ദേശീയം | വിദേശവാര്‍ത്ത | കേരള വാര്‍ത്ത | സമകാലികം | ഇന്ന് അറിയാന്‍
പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » സമകാലികം » മന്തുരോഗ ഗുളിക മന്ത്രിക്കും നാട്ടുകാര്‍ക്കും വേണ്ട! (Including Health minister, nobody wants Elephantiasis tablets!)
Feedback Print Bookmark and Share
 
PK Sreemathi
PRO
PRO
സംസ്ഥാനത്തെ ആകെ ജനസംഖ്യയുടെ ഏണ്‍‌പത് ശതമാനം പേരെയെങ്കിലും മന്ത് പ്രതിരോധ ഗുളിക കഴിപ്പിക്കാന്‍ ആരോഗ്യ വകുപ്പ് ഉദ്ദേശിക്കുന്നുണ്ടെങ്കിലും മന്ത് ഗുളികകള്‍ പറമ്പിലോ മാലിന്യക്കൂമ്പാരങ്ങളിലോ തള്ളുകയാണ് നാട്ടുകാര്‍! ഡൈ ഈഥൈല്‍ കാര്‍ബമസീന്‍ സിട്രേറ്റ്, ആല്‍ബന്‍റസോള്‍ എന്നീ ഗുളികകളാണ് സംസ്ഥാനത്ത് സൌജന്യമായി വിതരണം ചെയ്യുന്നത്. ആല്‍ബന്‍റസോള്‍ ഗുളികകള്‍ സാധാരണ വിരശല്യത്തിന് നല്‍‌കുന്ന മരുന്നാണ്. ഡൈ ഈഥൈല്‍ കാര്‍ബമസീന്‍ സിട്രേറ്റ് ആവട്ടെ ഇസ്നോഫീലിയ തുടങ്ങിയ അലര്‍ജി സംബന്ധമായ രോഗങ്ങള്‍ക്കുള്ള മരുന്നും.

ആരോഗ്യസംഘടനാ പ്രവര്‍ത്തകര്‍, സന്നദ്ധ പ്രവര്‍ത്തകര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ എന്നിവരുടെ മേല്‍നോട്ടത്തിലാണ് ഗുളികകള്‍ വിതരണം ചെയ്യുന്നത്. ഗുളികകളുമായി വീടുകളിലെത്തുന്ന ആരോഗ്യപ്രവര്‍ത്തകരെ ചെകുത്താനെ കാണുന്നത് പോലെയാണ് ആളുകള്‍ കാണുന്നതെത്രെ. ഗുളികകള്‍ വേണ്ടെന്ന് ചില കുടുംബങ്ങള്‍ തറപ്പിച്ച് പറയുന്നതായി ആരോഗ്യപ്രവര്‍ത്തകര്‍ പറയുന്നു. ചില കുടുംബങ്ങളാവട്ടെ, ചിരിക്കുന്ന മുഖത്തോടെ ഗുളികകള്‍ വാങ്ങി, ആരോഗ്യപ്രവര്‍ത്തകര്‍ പോയിക്കഴിയുന്നതോടെ പറമ്പിലേക്കോ വഴിയിലേക്കോ വലിച്ചെറിയുന്നു.

മന്ത് പ്രതിരോധത്തിനുള്ള മരുന്ന് കഴിച്ചവരില്‍ പലര്‍ക്കും വിവിധ അസുഖങ്ങള്‍ വന്നതായി അറിവുള്ളത് കൊണ്ടാണ് മന്ത് ഗുളികകള്‍ കഴിക്കാന്‍ നാട്ടുകാര്‍ നടികുന്നത്. എന്തൊക്കെ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകും എന്ന് അറിവില്ലാത്തതും സര്‍ക്കാര്‍ മരുന്ന് തട്ടിപ്പായിരിക്കും എന്ന വിശ്വാസവുമാണ് ഗുളികകള്‍ വലിച്ചെറിയാന്‍ നാട്ടുകാരെ പ്രേരിപ്പിക്കുന്നത്. സര്‍ക്കാര്‍ ഏജന്‍സികള്‍ വഴി വിതരണം ചെയ്യുന്ന മരുന്നുകളില്‍ പലതും വ്യാജമോ ഗുണനിലവാരമില്ലാത്തതോ ആണെന്ന് ഈയിടെ ഒരു പ്രമുഖ പത്രം കണ്ടെത്തിയതും നാട്ടുകാരുടെ ഗുളിക വിരോധത്തിന് കാരണമായിട്ടുണ്ട്.

മന്തുരോഗ നിവാരണ യജ്ഞത്തിന്റെ സംസ്ഥാനതല ഉദ്ഘാടത്തിനെത്തിയ ആരോഗ്യമന്ത്രി പികെ ശ്രീമതിയും മന്ത് ഗുളിക കഴിക്കുകയുണ്ടായില്ല. ആരോഗ്യമന്ത്രിക്ക് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പ്രതിരോധ ഗുളിക നല്‍കിയെങ്കിലും മന്ത്രി അത്‌ തൊട്ടടുത്തിരുന്നയാള്‍ക്ക്‌ കൈമാറുകയായിരുന്നു. ഇത് കണ്ടിട്ടും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ മന്ത്രിയെ വിടാന്‍ തയ്യാറായില്ല. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ നീട്ടിയ രണ്ടാമത്തെ ഗുളിക ആരോഗ്യമന്ത്രി വാങ്ങി ബാഗിലിട്ട് “രാവിലെ ഒന്നും കഴിച്ചില്ല, വീട്ടില്‍ കൊണ്ടുപോയി കഴിക്കാം” എന്ന് പറഞ്ഞൊഴിയുകയായിരുന്നുവെത്രെ!

ഇതിനിടയിലാണ് മന്ത്‌ രോഗനിവാരണ പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത്‌ വിതരണം ചെയ്ത മരുന്ന്‌ കഴിച്ച്‌ നിരവധിപ്പേര്‍ ആശുപത്രിയിലാണെന്ന വാര്‍ത്ത ദൃശ്യമാധ്യമങ്ങളില്‍ നിറഞ്ഞത്. ഇതോടെ ഗുളിക പരീക്ഷിച്ച് നോക്കാം എന്ന് കരുതിയവര്‍ പോലും പിന്തിരിഞ്ഞു. മന്ത് ഗുളികകള്‍ കഴിക്കുന്നവരില്‍ പലര്‍ക്കും പനി ഉണ്ടാവുക സ്വാഭാവികമാണ്. മൈക്രോഫൈലേറിയ വിരകളുടെ സാന്നിധ്യം ശരീരത്തില്‍ ഉള്ളതിനാലാണ് പനിയുണ്ടാകുന്നത്. എന്നാല്‍ ഇതെപ്പറ്റി വേണ്ടത്ര ബോധവല്‍‌ക്കരണം നടത്താന്‍ സര്‍ക്കാരിനായിട്ടില്ല.

എന്തായാലും, സര്‍ക്കാര്‍ സൗജന്യമായി നല്‍കുന്ന മന്തുരോഗ പ്രതിരോധ മരുന്നുകളുടെ വിതരണം പരാജയമടഞ്ഞു കഴിഞ്ഞു. ലോകാരോഗ്യ സംഘടന നല്‍കുന്ന മരുന്നുകളാണ് വിതരണം ചെയ്യുന്നതെങ്കിലും സര്‍ക്കാര്‍ മെഷിനറി ഉപയോഗപ്പെടുത്തിയാണ് ഗുളികകളുടെ വിതരണം നടത്തുന്നത് എന്നതിനാല്‍ കനത്ത ധനനഷ്ടമാണ് സര്‍ക്കാരിന് ഉണ്ടാകാന്‍ പോകുന്നത്. ആസൂത്രണത്തിന്റെയും ബോധവല്‍‌ക്കരണത്തിന്റെയും കുറവ് തന്നെയാണ് ഈ പരാജയത്തിന് കാരണം.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍