ലോകസഭാ തെരഞ്ഞെടുപ്പിന് ശേഷം ചുഴലിക്കാറ്റ് പോലെ ബി ജെ പിയില്‍ രൂപപ്പെട്ട ആഭ്യന്തര ഭിന്നത ഓരോ തെരഞ്ഞെടുപ്പ് കഴിയുമ്പോഴും രുക്ഷമാവുന്നതാണ് കാണാന്‍ കഴിയുന്നത്. ഡിസംബര്‍ അവസാനം പുതിയ അധ്യക്ഷനെ തെരഞ്ഞെടുക്കുമെന്ന പറയുന്ന ബി ജെ പിയില്‍ അണികളുടെ കൊഴിഞ്ഞുപോക്കും വര്‍ധിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. വ്യക്തികളെ മുന്നില്‍ നിര്‍ത്തി കോണ്‍ഗ്രസ് തരംഗം സൃഷ്ടിക്കുമ്പോള്‍ ആശയങ്ങളും കെട്ടുറപ്പും കൊണ്ടായിരുന്നു ബിജെപി എന്നും ഇതിനെ പ്രതിരോധിച്ചിരുന്നത്. സ്വതന്ത്ര ഇന്ത്യയുടെ ഭരണചക്രം തിരിക്കുന്നിടം വരെ അവരെ എത്തിച്ചത് ജനങ്ങളുടെ ഈ വിശ്വാസമാണ്.
രാജസ്ഥാനില്‍ വസുന്ധര രാജ സിന്ധ്യക്കെതിരെയും പാര്‍ട്ടി നേതൃത്വത്തെ തുറന്നു വിമര്‍ശിച്ച അരുണ്‍ ഷൂരിക്കെതിരെ നടപടിയെടുക്കാന്‍ പോലും കഴിയാതെ പാര്‍ട്ടി നേതൃത്വം പകച്ചുനില്‍ക്കുകയായിരുന്നു. തന്‍റെ ആവശ്യങ്ങള്‍ അംഗീകരിക്കാതെ പ്രതിപക്ഷനേതൃസ്ഥാനത്ത് നിന്നും രാജിവെക്കില്ലെന്ന് പ്രഖ്യാപിച്ച് ദേശീയ നേതൃത്വത്തിനെതിരെ തുറന്ന പോരാട്ടം തുടരുകയായിരുന്നു വസുന്ധര. കഴിഞ്ഞ ഓഗസ്റ്റില്‍ തന്നെ പാര്‍ട്ടി ദേശീയ നേതൃത്വം പ്രതിപക്ഷ നേതൃ സ്ഥാനത്ത് നിന്നും വസുന്ധരയെ നീക്കാന്‍ തീരുമാനിച്ചിരുന്നു. അതേസമയം, പാര്‍ട്ടിയുടെ നിലപാട് രാജസ്ഥാന്‍ നേതൃത്വത്തിലെ തമ്മിലടി രൂക്ഷമാക്കാനേ സഹായിച്ചുള്ളു.
ഭൂരിഭാഗം പാര്‍ട്ടി എം എല്‍ എമാരും വസുന്ധരയെ പിന്തുണയ്ക്കുന്നവരാണ്. ഇവരെ മാറ്റി നിര്‍ത്തിയാല്‍ രാജസ്ഥാനില്‍ പിന്നെ ബി ജെ പി ഉണ്ടാകില്ലെന്ന് തന്നെ പറയാം പാര്‍ട്ടി നേതൃത്വത്തിനും ഇത് വ്യക്തമായി അറിയാം. ഇതിനിടെ, ബി ജെ പി അധ്യക്ഷന്‍ രാജ്നാഥ് സിംഗുമായുള്ള ഭിന്നതയെ തുടര്‍ന്ന് പാര്‍ട്ടിയുടെ കേന്ദ്ര തെരഞ്ഞെടുപ്പ് സമിതിയോഗം മുതിര്‍ന്ന നേതാവ് അരുണ്‍ ജയ്റ്റ്‌ലി ബഹിഷ്കരിച്ചതും വിവാദമായി. സുധാന്‍ഷു മിത്തലിനു വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ പ്രചാരണ ചുമതല നല്‍കിയതാണ് ജയ്റ്റ്‌ലിയെ പ്രകോപിതനാക്കിയത്.
രാജ്നാഥ് സിംഗാണ് മിത്തലിനെ നിയമിച്ചത്. ഇതിന്‍റെ പുറമേ ഉയര്‍ന്ന കര്‍ണാടക വിഷയത്തില്‍ ഭിന്നത പരിഹരിക്കാന്‍ ബി ജെ പി അരുണ്‍ ജയ്‌റ്റ്ലിയെ നിയോഗിച്ചെങ്കിലും പരിഹാരത്തിന് ഇനിയും കാത്തിരിക്കേണ്ടിയിരിക്കുന്നു. പാര്‍ട്ടിയുടെ ആദ്യ ദക്ഷിണേന്ത്യന്‍ മുഖ്യമന്ത്രിയായ യെദിയൂരപ്പയ്‌ക്കെതിരേ മൂന്ന് മന്ത്രിമാരാണ് പ്രധാനമായും രംഗത്ത് വന്നിരിക്കുന്നത്. ടൂറിസം മന്ത്രി ജി ജനാര്‍ദ്ദന റെഡ്‌ഡി, റവന്യൂ മന്ത്രി ജി കരുണാകര റെഡ്‌ഡി, ആരോഗ്യ മന്ത്രി ബി ശ്രീരാമലു എന്നിവരാണ് യെദിയൂരപ്പ വിരുദ്ധ ഗ്രൂപ്പിന് നേതൃത്വം നല്‍കുന്നത്.
ഉറച്ച തീരുമാനമെടുക്കാന്‍ ധൈര്യമില്ലാത്ത കേന്ദ്ര നേതൃത്വത്തെ ബെല്ലാരിയിലെ ഖനി രാജാക്കന്മാരായ റെഡ്‌ഡി സഹോദന്മാര്‍ വിറപ്പിച്ചു. കര്‍ണാടകയിലും ആന്ധ്രയിലുമുള്ള ഭൂരിഭാഗം ഖനികളുടേയും ഉടമകളാണ് റെഡ്‌ഡി സഹോദരന്മാര്‍. പ്രശ്നങ്ങളില്‍ സജീവമായി ഇടപെടാന്‍ മടിച്ച് ആര്‍എസ്‌എസ് ഉം മാറി നില്‍ക്കുകയാണ്. ഓരോ വിവാദവും കെട്ടടങ്ങുമ്പോഴും പുകയുന്ന അഗ്നിപര്‍വതം പോലെ അടുത്ത പൊട്ടിത്തെറി ബി ജെ പിയില്‍ ഉണ്ടായിക്കൊണ്ടേ ഇരിക്കുന്നു. ഗ്രൂപ്പുകളിയുടെ ഈ ലാവാ പ്രവാഹത്തില്‍ നിന്ന് രക്ഷതേടി അണികളും മറ്റ് തണലുകള്‍ തേടിയേക്കുമോ എന്നാണ് ഇനി കണ്ടറിയേണ്ടത്.