇവയൊന്നും സാധാരണക്കാരായ രോഗികള്‍ക്ക് സര്‍ക്കാരാശുപത്രികളില്‍ നിന്ന് ലഭ്യമാകുന്നില്ല എന്നതാണ് സത്യം. ഇവിടങ്ങളില്‍ കൃത്യമായി ഒരു രോഗം നിര്‍ണയിക്കപ്പെടുന്നതെങ്ങനെയാണ്? സ്വകാര്യ പ്രാക്ടീസ് നിര്‍ത്തലാക്കുന്നതിന്‍റെ ദേഷ്യം മുഖത്തുനിറച്ച് കാത്തുനില്‍ക്കുന്ന ഡോക്ടര്‍മാരില്‍ നിന്ന് എങ്ങനെ രോഗികള്‍ നീതി പ്രതീക്ഷിക്കും? ഫലത്തില്‍, രോഗികള്‍ക്ക് ജില്ലാ ആശുപത്രികളില്‍ പോലും മികച്ച ചികിത്സാ സൌകര്യം ലഭിക്കുക എന്നത് സ്വപ്നം മാത്രമായി അവശേഷിക്കും. ഇവിടങ്ങളില്‍ നിന്ന് മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്ത് എത്തപ്പെടുമ്പോഴേക്കും രോഗിയുടെ അവസ്ഥ ഊഹിക്കാവുന്നതല്ലേയുള്ളൂ. എല്ലാ രോഗികളെയും മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്യുക എന്ന എളുപ്പവിദ്യ നമ്മുടെ പ്രാഥമിക ആരോഗ്യകേന്ദ്രങ്ങള്‍ നടപ്പിലാക്കും എന്നതിലും സംശയമില്ല.

സങ്കീര്‍ണമായ അസുഖങ്ങളുള്ളവര്‍ ശസ്ത്രക്രിയയ്ക്കു പോലും ഇനി മെഡിക്കല്‍ കോളജുകളെ ആശ്രയിക്കുക ബുദ്ധിമുട്ടാകും. മതിയായ സൌകര്യങ്ങളില്ലാത്ത താലൂക്ക് - ജില്ലാ ആശുപത്രികളില്‍ ശസ്ത്രക്രിയ ചെയ്യാന്‍ രോഗികള്‍ നിര്‍ബന്ധിതരാകേണ്ടി വരും. സൂപ്പര്‍ സ്പെഷ്യാലിറ്റി വിഭാഗത്തില്‍ വരുന്ന രോഗങ്ങളുള്ളവര്‍ക്ക് മാത്രമാണ് ഇനി മെഡിക്കല്‍ കോളജുകളെ നേരിട്ട് ആശ്രയിക്കാന്‍ അനുമതി ലഭിക്കുക. സാധാരണക്കാരനായ രോഗി തന്‍റെ രോഗം ഏതുവിഭാഗത്തിലാണെന്ന് എങ്ങനെയാണ് തിരിച്ചറിയുക?

ലക്‍ഷ്യബോധമോ യുക്തിഭദ്രതയോ ഇല്ലാത്ത തീരുമാനങ്ങള്‍ കൊണ്ട് ജനങ്ങളെ ബുദ്ധിമുട്ടിക്കുകയാണ് നമ്മുടെ സര്‍ക്കാരുകള്‍. മെഡിക്കല്‍ കോളജുകള്‍ റഫറല്‍ കേന്ദ്രങ്ങളാക്കാന്‍ തീരുമാനമെടുക്കുന്നതിന് മുമ്പ് പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളുടെ സൌകര്യങ്ങള്‍ മെച്ചപ്പെടുത്താനുള്ള നടപടികള്‍ സ്വീകരിക്കുകയായിരുന്നു വേണ്ടത്. ആരോടെങ്കിലുമുള്ള വാശിയും വൈരാഗ്യവും അടിച്ചേല്‍പ്പിക്കേണ്ടത് ആരോഗ്യമേഖലയിലല്ല, പാവം രോഗികളുടെ നെഞ്ചത്തുമല്ല. പരിഷ്കാരങ്ങള്‍ ജനങ്ങള്‍ക്ക് ഭാരമാകുന്നുണ്ടോ എന്ന് തിരിച്ചറിയാനുള്ള വിവേകമെങ്കിലും അധികാരികളില്‍ നിന്ന് ജനം പ്രതീക്ഷിക്കുന്നുണ്ട്. അവ പരിഗണിക്കാതെ, കണ്ണും മൂടിയുള്ള ഈ യാത്ര അപകടത്തില്‍ കലാശിക്കും. അതിനും പിഴയൊടുക്കേണ്ടിവരിക ജനങ്ങളായിരിക്കും എന്നതാണ് ദുഃഖസത്യം.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍