ദേശീയം | വിദേശവാര്‍ത്ത | കേരള വാര്‍ത്ത | സമകാലികം | ഇന്ന് അറിയാന്‍
പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » സമകാലികം » ഉത്തരം മുട്ടിക്കുന്ന ചോദ്യങ്ങള്‍ (Questions difficult to answer)
Feedback Print Bookmark and Share
 
PRO
ഇന്ത്യയുടെ ഭാവി കുട്ടികളിലാണെന്ന് പറഞ്ഞത് നമ്മുടെ പ്രഥമ പ്രധാനമന്ത്രിയായ ജവഹര്‍ലാല്‍ നെഹ്‌‌റുവാണ്. ഈ കുട്ടികളെ രാജ്യത്തിന്‍റെ നന്‍‌മയ്ക്കുതകുന്ന രീതിയില്‍ വാര്‍ത്തെടുക്കേണ്ടത് അധ്യാപകരുടെ ചുമതലയാണെന്ന് ആരും ഇതുവരെ പറഞ്ഞിട്ടില്ലെങ്കിലും നമ്മളെല്ലാം അങ്ങിനെയാണ് മനസ്സിലാക്കി വച്ചിരിക്കുന്നത്.

ഭാവി തലമുറയെ വാര്‍ത്തെടുക്കാന്‍ സംസ്ഥാനത്തെ ഇടതുപക്ഷ അധ്യാപക സംഘടനപെടുന്ന പെടാപ്പാടു കാണുമ്പോഴാണ് ഇത് ശരിക്കും മനസ്സിലാവുക. കുട്ടികളിലെ ബുദ്ധിശക്തിയും മത്സരക്ഷമതയുമെല്ലാം അളക്കാനുള്ളതാണ് പരീക്ഷകള്‍ എന്നാണ് വെപ്പ്. എന്നാല്‍ വിദ്യാഭ്യാസ പരിഷ്കരണങ്ങളുടെ അപ്പോസ്‌തോലനായ ബേബി സാറിന് പോലും ഈ പരീക്ഷാ സമ്പ്രദായത്തോട് അത്ര യോജിപ്പില്ല. പരീക്ഷകളും പരീക്ഷണങ്ങളുമില്ലാതെ എല്ലാവരും ഒന്നാമ‌ന്‍മാരാകുന്ന സമത്വസുന്ദര വിദ്യാര്‍ത്ഥിലോകം സ്വപ്നം കാണുന്ന ബേബി സാറിനെ പോലും ഞെട്ടിച്ചുകൊണ്ടായിരുന്നു കെ എസ് ടി എ ചോദ്യപേപ്പര്‍ തയ്യാറാക്കിയത്.

പ്ലസ്‌ ടു അര്‍ധ വാര്‍ഷിക ഇംഗ്ലീഷ്‌ പരീക്ഷയുടെ ചോദ്യപേപ്പറിലെ പത്രാധിപര്‍ക്കു കത്തെഴുതാനുള്ള ചോദ്യത്തിലൂടെയായിരുന്നു കെ എസ് ടി എയുടെ ചോദ്യ വിപ്ലവം. 'സെപ്റ്റംബര്‍ ആറിന്‌ മേഴ്സി രവിയുടെ മരണ വാര്‍ത്ത പത്രങ്ങളില്‍ നിങ്ങള്‍ കാണുന്നു. ഒന്നാം പേജിലെ വാര്‍ത്തയ്ക്കും കളര്‍ ഫോട്ടോയ്ക്കും പുറമെ ഉള്‍പേജിലും വാര്‍ത്തകളും ചിത്രങ്ങളും നല്‍കിയിരിക്കുന്നു. ഇതു കാണുമ്പോള്‍, 'ദ്‌ കിങ്‌ ഹു ലിം‌പ്ഡ്’ എന്ന ഇംഗ്ലീഷ്‌ നാടകത്തില്‍ സമൂഹത്തിലെ പ്രമുഖര്‍ക്ക്‌ സ്‌തുതി പാടുന്ന പ്രവണത നിങ്ങള്‍ ഓര്‍ക്കുന്നു. അടുത്ത നിമിഷം, പത്രത്തിന്റെ എഡിറ്റര്‍ക്ക്‌ വാര്‍ത്തയ്ക്കെതിരെ ഒരു കത്തെഴുതാന്‍ നിങ്ങള്‍ തീരുമാനിക്കുന്നു. അത്തരത്തില്‍ ഒരു കത്ത്‌ തയാറാക്കുക’ - ഇതാണ് ചോദ്യം. മേഴ്സി രവിയുടെ മരണ വാര്‍ത്ത വായിച്ചെന്നും മേലില്‍ പ്രമുഖര്‍ക്ക് സ്തുതി പാടുന്ന ഇത്തരം വാര്‍ത്തകള്‍ നല്‍കുന്നത്‌ ഒഴിവാക്കുമല്ലോ എന്നും എഡിറ്ററോട്‌ ആവശ്യപ്പെടാനും ചോദ്യത്തില്‍ നിര്‍ദേശം നല്‍കിയിരുന്നു.

കത്തില്‍ എന്തൊക്കെ വിവരങ്ങള്‍ ഉള്‍ക്കൊള്ളിക്കണം, എങ്ങനെ എഴുതണം എന്നുകൂടി ചോദ്യകര്‍ത്താവ് വിശദീകരിച്ച് നല്‍കാത്തത് ഭാഗ്യം. മാധ്യമങ്ങളെ സംബന്ധിച്ചിടത്തോളം പ്രമുഖരുടെ മരണ വാര്‍ത്തകള്‍ എപ്പോഴും ആഘോഷമാണ്. അതില്‍ ദേശാഭിമാനി പോലും മാറി നില്‍ക്കാറില്ല. പ്രത്യേകിച്ച് മേഴ്സി രവിയെപ്പോലെ കേരളം ആഘോഷിച്ച ഒരു പ്രണയത്തിനുടമയും രാഷ്ട്രീയകേരളത്തില്‍ സ്വന്തമായ വ്യക്തിത്വവുമുള്ള ഒരു നേതാവാകുമ്പോള്‍ മാധ്യമങ്ങളുടെ ആഘോഷം സ്വാഭാവികം. എന്നാല്‍ ഒരു കോണ്‍ഗ്രസ് നേതാവിന്‍റെ മരണവാര്‍ത്തക്ക് മാധ്യമസിന്‍ഡിക്കേറ്റ് ഇത്രയും പ്രാധാന്യം നല്‍കുന്നത് കെ എസ് ടി എക്ക് ദഹിക്കുമോ. ഒടുവില്‍ അത് രാജാവിനേക്കാള്‍ വലിയ രാജഭക്തിയായി ചോദ്യ രൂപത്തില്‍ പുറത്തുവരികയും ചെയ്തു. ചോദ്യത്തിലെ ദു:സൂചനകള്‍ മാധ്യമ സിന്‍ഡിക്കേറ്റ് തന്നെ പുറത്തുകൊണ്ടു വന്നപ്പോഴാണ് സംഭവം പുലിവാലാകുമെന്ന് മന്ത്രിക്ക് പോലും ബോധിച്ചത്.

അവിടം കൊണ്ടും നിര്‍ത്താന്‍ കെ എസ് ടി എ ഒരുക്കമായിരുന്നില്ല. വിപ്ലവം തോക്കിന്‍ കുഴലിലൂടെ എന്ന ആപ്തവാക്യം ഒന്ന് പരിഷ്കരിച്ച് വിപ്ലവം ചോദ്യശരങ്ങളിലൂടെ എന്നാക്കി തിരുത്തിയെഴുതാനായിരുന്നു കെ എസ് ടി എയുടെ ശ്രമം. ഉത്തരം എന്തായിരിക്കണം അല്ലെങ്കില്‍ എന്താവുമെന്ന് ഊഹിക്കാവുന്ന ചോദ്യങ്ങള്‍ ചോദിച്ച് നമ്മുടെ അധ്യാപകര്‍ വിദ്യാര്‍ത്ഥികളുടെ അധ്വാനഭാരം പിന്നെയും കുറച്ചുകൊണ്ടു വന്നേനെ. മന്ത്രി ഇടപെട്ട് കൃത്യസമയത്ത് അന്വേഷണം നടത്തി ചോദ്യം പുറത്തുവരും മുന്‍പേ പിന്‍‌വലിച്ചില്ലായിരുന്നെങ്കില്‍.

ബാബ്‌റി മസ്‌ജിദിന്റെ തകര്‍ച്ചയുമായി ബന്ധപ്പെട്ട്‌ നരസിംഹറാവു സര്‍ക്കാരിനുണ്ടായിരുന്ന രഹസ്യ അജണ്ട എന്തായിരുന്നു എന്നു വിശദീകരിക്കാന്‍ ആവശ്യപ്പെടുന്നതായിരുന്നു കെ എസ് ടി എ അണിയറില്‍ ഒരുക്കിവെച്ചിരുന്ന ചോദ്യം. അടിയന്തരാവസ്ഥ പ്രഖ്യാപനം കോണ്‍ഗ്രസിതര കക്ഷികള്‍ക്കു തങ്ങളുടെ രാഷ്ട്രീയ അടിത്തറ ശക്‌തമാക്കാന്‍ സഹായകമായെന്നും 1977ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ താഴെയിറക്കാന്‍ അവര്‍ സ്വീകരിച്ച മാര്‍ഗങ്ങള്‍ എന്തെന്നുമായിരുന്നു മറ്റ് ചോദ്യങ്ങള്‍. അടിയന്തരാവസ്ഥയില്‍ നിന്നു പഠിച്ച പാഠങ്ങള്‍ എന്തെല്ലാം, ഇന്ത്യയില്‍ കമ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ വളര്‍ച്ച വിവരിക്കുക, സിപിഐയും സിപിഎമ്മും രൂപീകരിക്കപ്പെട്ടതെങ്ങനെ എന്നിങ്ങനെയുള്ള ചോദ്യങ്ങളാണ് പ്ലസ് - ടുക്കാരന്‍റെ രാഷ്ട്രീയ അവബോധം അളക്കാന്‍ കെ എസ് ടി എ തയ്യാറാക്കിവച്ചിരുന്നത്.
PRO


ഈ ചോദ്യങ്ങളെല്ലാം എന്‍സിഇആര്‍ടി പാഠ്യപുസ്‌തകത്തിന്റെ അടിസ്ഥാനത്തില്‍ തയാറാക്കിയതാണെന്ന് ഒന്നാം ക്ലാസുകാരന്‍ പോലും വിശ്വസിക്കുമെന്ന് തോന്നുന്നില്ല. മുന്‍പ് എന്‍ ഡി എ ഭരണകാലത്ത് മാനഭവ വിഭവശേഷി മന്ത്രി മുരളീ മനോഹര്‍ ജോഷി വിദ്യാഭ്യാസ രംഗത്തെ കാവിവല്‍ക്കരിക്കുന്നു എന്ന് വലിയ വായില്‍ വിളിച്ചു പറഞ്ഞവര്‍ തന്നെയാണ് ഇപ്പോള്‍ ഇതിനൊക്കെ നേതൃത്വം നല്‍കിയതെന്നാണ് മറ്റൊരു വിരോധാഭാസം. മതമില്ലാത്ത ജീവനെ 'മനുഷ്യത്വം വിളയുന്ന ഭൂമി' ആക്കി മാറ്റി തടിയൂരിയവര്‍ ഇത്തവണയും വലിയ പരിക്കുകളൊന്നുമില്ലാതെ രക്ഷപ്പെട്ടേക്കും.

പാഠപുസ്‌തകങ്ങളില്‍ ’ചുവപ്പന്‍’ ചോദ്യങ്ങള്‍ നിറച്ചാല്‍ മന്ത്രി പ്രസാദിക്കുമെന്ന ചില കെ എസ് ടി എ നേതാക്കളുടെ ഉള്ളിലിരുപ്പ് ചോദ്യരൂപത്തില്‍ പുറത്തുവന്നപ്പോള്‍ അതിനെതിരെ മുഖംതിരിച്ചാണ് ബേബിമന്ത്രി ഉത്തരം നല്‍കിയത്. ഏതായാലും കെ എസ് ടി എയുടെ പിടലിക്ക് ഒരു തട്ട് കൊടുത്ത് ഇനിമുതല്‍ ചോദ്യപേപ്പര്‍ തയ്യാറാക്കാന്‍ വിദ്യാഭ്യാസ ഡയറക്‌ടറേറ്റിനെ ഏല്പിക്കാന്‍ ബേബി തീരുമാനിച്ചുവെങ്കിലും അപ്പോഴും ഉത്തരം മുട്ടിക്കുന്ന ഒരു ചോദ്യം നമുക്ക് മുന്നിലുണ്ട്. ക്ലാസ് പരിക്ഷയുടെ ചോദ്യപേപ്പറുകള്‍ തയ്യാറേക്കേണ്ടത് ഈ കെ എസ് ടി എക്കാര്‍ തന്നെയല്ലേ?
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍