സംസ്ഥാനത്ത് മൂന്ന് നിയമസഭാ മണ്ഡലങ്ങളിലേക്കുമുള്ള ഉപതെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ വിധിയെഴുതിക്കഴിഞ്ഞു. എവിടെയും കൂട്ടിക്കിഴിക്കലുകളുടെ തിരക്കിലാണ്. പോളിംഗ് വര്‍ധിച്ചതോടെ ഇരു മുന്നണികളും തികഞ്ഞ വിജയപ്രതീക്ഷയിലുമാണ്. ആലപ്പുഴ, എറണാകുളം സീറ്റുകളില്‍ യു ഡി എഫ് വിജയം നേടുമെന്ന് ഇന്റലിജന്‍സ് ബ്യൂറോ റിപ്പോര്‍ട്ടു ചെയ്തു കഴിഞ്ഞു. വിവിധ മാധ്യമങ്ങളും ഏജന്‍സികളും നടത്തിയ എക്സിറ്റ് പോളുകളും യുഡിഎഫിന്‍റെ വിജയമാണ് സൂചിപ്പിക്കുന്നത്.
എന്നാല്‍, അത്തരം എക്സിറ്റ് പോള്‍ റിപ്പോര്‍ട്ടുകളിലൊന്നും വിശ്വാസമില്ലെന്നാണ് എല്‍ ഡി എഫ് വൃത്തങ്ങള്‍ പറയുന്നത്. സംസ്ഥാന സര്‍ക്കാരിന്‍റെ ഭരണ വിജയം മൂന്നു മണ്ഡലങ്ങളിലും പ്രതിഫലിക്കുമെന്നാണ് എല്‍ ഡി എഫ് നേതാക്കള്‍ വിലയിരുത്തുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ മുന്നണിക്കുണ്ടായ വന്‍ പരാജയത്തില്‍ നിന്ന് കരകയറാമെന്ന പ്രതീക്ഷയും എല്‍ ഡി എഫിനുണ്ട്.
കണ്ണൂരില്‍ ശക്തമായ മത്സരമാണ് നടന്നത്. പോളിംഗ് വര്‍ധിച്ചത് യു ഡി എഫിന് അനുകൂലമാകുമെന്ന് പറയുന്നുണ്ടെങ്കിലും ഇടതു മുന്നണി സ്ഥാനാര്‍ത്ഥി എം വി ജയരാജന്‍റെ വിജയം മുന്നില്‍ കാണുന്നവരും ഏറെയാണ്. എല്‍ ഡി എഫിന് ഏറെ പ്രതീക്ഷ നല്‍കുന്ന മണ്ഡലവും കണ്ണൂരാണ്. ഒരുപക്ഷേ, അനുകൂലമെന്നു കരുതുന്ന ഘടകങ്ങളെല്ലാം ഒരുമിച്ചു പ്രവര്‍ത്തിച്ചാല്‍ കണ്ണൂരില്‍ ഇത്തവണ ചെങ്കൊടി പാറും.
ബി ജെ പിയും എസ്ഡിപിഐയും നടത്തിയ വാശിയേറിയ പോരാട്ടം ഇടതുമുന്നണിക്ക് അനുകൂലമാകുമെന്നാണ് കരുതുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കണ്ണൂര്‍ നിയമസഭാ സീറ്റില്‍ മാത്രം കെ സുധാകരന്‍ 23,000 വോട്ടിന്‍റെ ഭൂരിപക്ഷം നേടിയിരുന്നു. ഇതിനെ വളരെ നേരിയ മാര്‍ജിനില്‍ മറികടക്കാന്‍ കഴിഞ്ഞാല്‍ ജയരാജനു ജയിക്കാനാകും.
ആലപ്പുഴയില്‍ ഇടതുമുന്നണിയിലെ വിഭാഗീയത വോട്ടെടുപ്പിനെ ബാധിച്ചിട്ടുണ്ടോ എന്നറിയാന്‍ വോട്ടെണ്ണുന്നത് വരെ കാത്തിരിക്കണം. തെരഞ്ഞെടുപ്പില്‍ നിന്ന് വിഭാഗീയത മറച്ചുവയ്ക്കാനായി എന്ന് പറയുന്നുണ്ടെങ്കിലും പ്രവര്‍ത്തകരുടെ മനസ്സില്‍ വിഭാഗീയതയുടെ തീക്കനലുകള്‍ പാറുന്നുണ്ട്. ആലപ്പുഴയില്‍ സി പി ഐ സ്ഥാനാര്‍ത്ഥിയെ സി പി എം പരിഗണിച്ചില്ലെന്ന പരാതിയുണ്ട്. സി പി എമ്മിന്‍റെ കണ്ണുകള്‍ കണ്ണൂരിലും എറണാകുളത്തും ഒതുക്കി എന്നത് സി പി ഐക്ക് ക്ഷീണം സൃഷ്ടിച്ചേക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ല.
എല്‍ ഡി എഫിന്‍റെ ഭാഗത്ത് നിന്നുള്ള ഇത്തരം വീഴ്ചകളാണ് യു ഡി എഫിന്‍റെ വിജയത്തിലേക്ക് വെളിച്ചം വിശുന്നത്. നാരായണ പണിക്കര്‍ യു ഡി എഫിനോട് ഇടഞ്ഞാണെങ്കിലും ഇടത് സ്ഥാനര്‍ത്ഥി ജി കൃഷ്ണപ്രസാദിനോട് പെരുന്നയിലെ എന്‍ എസ് എസ് നേതാക്കള്‍ക്ക് വിയോജിപ്പുണ്ട്. എന്‍ എസ് എസ് വോട്ടുകള്‍ നഷ്ടപ്പെടാതിരിക്കാന്‍ യു ഡി എഫ് നേതാക്കള്‍ നടത്തിയ അവസാനവട്ട ശ്രമങ്ങളെല്ലാം ഫലം ചെയ്തെങ്കില്‍ വിജയം വലതുപക്ഷത്താകും.
എറണാകുളത്ത് സമുദായപ്രശ്നങ്ങള്‍ ഇരുമുന്നണികളുടെയും ഫലത്തെ സ്വാധീനിച്ചേക്കും. ഇവിടെ സാമുദായിക പരിഗണന ഇടതു മുന്നണിക്ക് ഭീഷണി സൃഷ്ടിക്കുന്നുണ്ട്. ലത്തീന്‍ കത്തോലിക്ക വിഭാഗക്കാരനായ ഡൊമിനിക് പ്രസന്‍റേഷന്‍ വിജയിക്കാനാണ് ഇവിടെ സാധ്യത.
ഹിന്ദു വോട്ടുകളിലെ ഒരു ഭാഗം ബി ജെ പി സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രന്‍ നേടുമെന്നതും എല്‍ ഡി എഫിന് ക്ഷീണം വരുത്തും. ഭരണവിരുദ്ധവികാരം കൂടി ചേരുമ്പോള്‍ അത് സീനുലാലിന് നഷ്ടമുണ്ടാക്കും. പാര്‍ട്ടിയിലെ വിഭാഗീയതയും സീനുലാലിന് ദോഷകരമായി ബാധിച്ചാല്‍ ഇവിടേയും ഫലം മറിച്ചാവില്ല.
എന്തായാലും, അവസാനത്തെ ചിരി കാണാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. കണക്കുകൂട്ടലുകളുടെയും കൂട്ടിക്കിഴിക്കലുകളുടെയും മണിക്കൂറുകളാണിനി. അതു വരെ മനക്കണക്കില്‍ മുന്നണികള്‍ക്ക് ആശ്വസിക്കാം.