ദേശീയം | വിദേശവാര്‍ത്ത | കേരള വാര്‍ത്ത | സമകാലികം | ഇന്ന് അറിയാന്‍
പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » സമകാലികം » അച്യുതാനന്ദന്റെ നാവിനിപ്പോള്‍ പൂട്ടുണ്ടോ? (It seems Achuthanandan understood his limitations!)
Feedback Print Bookmark and Share
 
Achuthanandan
PRO
PRO
മുഖ്യമന്ത്രി വി‌എസ് അച്യുതാനന്ദന്‍റെ നാവിനും പൂട്ടോ? വിവാദ പ്രസ്താവനകളുടെ പേരില്‍ പോളിറ്റ് ബ്യൂറോയില്‍ നിന്ന് കേന്ദ്രകമ്മറ്റിയിലേക്ക് തരം താഴ്ത്തപ്പെട്ട ശേഷം വി‌എസ് സ്വയം നാവിന് കടിഞ്ഞാണിട്ടുവെന്ന് വേണം കരുതാന്‍. സമീപകാലത്ത് വിവാദങ്ങളോടുള്ള വി‌എസിന്‍റെ പ്രതികരണങ്ങളും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കുള്ള അളന്നുകുറിച്ച മറുപടികളും വിളിച്ചുപറയുന്നത് വി എസ് സ്വയം നിയന്ത്രണത്തിന് തയ്യാറായി എന്നുതന്നെയാണ്.

മന്ത്രിസഭാ യോഗത്തിന് ശേഷം നടന്ന വാര്‍ത്താസമ്മേളനത്തില്‍ ഈ പൂട്ട് ഒന്നുകൂടി ഉറപ്പിച്ചാണ് വി എസ് എത്തിയത്. വി‌എസിന്‍റെ വായില്‍ നിന്ന് എന്തെങ്കിലും വീണുകിട്ടുമെന്ന പ്രതീക്ഷയിലും ഉത്സാഹത്തിലുമായിരുന്നു മാധ്യമപ്രവര്‍ത്തകര്‍. മന്ത്രിസഭാ തീരുമാനങ്ങള്‍ വിശദീകരിച്ച ശേഷം അവര്‍ വി എസിനെ ഒന്ന് കുത്തിനോക്കുകയും ചെയ്തു. കണ്ണൂര്‍ തന്നെയായിരുന്നു വി എസിന് മുന്നിലേക്ക് ഇട്ടുകൊടുത്തത്.

വോട്ടര്‍പട്ടികാവിവാദം കണ്ണൂ‍ര്‍ തെരഞ്ഞെടുപ്പില്‍ സിപി‌എമ്മിന് തിരിച്ചടിയായെന്ന് കരുതുന്നുണ്ടോ എന്നായിരുന്നു ചോദ്യം. എന്നാല്‍ വിഷയങ്ങള്‍ പാര്‍ട്ടി പരിശോധിക്കുമെന്ന് മാത്രമായിരുന്നു മറുപടി. ഉപതെരഞ്ഞെടുപ്പിന്‍റെ എല്ലാ കാര്യങ്ങളും പാര്‍ട്ടി ചര്‍ച്ച ചെയ്യുമെന്നും പരിശോധിക്കുമെന്നും വി എസ് കൂട്ടിച്ചേര്‍ത്തു.

കേന്ദ്രസേന ബാരക്കില്‍ ഇരിക്കട്ടെ എന്ന വി‌എസിന്‍റെ പ്രസ്താവനയെക്കുറിച്ചാ‍യിരുന്നു അടുത്ത ചോദ്യം. തെരഞ്ഞെടുപ്പ് കമ്മീഷന്‍റേത് തെറ്റായ തീരുമാനമായിരുന്നെന്നും അതുകൊണ്ടാണ് അങ്ങനെ പ്രതികരിച്ചതെന്നും മറുപടി. കേന്ദ്രസേന ഇറങ്ങിയതിനാല്‍ വോട്ടെടുപ്പ് സമാധാന പരമായിരുന്നില്ലെ എന്ന അടുത്ത ചോദ്യം വന്നപ്പോഴേക്കും വി എസ് കസേരയില്‍ നിന്നും എണീ‍റ്റിരുന്നു. ഒപ്പം നടന്നുകൊണ്ട് അങ്ങനെ നമ്മള്‍ കരുതുകയല്ലേ എന്ന മറുപടിയും.

ഉപതെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ച കഴിഞ്ഞ ദിവസവും അച്യുതാനന്ദനെ കാണാന്‍ ചെന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് മുന്നില്‍ വാവിട്ട് ഒന്നും പറയാന്‍ അദ്ദേഹം തയ്യാറായില്ല. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്കേറ്റ കനത്ത പരാജയത്തോട് ചിരിച്ചുകൊണ്ട് പ്രതികരിച്ച വി‌എസിന്‍റെ മുഖം മനസിലെത്തുന്നത് അപ്പോഴാണ് . പക്ഷെ കഴിഞ്ഞ ദിവസത്തെ വി‌എസും അന്നത്തെ വി‌എസും തമ്മില്‍ പ്രകടമായ വ്യത്യാസമുണ്ടായിരുന്നു.

തലക്കെട്ടിനുള്ള എന്തെങ്കിലും വി എസിന്‍റെ വായില്‍ നിന്നു കിട്ടുമെന്ന് മനക്കോട്ട കെട്ടിയവര്‍ക്ക് തെറ്റി. എഴുതി തയ്യാറാക്കിയ പ്രസ്താവന വായിച്ച് വിശദീകരിക്കുക മാത്രമാണ് അദ്ദേഹം ചെയ്തത്. തോല്‍‌വിയെക്കുറിച്ച് ഇതല്ലാതെ വാക്കിലോ നോക്കിലോ മറ്റൊരു വികാരവും വി‌എസ് പ്രകടിപ്പിച്ചില്ല. എല്‍ഡി‌എഫിന് യുഡി‌എഫ് മണ്ഡലങ്ങളില്‍ ജനപിന്തുണ വര്‍ദ്ധിച്ചുവെന്ന പാര്‍ട്ടി സുവിശേഷവും വി എസ് ഉരുവിട്ടു.

സമീപകാലത്ത് വി‌എസ് നടത്തിയ മറ്റു പ്രസ്താവനകളും മാധ്യമസമ്മേളനങ്ങളും വിലയിരുത്തിയാല്‍ വാക്കുകളിലെ അദ്ദേഹത്തിന്‍റെ പരിമിതപ്പെടുത്തല്‍ മനസിലാക്കാം. മുഖ്യമന്ത്രി പദത്തിലെത്തിയ ശേഷം വിവാദ പ്രസ്താവനകള്‍ കൊണ്ട് ഘോഷയാത്ര നടത്തിയ വി എസിനെ അച്ചടക്ക നടപടിയെന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കൂച്ചുവിലങ്ങ് മിണ്ടാട്ടം മുട്ടിച്ചുവെന്ന് വേണോ കരുതാന്‍. അതോ പാര്‍ട്ടിയില്‍ താന്‍ ദുര്‍ബ്ബലനായെന്ന് വി എസിന് സ്വയം തോന്നിത്തുടങ്ങിയോ?
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍