ദേശീയം | വിദേശവാര്‍ത്ത | കേരള വാര്‍ത്ത | സമകാലികം | ഇന്ന് അറിയാന്‍
പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » സമകാലികം » ആവര്‍ത്തിക്കുന്ന യുഡിഎഫ് തരംഗം (UDF priority continues)
Feedback Print Bookmark and Share
 
PRO
കേരളം ഇനി വലതുപക്ഷത്തേക്ക് തന്നെ തിരിയും എന്ന ശക്തമായ സൂചനയാണ് ഉപതെരഞ്ഞെടുപ്പ് ഫലങ്ങള്‍ വ്യക്തമാക്കുന്നത്. സി പി എമ്മിന്‍റെ അഭിമാന പോരാട്ടം എന്ന് വിശേഷിപ്പിച്ച കണ്ണൂരില്‍ ഇടതുമുന്നണിക്കേറ്റ പരാജയമാണ് ഏറ്റവും ശക്തമായ തിരിച്ചടി. കേന്ദ്രസര്‍ക്കാരിനും യു ഡി എഫിനുമെതിരെ ഇടതുപക്ഷം ഉയര്‍ത്തിക്കൊണ്ടുവന്ന എല്ലാ ആരോപണങ്ങളും ജനങ്ങള്‍ കണ്ണുമടച്ച് തള്ളി. വരാന്‍ പോകുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ യു ഡി എഫിന് ഊര്‍ജ്ജം പകരാന്‍ ഉപതെരഞ്ഞെടുപ്പിലെ വിജയം സഹായകരമാകും എന്ന കാര്യത്തില്‍ തര്‍ക്കമില്ല.

ആസിയാന്‍ അടക്കമുള്ള കേന്ദ്ര സര്‍ക്കാരിന്‍റെ ജനവിരുദ്ധ നയങ്ങള്‍ ഉപതെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചില്ലെന്നതാണ് വസ്തുത. വോട്ടര്‍പ്പട്ടികയുമായി ബന്ധപ്പെട്ട് കണ്ണൂരിലുണ്ടായ വിവാദങ്ങള്‍ യു ഡി എഫിന് അനുകൂലമായ തരംഗമുണ്ടാക്കി എന്നതും മറഞ്ഞിരിക്കുന്ന സത്യം. ആകെ ആശ്വസിക്കാനുള്ള ഒരു കാര്യം കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കെ സുധാകരന് ലഭിച്ച 23000 വോട്ടിന്‍റെ ഭൂരിപക്ഷം ഉപതെരഞ്ഞെടുപ്പില്‍ ഉണ്ടായില്ല എന്നതാണ്. എന്നാല്‍, 2006ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കെ സുധാകരന് ലഭിച്ചതിനേക്കാള്‍ ഭൂരിപക്ഷം ഇത്തവണ അബ്ദുള്ളക്കുട്ടിക്ക് ലഭിച്ചു എന്നത് വസ്തുത മാത്രം.

സി പി എമ്മില്‍ നിന്ന് പുറത്തായ ശേഷം കോണ്‍ഗ്രസില്‍ ചേക്കേറിയ അബ്ദുള്ളക്കുട്ടിയെ ഏതുവിധേനയും പരാജയപ്പെടുത്തണമെന്ന ലക്‍ഷ്യത്തോടെയാണ് കരുത്തരില്‍ കരുത്തനായ എം വി ജയരാജനെ സി പി എം രംഗത്തിറക്കിയത്. വര്‍ഗ്ഗ വഞ്ചകന്‍ എന്ന് അബ്ദുള്ളക്കുട്ടിക്ക് സി പി എം കല്‍പ്പിച്ചുനല്‍കിയ വിശേഷണം അദ്ദേഹത്തിന്‍റെ ജനപിന്തുണയെ ഒരു തരത്തിലും ബാധിച്ചില്ല. അതുകൊണ്ടുതന്നെയാണ് ജയരാജന്‍ പരാജയരാജനായതും. ഇതില്‍പ്പരം ഒരു നാണക്കേട് കണ്ണൂരില്‍ സി പി എമ്മിനും ഇടതുപക്ഷത്തിനും ഉണ്ടാകാനില്ല. സ്ഥിരമായി യു ഡി എഫ് ജയിക്കുന്ന മണ്ഡലമാണെങ്കിലും ഉപതെരഞ്ഞെടുപ്പില്‍ തങ്ങള്‍ പുറത്താക്കിയ അബ്ദുള്ളക്കുട്ടിയോടാണ് ഇടതിന്‍റെ പരാജയം എന്നത് നാണക്കേടിന്‍റെ ആഴം വര്‍ധിപ്പിക്കുന്നു.

റെക്കോര്‍ഡ് പോളിംഗ് രേഖപ്പെടുത്തിയ കണ്ണൂരില്‍ നിഷ്പക്ഷ വോട്ടുകള്‍ ജയരാജന് അനുകൂലമാകുമെന്ന കണക്കുകൂട്ടലാണ് ഇവിടെ തെറ്റിയത്. സി പി എം വിട്ട് കോണ്‍ഗ്രസില്‍ ചേക്കേറിയ അബ്ദുള്ളക്കുട്ടിയെ നിഷ്പക്ഷ വോട്ടര്‍മാര്‍ പിന്തുണയ്ക്കില്ലെന്നായിരുന്നു സി പി എം കണക്കുകൂട്ടിയത്. മാത്രവുമല്ല, ബി ജെ പിയും എസ് ഡി പി ഐയും പിടിക്കുന്ന വോട്ടുകള്‍ യു ഡി എഫിന്‍റേതാകുമെന്നും സി പി എം കണക്കുകൂട്ടി. തള്ളിയ വോട്ടുകള്‍ കൂടുതലും യു ഡി എഫിന്‍റേതും ചേര്‍ത്തത് ഇടതുപക്ഷത്തിന്‍റേതും ആയിരുന്നിട്ടും എല്‍ ഡി എഫിന് പരാജയം നേരിട്ടു എന്നതും പരിശോധിക്കപ്പെടേണ്ട ഘടകം തന്നെയാണ്. അതായത് നിഷ്പക്ഷ വോട്ടുകള്‍ ഇടതുപക്ഷത്തിന് ലഭിച്ചെങ്കില്‍ വോട്ട് ചോര്‍ന്നത് ഏത് മേഖലയില്‍ നിന്നാണെന്ന് കണ്ടെത്തേണ്ടിയിരിക്കുന്നു.

കണ്ണൂരില്‍ മാത്രമല്ല ആലപ്പുഴയിലും എറണാകുളത്തും ഇതേ ഇടതുവിരുദ്ധ തരംഗമാണ് ആഞ്ഞടിച്ചത്. കണ്ണൂരില്‍ എ പി അബ്ദുള്ളക്കുട്ടി 12043 വോട്ടിനും എറണാകുളത്ത് ഡൊമനിക്ക് പ്രസന്റേഷന്‍ 8620 വോട്ടിനും ആലപ്പുഴയില്‍ എ എ ഷുക്കൂര്‍ 4745 വോട്ടിനുമാണ് വിജയിച്ചത്. കേരളത്തില്‍ കാലാകാലങ്ങളായി തുടരുന്ന ഭരണ വിരുദ്ധ വികാരം തന്നെയാണ് ഈ ഉപതെരഞ്ഞെടുപ്പിലും പ്രതിഫലിച്ചത്. കേരളത്തില്‍ നടന്ന ഭൂരിപക്ഷം ഉപതെരഞ്ഞെടുപ്പിലും സംസ്ഥാന ഭരണമുന്നണിക്കെതിരെയുള്ള വികാരം തന്നെയാണ് പ്രതിഫലിച്ചിട്ടുള്ളത്.

എറണാകുളത്ത് കരുത്തനായ ഡൊമിനിക് പ്രസന്‍റേഷനെതിരെ ശക്തമായ മത്സരം കാഴ്ചവയ്ക്കാന്‍ ഇടതുമുന്നണിക്ക് സാധിച്ചില്ല എന്നതാണ് വസ്തുത. ലത്തീന്‍ കത്തോലിക്കനായ ഡൊമിനിക്കിനെതിരെ സി പി എമ്മിലെ സീനുലാല്‍ ഒരു സ്ഥാനാര്‍ത്ഥിയേ ആയിരുന്നില്ല. മാത്രവുമല്ല, സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലെ കാലതാമസവും ഇവിടെ ഇടതുപക്ഷത്തിന് തിരിച്ചടിയായി. ലോക്സഭാ തെരഞ്ഞെടുപ്പില്‍ കെ വി തോമസിന് ലഭിച്ച ഭൂരിപക്ഷം ലഭിച്ചില്ലെങ്കിലും 2006ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ലഭിച്ചതിനേക്കാള്‍ വോട്ട് വലതുപക്ഷത്തിന്‍റെ പെട്ടിയിലായി. ഇടതുപക്ഷത്തിന്‍റെ വോട്ടല്ലാതെ ഒരു നിഷ്പക്ഷ വോട്ടും ഇവിടെ ഇടതുമുന്നണിക്ക് നേടാനായിട്ടില്ല എന്നാണ് കണക്കാക്കേണ്ടത്.

ആലപ്പുഴയില്‍ ഇടതുമുന്നണിക്കകത്തെ അസ്വാരസ്യങ്ങള്‍ മാറ്റിവച്ച് കൂട്ടായ പ്രവര്‍ത്തനമാണ് ഇത്തവണ നടത്തിയത്. ആറുതവണയായി യു ഡി എഫ് ജയിച്ചുവരുന്ന ആലപ്പുഴയില്‍ പരാജയം ഏറ്റുവാങ്ങിയെങ്കിലും എല്‍ ഡി എഫിന് ആശ്വസിക്കാവുന ഘടകങ്ങള്‍ ഏറെയുയുണ്ട്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും ലോക്സഭാ തെരഞ്ഞെടുപ്പിലും യു ഡി എഫിന് ലഭിച്ച ഭൂരിപക്ഷം മൂന്നില്‍ ഒന്നായി കുറഞ്ഞു എന്നതില്‍ ഇടതുമുന്നണിക്ക് ആശ്വസിക്കാം. സി പി ഐയുമായി ഇടഞ്ഞുനില്‍ക്കുന്ന പി ഡി പി സ്വന്തം സ്ഥാനാര്‍ത്ഥിയെ നിര്‍ത്തി രണ്ടായിരത്തോളം വോട്ടുകള്‍ പെട്ടിയിലാക്കിയത് എടുത്തുപറയേണ്ട കാര്യമാണ്. പരസ്യമായ ഏറ്റുമുട്ടലിന് മുതിര്‍ന്നിരുന്നില്ലെങ്കില്‍ ഒരുപക്ഷേ ഈ വോട്ട് സി പി ഐക്ക് ലഭിച്ചേക്കുമായിരുന്നു.

എന്നാല്‍, മറ്റൊരു പ്രധാന കാര്യം 4500ലധികം കേഡര്‍ വോട്ടുകള്‍ പി ഡി പിക്ക് ആലപ്പുഴ മണ്ഡലത്തിലുണ്ട്. ഇതില്‍ 1804 വോട്ടുകള്‍ മാത്രമാണ് അവര്‍ക്ക് ലഭിച്ചത് എന്നത് സംശയജനകമാണ്. 2500ഓളം പി ഡി പി വോട്ടുകള്‍ എവിടെപ്പോയി എന്നത് ഉത്തരം കിട്ടാത്ത ചോദ്യമാണ്. ശത്രുവായ സി പി ഐ ജയിക്കാതിരിക്കാന്‍ ആലപ്പുഴയില്‍ പി ഡി പി വോട്ടുകള്‍ യു ഡി എഫിന് മറിച്ച് ചെയ്തെങ്കില്‍ അത്ഭുതപ്പെടാനില്ല. മൂന്ന് മണ്ഡലങ്ങളിലും പരാജയപ്പെട്ടെങ്കിലും ലോക്സഭാ തെരഞ്ഞെടുപ്പിലുണ്ടായിരുന്ന കടുത്ത ഇടതുവിരുദ്ധ തരംഗം ഉപതെരഞ്ഞെടുപ്പുകളില്‍ യു ഡി എഫ് കോട്ടയില്‍പ്പോലും ഉണ്ടായില്ലെന്ന് കണക്കുകള്‍ നിരത്തി ആശ്വസിക്കാന്‍ മാത്രമാണ് ഇടതുമുന്നണിക്ക് ഇനി സാധിക്കുക.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍