ദേശീയം | വിദേശവാര്‍ത്ത | കേരള വാര്‍ത്ത | സമകാലികം | ഇന്ന് അറിയാന്‍
പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » സമകാലികം » ഗാധിമായ് ദേവിക്കായി അഞ്ചുലക്ഷം മൃഗങ്ങളെ വെട്ടും! (Unmoved by protests, Nepal set to host animal sacrifice fair)
Feedback Print Bookmark and Share
 
animal sacrifice
PRO
PRO
തെക്കന്‍ നേപ്പാളിലെ ബാരാ ജില്ലയിലുള്ള ബരിയാപ്പൂരിലെ ഗാധിമായ് ദേവി ക്ഷേത്രത്തില്‍ അഞ്ചുവര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന മൃഗബലിക്ക് നവം‌ബര്‍ 25 സാക്ഷിയാകും. ലോകത്തിലെ ഏറ്റവും വലിയ മൃഗബലി എന്നറിയപ്പെടുന്ന ഗാധിമായ് ദേവിയുടെ ഉത്സവത്തില്‍ അഞ്ചുലക്ഷത്തോളം മൃഗങ്ങളെയാണ് ബലി നല്‍‌കുക. നേപ്പാളിലെ പലയിടങ്ങളില്‍ നിന്നും അയല്‍‌രാജ്യമായ ഇന്ത്യയില്‍ നിന്നുമടക്കം അരക്കോടിയോളം ഹിന്ദുമതവിശ്വാസികള്‍ ഈ ചടങ്ങില്‍ പങ്കെടുക്കും.

ബലികഴിക്കാനുള്ള മൃഗങ്ങള്‍ ബരിയാപ്പൂരില്‍ എത്തിത്തുടങ്ങിയിട്ടുണ്ട്. ഈ വര്‍ഷം ഇരുപത്തയ്യായിരം പോത്തുകള്‍, ആയിരക്കണക്കിന് ആടുകള്‍, താറാവ്, പൂവന്‍ കോഴി, പ്രാവ് എന്നിവയടക്കം പലതരം മൃഗങ്ങളാണ് ബരിയാപ്പൂരില്‍ ബലികഴിക്കപ്പെടുക. രണ്ട് ദിവസങ്ങളിലായാണ് ബലി നടക്കുക.

ഗാധിമായ് ദേവിയെ പ്രീതിപ്പെടുത്താനായാണ് ഈ മൃഗബലി അരങ്ങേറുന്നത്. മൃഗത്തെ വെട്ടി ചോരയര്‍പ്പിച്ച് എന്ത് ചോദിച്ചാലും ഗാധിമായ് ദേവി തരുമെന്നാണ് വിശ്വാസം. രണ്ട് കാട്ടെലികളെയും ഒരു പന്നിയെയും ഒരു തള്ളാടിനെയും അതിന്റെ കുട്ടിയെയും വെട്ടി ബലിനല്‍‌കിക്കൊണ്ടാണ് ഗാധിമായ് ദേവിയുടെ ഉത്സവം ആരംഭിക്കുക. തുടര്‍ന്ന് ഭക്തര്‍ ബലികൊടുക്കാനായി കൊണ്ടുവരുന്ന മൃഗങ്ങളെ വെട്ടി ബലിയര്‍പ്പിക്കാന്‍ തുടങ്ങും. ചില ഭക്തര്‍ ബലിയര്‍പ്പിച്ച മൃഗങ്ങളുടെ ചോര കുടിക്കുകയും ചെയ്യുമെത്രെ!

കഴിഞ്ഞ മുന്നൂറ് വര്‍ഷങ്ങളായി ഈ മൃഗബലി ബരിയാപ്പൂരില്‍ നടന്നുവരുന്നു. മൃഗങ്ങളെ ക്രൂരമായി കൊന്നൊടുക്കുന്ന ഈ ചടങ്ങ് നിര്‍ത്തലാക്കണം എന്ന് മേനകാ ഗാന്ധിയടക്കമുള്ള മൃഗസ്നേഹികള്‍ നേപ്പാളിനോട് അപേക്ഷിച്ചിട്ടുണ്ട്. മൃഗങ്ങളെ കൂട്ടബലി നല്‍‌കുന്നത് സംസ്കാരത്തിന് ചേര്‍ന്നതല്ലെന്നും ഈ ക്രൂരത അവസാനിപ്പിക്കണമെന്നും കാണിച്ച് മേനകാ ഗാന്ധി കഴിഞ്ഞ മാസം നേപ്പാള്‍ പ്രധാനമന്ത്രി മാധവ് കുമാറിന് കത്തയിച്ചിരുന്നു.

നേപ്പാളിലും മൃഗബലിക്കെതിരെ വിവിധ സംഘടനകള്‍ പ്രതിഷേധമുയര്‍ത്തുന്നുണ്ട്. എന്നാല്‍ ഗാധിമായ് ദേവിയെ പ്രീതിപ്പെടുത്തുന്നതിനുള്ള മതചടങ്ങിന് തടയിടാന്‍ തയ്യാറല്ലെന്നാണ് നേപ്പാള്‍ സര്‍ക്കാര്‍ വെളിപ്പെടുത്തിയിരിക്കുന്നത്. രാജ്യത്തിനകത്തുനിന്നും പുറത്തുനിന്നും മൃഗബലിക്ക് എത്തുന്ന ഭക്തര്‍ക്ക് എല്ലാവിധ സൌകര്യങ്ങളും ഒരുക്കുമെന്നാണ് നേപ്പാള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച് കഴിഞ്ഞു. ഉത്സവക്കമ്മറ്റിയാവട്ടെ, മൃഗബലിക്കെത്തുന്നവര്‍ക്ക് വിനോദം പകരാന്‍ സര്‍ക്കസും ബ്രേക്ക്‌ഡാന്‍സും ക്ഷേത്രപരിസരത്ത് ഒരുക്കുന്നുണ്ട്.

എന്തുവന്നാലും മൃഗബലി നടത്തുമെന്ന് നേപ്പാളിലെ ഹിന്ദുമതസമൂഹം പറഞ്ഞുകഴിഞ്ഞു. ഗാധിമായ് ദേവിയെ പ്രീതിപ്പെടുത്താനായി, ചരിത്രാതീത കാലം തൊട്ട് നടക്കുന്ന ബലിയുത്സവത്തെ ജീവന്‍ കൊടുത്തും നിലനിര്‍ത്തുമെന്നാണ് ഇവരുടെ ഭീഷണി. മൃഗബലിയില്ലാത്ത ഗാധിമായ് ഉത്സവത്തെ പറ്റി ചിന്തിക്കാനേ കഴിയില്ലെന്ന് ബരിയാപ്പൂരിലെ ക്ഷേത്രപുരോഹിതന്‍ മംഗള്‍ ചൌധരി തരു വാര്‍ത്താ ഏജന്‍സികളോട് പറയുകയുണ്ടായി.

മൃഗബലിക്കെത്തുന്ന ഭക്തരില്‍ എഴുപത് ശതമാനവും ബീഹാറില്‍ നിന്നും പശ്ചിമബംഗാളില്‍ നിന്നും ഉള്ളവരാണെന്ന് മൃഗസംരക്ഷണ സംഘടനകള്‍ പറയുന്നു. ഈ രണ്ട് സംസ്ഥാനങ്ങളിലും മൃഗബലി നിരോധിച്ചിട്ടുണ്ട്. സുരക്ഷിതമല്ലാത്ത വാഹനങ്ങളില്‍ കുത്തിനിറച്ചാണെത്രെ ഗാധിമായ് ക്ഷേത്രത്തിലേക്ക് മൃഗങ്ങളെ എത്തിക്കുക. യാത്രക്കിടയില്‍ നൂറുകണക്കിന് മൃഗങ്ങള്‍ ശ്വാസം‌മുട്ടി ചാവുന്നത് പതിവാണെന്നും മൃഗസംഘടനാ പ്രവര്‍ത്തകര്‍ പറയുന്നു.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍