ദേശീയം | വിദേശവാര്‍ത്ത | കേരള വാര്‍ത്ത | സമകാലികം | ഇന്ന് അറിയാന്‍
പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » സമകാലികം » ബി ജെ പിയുടെ മരണമണി മുഴങ്ങുന്നു? (BJP's knell rings)
Feedback Print Bookmark and Share
 
PRO
ഭാരതീയ ജനതാ പാര്‍ട്ടിയുടെ മരണമണി മുഴങ്ങിത്തുടങ്ങിയിരിക്കുന്നു. അധികാരം നിലനിര്‍ത്താന്‍ സര്‍ക്കാറുകളും നയിക്കാന്‍ മികച്ച നേതൃത്വവും ഇല്ലാതെ ബി ജെ പി തളര്‍ന്നിരിക്കുന്നു. പാര്‍ട്ടിയില്‍ പുകഞ്ഞുകൊണ്ടിരിക്കുന്ന രാഷ്ട്രീയക്കനലില്‍ കേന്ദ്രനേതൃത്വം മുതല്‍ പ്രദേശിക ശാഖകള്‍ വരെ വാടിക്കരിയുകയാണ്. ദക്ഷിണേന്ത്യയിലെ പാര്‍ട്ടിയുടെ ശക്തികേന്ദ്രമായി അറിയപ്പെട്ടിരുന്ന കര്‍ണാടകയിലും ഒടുവില്‍ പാര്‍ട്ടിയുടെ നിയന്ത്രണത്തിനപ്പുറത്തേക്ക് കാര്യങ്ങള്‍ എത്തിയിരിക്കുന്നു. പാര്‍ട്ടിയേക്കാള്‍ വളര്‍ന്ന നേതാക്കളാണോ ബിജെപിയുടെ ഈ തകര്‍ച്ചയ്ക്ക് പിന്നില്‍?

നാലുമാസം മുമ്പ് നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിലെ വന്‍പരാജയത്തില്‍ നിന്ന് ബിജെപി ഇനിയും കരകയറിയിട്ടില്ല. തോല്‍വിയോടൊപ്പം തൊഴുത്തില്‍കുത്തുകൂടിയായപ്പോള്‍ പാര്‍ട്ടിനേതൃത്വം തന്നെ അങ്കലാപ്പിലാണ്. സാധ്യതകളുടെ കലയായ രാഷ്ട്രീയത്തില്‍ കഴിഞ്ഞ നാലുമാസത്തിനിടെ ഉരുത്തിരിഞ്ഞ അനുകൂല ഘടകങ്ങള്‍ പോലും പ്രയോജനപ്പെടുത്താന്‍ ബി ജെ പി നേതൃത്വത്തിന് കഴിഞ്ഞിട്ടില്ല.

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം ഭാരതീയ ജനതാ പാര്‍ട്ടിയുടെ ശക്തമായ തിരിച്ചുവരവ് സ്വപ്നം കണ്ട പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് കാണാനായത് മഞ്ഞുപാളിയില്‍ ഇടിച്ചുതകരുന്ന ബിജെപി എന്ന വന്‍‌കപ്പലിനെയാണ്. തിരിച്ചുകയറാ‍ന്‍ പണിപ്പെടുമ്പോഴെല്ലാം വീണ്ടും വെള്ളം കയറി കപ്പല്‍ മുങ്ങുന്ന അവസ്ഥ.

രാജസ്ഥാന്‍ പ്രതിപക്ഷ നേതൃസ്ഥാനം ഒഴിയാന്‍ വിസമ്മതിച്ച വസുന്ധര രാജെ സിന്ധ്യയാണ് പാര്‍ട്ടി നേതൃത്വത്തെ ആദ്യം പരസ്യമായി വെല്ലുവിളിച്ച് പരിഹാസ്യരാക്കിയത്. ജസ്വന്ത് സിംഗിന്‍റെ ജിന്നയെക്കുറിച്ചുള്ള പുസ്തകം പിന്നാലെ വന്നു. ബിജെപിയിലെ കരുത്തരായ ഒരു വിഭാഗം ഈ വിഷയത്തോടെ പാര്‍ട്ടിയോട് പ്രകടമായി ഇടഞ്ഞു. ഒടുവില്‍ യെദ്യൂരപ്പയ്ക്കും കാലിടറി. പ്രശ്നങ്ങളില്‍ നിന്ന് പ്രശ്നങ്ങളിലേക്ക് നീങ്ങുമ്പോള്‍ എന്ത് ചെയ്യണമെന്നറിയാതെ അന്ധാളിക്കുകയാണ് പാര്‍ട്ടി കേന്ദ്ര നേതൃത്വം.

ഉള്‍പ്പോര്, അനൈക്യം, ജനകീയ വിഷയങ്ങളില്‍ നിന്നുള്ള അകല്‍ച്ച, തന്ത്രപരമായ സഖ്യമൊരുക്കുന്നതിലെ പരാജയം എന്നിവയെല്ലാം ബി ജെ പിയുടെ തകര്‍ച്ചയ്ക്ക് കാരണമായിട്ടുണ്ട്. രാഹുലും മന്‍‌മോഹനും സോണിയയും കൂടിച്ചേരുന്ന കോണ്‍ഗ്രസ് തരംഗത്തെ അടുത്ത കാലത്തൊന്നും മറിക്കടക്കാന്‍ ബി ജെ പിക്ക് കഴിയുമെന്ന് തോന്നുന്നില്ല. അടുത്തിടെ നടന്ന മൂന്നു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് വിജയിച്ചത് ബി ജെ പിയുടെ ഗ്രൂപ്പിസത്തില്‍ നിന്നാണെന്ന് പകല്‍ വെളിച്ചം പോലെ വ്യക്തമാണ്.
 
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍