‘മൂര്‍ക്കനാട് സ്കൂള്‍ കടവില്‍ ചാലിയാറിന് കുറുകെ തൂക്കുപാലം പണിയുന്ന കാര്യം ഗൌരവമായി പരിഗണിക്കും’ - ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. കേന്ദ്രമന്ത്രി ഇ അഹമ്മദിനെപ്പോലെ അദ്ദേഹത്തിന്‍റെ ശബ്ദം ഇടറിയിരുന്നില്ല. പകരം, തൂക്കുപാലം പണിയാമെന്ന വാഗ്ദാനം നല്‍കി ജനങ്ങളെ ആശ്വസിപ്പിക്കാനുള്ള ആവേശമാണ് കണ്ടത്. ഇങ്ങനെയൊരു തീരുമാനം കൈക്കൊള്ളാന്‍ മലപ്പുറം മൂര്‍ക്കനാട്ടെ എട്ടുകുടുംബങ്ങള്‍ക്ക് തങ്ങളുടെ ആശയും ആശ്രയവുമായ കുഞ്ഞുങ്ങളെ ബലി നല്‍കേണ്ടി വന്നു.
മൂര്‍ക്കനാട് സ്കൂള്‍ കടവില്‍ വള്ളം മറിഞ്ഞ് എട്ടു കുട്ടികള്‍ മരിച്ചപ്പോള്‍ ‘ഇനി പാലം പണിഞ്ഞുകളയാം’ എന്ന തീരുമാനമെടുക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞു. മൂര്‍ക്കനാട്ടെ ജനങ്ങളുടെ ഈ ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. യാത്രാ ദുരിതവും അപകട സാധ്യതയും പലതവണ അധികൃതരെ ബോധ്യപ്പെടുത്തിയതുമാണ്. എന്നാല്‍ ഇത്തരം ശ്രമങ്ങള്‍ക്കൊന്നും അധികാരികളുടെ കണ്ണുതുറപ്പിക്കാനാവില്ല. അതിന് കൊടിയ ദുരന്തങ്ങളുടെ കണ്ണീരിന്‍റെ പിന്തുണ വേണം.
ജലദുരന്തങ്ങള്‍ അടിക്കടിയുണ്ടാകുമ്പോള്‍ ആശ്വാസവചനങ്ങള്‍ പറഞ്ഞ് തടിതപ്പുന്ന ഏര്‍പ്പാട് കേരളത്തിന് പുതുമയല്ല. തേക്കടി ബോട്ടുദുരന്തം ഉണ്ടായപ്പോഴും ഇത്തരം ‘ദ്രുതഗതി’യിലുള്ള നടപടികള്‍ കണ്ടതാണ്. കേരളത്തിലെ തടാകങ്ങളുടെയും പുഴകളുടെയും കായലിന്‍റെയുമൊക്കെ കണക്കുകളും അവയുടെ കരയിലെ ജനങ്ങളുടെ ജീവിതവും പഠിക്കാന്‍ സര്‍ക്കാരിനോ ഉദ്യോഗസ്ഥര്‍ക്കോ കഴിയുന്നില്ല. അപകട സാധ്യത എവിടെയെന്ന് നേരത്തേ മനസിലാക്കാന്‍ കഴിയാത്തത് മാപ്പര്‍ഹിക്കാത്ത അപരാധമാണ്.
എട്ടുകുട്ടികളുടെ ജീവന്‍ പൊലിഞ്ഞ മൂര്‍ക്കനാട് സ്കൂള്‍ കടവിന്‍റെ കാര്യം തന്നെയെടുക്കാം. ഈ കടവില്‍ നിന്നും യാത്രയ്ക്ക് കടത്തുവള്ളത്തെ ആശ്രയിക്കുന്നത് മൂര്‍ക്കനാട്ടുകാര്‍ മാത്രമല്ല. ഉള്ളുപറമ്പ്, മൈത്ര, തെക്കും മുറി, ഉണ്ണിമുറ, ചേലക്കോട് എന്നീ പ്രദേശങ്ങളിലെയും ജനങ്ങള്‍ ഈ കടവിലെ കടത്തുവള്ളങ്ങളെയാണ് യാത്രയ്ക്കായി ആശ്രയിക്കുന്നത്. ഊര്‍ങ്ങാട്ടിരി പഞ്ചായത്തിലാണ് ഈ പ്രദേശങ്ങള്‍. മഴക്കാലം ഇവിടുത്തുകാര്‍ക്ക് ദുരിതകാലമാണ്.
ജനങ്ങള്‍ക്ക് സുരക്ഷിതമായി അക്കരെയിക്കരെ കടക്കാന്‍ ഒരു തൂക്കുപാലം വേണമെന്ന ആവശ്യത്തെ കാലാകാലങ്ങളില്‍ ഓരോ മുടന്തന്‍ ന്യായങ്ങള്‍ പറഞ്ഞ് അധികൃതര്‍ തള്ളിക്കളഞ്ഞിട്ടുണ്ട്. മൈത്ര കടവില്‍ പാലം അനുവദിച്ചപ്പോള്‍ മൂര്‍ക്കനാടിനെ തഴഞ്ഞു. പത്തനാപുരം ദേശത്ത് പാലമുണ്ടെങ്കിലും മൂര്‍ക്കനാട്ടുകാര്‍ക്ക് അതുവഴി പോകുമ്പോള്‍ അധികം യാത്ര ചെയ്യേണ്ടത് നാലര കിലോമീറ്ററാണ്.
എട്ടു സ്കൂള്‍ വിദ്യാര്‍ത്ഥികളുടെ ജീവന്‍ അപഹരിക്കപ്പെട്ടപ്പോള്‍ മന്ത്രി പറയുന്നത് മൂര്‍ക്കനാട് കടവില്‍ പാലം പണിയുന്നത് പരിഗണിക്കാമെന്നാണ്. ചാലിയാറിന്‍റെ കരയില്‍ ഇത്തരം കടവുകള്‍ ധാരാളമുണ്ട്. അവിടങ്ങളിലെല്ലാമുള്ളവര്‍ പാലം എന്ന ആവശ്യം ഉന്നയിക്കുന്നവരാണ്. ആയിരക്കണക്കിന് ജനങ്ങള്‍ ഈ കടവുകളില്‍ കടത്തു വള്ളങ്ങളില്‍ യാത്ര ചെയ്യുന്നു. ഈ ആവശ്യങ്ങള്‍ക്കു നേരെ കണ്ണടയ്ക്കുമ്പോള്‍ വീണ്ടും അപകടങ്ങള്‍ക്കുള്ള സാധ്യത വര്‍ദ്ധിക്കുകയാണ്.
പല കടവുകളിലും ആവശ്യത്തിന് വള്ളമോ സുരക്ഷാ ക്രമീകരണങ്ങളോ ഇല്ല. ലക്‍ഷ്യസ്ഥാനങ്ങളില്‍ വേഗം എത്തിപ്പെടാനുള്ള തിടുക്കത്തില്‍ പരിധിയില്‍ കൂടുതല്‍ ആളുകള്‍ വള്ളങ്ങളില്‍ കയറുന്നു. അക്കരെയിക്കരെ കയര്‍ കെട്ടി വലിക്കുന്ന വള്ളങ്ങളും കുറവല്ല. ഇവയും അപകട സാധ്യത വര്‍ദ്ധിപ്പിക്കുന്നു. ഇതൊന്നും കണ്ണില്‍ പെടാത്ത സര്‍ക്കാര്‍ ദുരന്തങ്ങളുണ്ടാകുമ്പോള്‍ മുതലക്കണ്ണീരൊഴുക്കുകയാണ്. ഇത്തരം നടപടികളിലൊന്നും അത്ഭുതം കൂറേണ്ടതില്ല, തേക്കടി ദുരന്തത്തിന്‍റെ കാരണം ഡ്രൈവറാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമിച്ചവര്‍ അധികാരികളായിരിക്കുമ്പോള്‍ എന്തുതന്നെ സംഭവിച്ചുകൂടാ.