ദേശീയം | വിദേശവാര്‍ത്ത | കേരള വാര്‍ത്ത | സമകാലികം | ഇന്ന് അറിയാന്‍
പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » സമകാലികം » വിജയാരവത്തില്‍ മുങ്ങുമോ മുരളീരവം (Will Muraleedharan's hopes dim due to recent Congress victory?)
Feedback Print Bookmark and Share
 
Muraleedharan
PRO
PRO
‘എത്രനേരമായ് ഞാന്‍ കാത്തുകാത്തു നില്പൂ’ എന്ന് പാടിക്കൊണ്ട് കെ മുരളീധരന്‍ കോണ്‍ഗ്രസ് പടിക്കല്‍ കാത്തു നില്‍ക്കാന്‍ തുടങ്ങിയിട്ട് കാലം കുറേ ആയി. പ്രതീക്ഷകള്‍ ഏതാണ്ട് അസ്തമിച്ച സമയത്താണ് മുല്ലപ്പള്ളി രാമചന്ദ്രന്‍റെ രൂപത്തില്‍ ഒരു തിരിവെട്ടം പ്രത്യക്ഷമായത്. മുരളീധരനെ കോണ്‍ഗ്രസില്‍ തിരിച്ചെടുക്കണമെന്ന മുല്ലപ്പള്ളിയുടെ പ്രസ്താവന പ്രകമ്പനം കൊള്ളിച്ചത് സത്യത്തില്‍ കെ പി സി സി ആസ്ഥാനത്തെ തന്നെ ആയിരുന്നു.

ആ പ്രസ്താവന കേട്ട് ശരിക്കും ഞെട്ടിയതോ കോണ്‍ഗ്രസിന്‍റെ സംസ്ഥാന അധ്യക്ഷന്‍ രമേഷ് ചെന്നിത്തലയും. കുഞ്ഞൂഞ്ഞ് ഉള്ളില്‍ ചിരിച്ചെങ്കിലും പുറമെ ഞെട്ടല്‍ പ്രകടമാക്കി പ്രസിഡന്‍റിനോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും ചെയ്തു. സംസ്ഥാനത്തെ ചെന്നിത്തല-ചാണ്ടി ദ്വയത്തെ കോണ്‍ഗ്രസിലെ പല ഗ്രൂപ്പില്ലാ നേതാക്കള്‍ക്കും അത്രയ്ക്കങ്ങ് ദഹിക്കുന്നില്ല എന്നതാണ് സത്യം. അതാണ് മുല്ലപ്പള്ളിയുടെ നാക്കിലൂടെ ഗുളികനായി പുറത്തുവന്നത്.

കണ്ണൂരില്‍ ചെന്ന് അബ്ദുളളക്കുട്ടിയെ കെട്ടിപ്പിടിച്ചെങ്കിലും അത്ഭുതക്കുട്ടിക്ക് കോണ്‍ഗ്രസില്‍ നല്‍കുന്ന സ്വീകരണത്തിലും മുല്ലപ്പള്ളിയ്ക്ക് അമര്‍ഷമുണ്ട്. ആറുതവണ തുടര്‍ച്ചയായി ജയിച്ചുവന്ന മണ്ഡലത്തില്‍ തന്നെ തുടര്‍ച്ചയായി രണ്ടു വട്ടം തോല്‍‌പ്പിച്ച് അത്ഭുതക്കുട്ടിയായ അബ്ദുള്ളക്കുട്ടിക്ക് ഇത്ര വലിയ സ്വീകരണം നല്‍കാമെങ്കില്‍ കോണ്‍ഗ്രസില്‍ തിരിച്ചുവരാന്‍ മുരളീധരന് എന്തുകൊണ്ടും അവകാശമുണ്ടെന്ന് മുല്ലപ്പള്ളിയ്ക്ക് തോന്നിയതിനു പിന്നിലെ യുക്തിയും ഇതു തന്നെയാണ്. ഇതിനെല്ലാം പുറമെ അബ്ദുള്ളക്കുട്ടിയെ മുന്നില്‍ നിര്‍ത്തി മൂന്നാം ഗ്രൂപ്പ് ശക്തിപ്പെടുത്തി അടിത്തറ വിപുലീകരിക്കുന്ന കെ സുധാകരനെയും മുല്ലപ്പള്ളിയ്ക്ക് അവഗണിക്കാനാവില്ല.

എന്നാല്‍ മുരളിയെ അങ്ങിനെയങ്ങ് തിരിച്ചെടുക്കുന്നത് തന്‍റെ ചീട്ടു കീറലാകുമെന്ന് മുന്‍‌കൂട്ടി കാണാനുള്ള ബുദ്ധിയൊക്കെ കെ പി സി സി അധ്യക്ഷനുണ്ട്. മുരളീധരന്‍റെ തിരിച്ചുവരവ് മങ്ങലേല്‍പ്പിക്കുന്നത് തന്‍റെ മുഖ്യമന്ത്രി മോഹങ്ങള്‍ക്കാണെന്ന് ചെന്നിത്തല നല്ലപോലെ മനസ്സിലാക്കിയിട്ടുണ്ട്. പെരുന്നയിലെ എന്‍ എസ് എസ് ആസ്ഥാനത്തു നിന്ന് പണിക്കരു ചേട്ടന്‍ ഒന്ന് ആഞ്ഞുപിടിച്ചാല്‍ അടുത്ത തവണ സംസ്ഥാന മുഖ്യനായി കേരളം ഭരിക്കാമെന്ന് കണക്കുക്കൂട്ടിയിരിക്കുമ്പോഴാണ് ഒരിക്കല്‍ അടച്ച അധ്യായം മുല്ലപ്പള്ളി വീണ്ടും തുറന്നത്. പക്ഷേ ചെന്നിത്തല ഇപ്പോഴും പഴയ പല്ലവി തന്നെ ആവര്‍ത്തിക്കുകയാണ്; ‘ഇന്നുവേണ്ടിന്നുവേണ്ടോമലാളേ നിന്നെ ഒരിക്കല്‍ ഞാന്‍ തിരിച്ചെടുക്കാം’ എന്നാണ് ചെന്നിത്തലയുടെ മറുപടി.

ലോക്‍സഭയിലേക്ക് മത്സരിക്കാനുളള അവസരം പോലും ത്യജിച്ച് മുഖ്യമന്ത്രി കുപ്പായത്തെക്കുറിച്ച് മനപ്പായസമുണ്ടു കഴിയുന്ന ചെന്നിത്തലയെ എങ്ങിനെ ഒതുക്കുമെന്ന് കുഞ്ഞൂഞ്ഞ് ആലോചിച്ച് തല പുകച്ചു കൊണ്ടിരിക്കുമ്പോഴാണ് രോഗി ഇച്ഛിച്ചതും വൈദ്യന്‍ കല്‍‌പ്പിച്ചതും പാലെന്ന രൂപത്തില്‍ മുല്ലപ്പള്ളി അവതരിച്ചത്. ഉമ്മന്‍ചാണ്ടിയുടെ ഉള്ളില്‍ ഒരായിരം സൂര്യചന്ദ്രന്‍‌മാര്‍ ഒന്നിച്ച് കത്തുകയാണ് ഇപ്പോള്‍. എന്നാല്‍, ഉള്ളിലുള്ള സന്തോഷം അങ്ങ് തുറന്നു പ്രകടിപ്പിക്കുന്നത് വീണ്ടും ഗ്രൂപ്പു കളിയാകുമെന്ന് ചാണ്ടിയാശാനും അറിയാം. അതുകൊണ്ടാണ് മുരളിയുടെ തിരിച്ചുവരവ് സംബന്ധിച്ച് ഹൈക്കമാ‍ന്‍ഡ് തീരുമാനമെടുക്കുമെന്ന് പറഞ്ഞൊഴിഞ്ഞത്.

എ കെ ആന്‍റണി അടക്കമുള്ള കേന്ദ്ര നേതാക്കളുടെ പിന്തുണയും മുരളീധരനുണ്ടെന്നുള്ളതാണ് വസ്തുത. സംസ്ഥാനത്തെ ചെന്നിത്തല - ഉമ്മന്‍ചാണ്ടി കോക്കസില്‍ കേന്ദ്രന്‍‌മാരായ ആന്‍റണി-വയലാര്‍ രവി-മുല്ലപ്പള്ളി കൂട്ടുകെട്ടിന് അതൃപ്തിയുണ്ട്. ചെന്നിത്തല - ചാണ്ടി ദ്വയത്തെ മുരളിയെ മുന്‍‌നിര്‍ത്തി പ്രതിരോധിക്കാമെന്ന് ആന്‍റണിക്ക് അറിയാം. ചെന്നിത്തല - ചാണ്ടി കോക്കസിന് ഇപ്പോഴേ തടയിട്ടില്ലെങ്കില്‍ കോണ്‍ഗ്രസ് വീണ്ടും അധികാരത്തില്‍ വന്നാല്‍ സംസ്ഥാന രാഷ്ട്രീയത്തില്‍ തന്‍റെ പ്രസക്തി നഷ്ടപ്പെട്ടേക്കുമെന്നുള്ള ഭയവും ആന്‍റണിയുടെ നീക്കത്തിന് പിന്നിലുണ്ട്.

കോണ്‍ഗ്രസിലെ തന്നെ ഒരു വിഭാഗം നേതാക്കളുടെ പിന്തുണയുടെ ബലത്തില്‍ കോണ്‍ഗ്രസില്‍ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് രണ്ടാഴ്ചയ്ക്കകം മുരളി ഹൈക്കമാന്‍ഡിന് കത്ത് നല്‍കും. തന്‍റെ പൂര്‍വ്വകാല പ്രവര്‍ത്തനങ്ങളില്‍ മാപ്പപേക്ഷിച്ചുകൊണ്ടുള്ള കത്തായിരിക്കും മുരളീധരന്‍ ഹൈക്കമാന്‍ഡിന് കൈമാറുക. ഇതോടെ ഇക്കാര്യത്തില്‍ ഒരു തീരുമാനം പ്രഖ്യാപിക്കാന്‍ ഹൈക്കമാന്‍ഡ് നിര്‍ബന്ധിതരാവും.

ആന്‍റണിയുടെയും വയലാര്‍ രവിയുടെയും മുല്ലപ്പള്ളിയുടേയുമെല്ലാം അഭിപ്രായങ്ങള്‍ തീരുമാനത്തില്‍ പ്രതിഫലിക്കും. അത്രയും കാലമെങ്കിലും മുരളിയെ പടിക്കു പുറത്തു നിര്‍ത്തി ചെന്നിത്തലയ്ക്ക് അത്ഭുതക്കുട്ടിക്ക് ജയ് വിളിക്കാം. മുരളിയെ തിരിച്ചെടുത്താല്‍ ചെന്നിത്തലയ്ക്ക് എന്തു സംഭവിക്കുമെന്ന് ചോദിച്ചാല്‍, ‘ജാതകവശാല്‍ ശേഷം ചിന്ത്യം’ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍