ദേശീയം | വിദേശവാര്‍ത്ത | കേരള വാര്‍ത്ത | സമകാലികം | ഇന്ന് അറിയാന്‍
പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » സമകാലികം » ബി ജെ പിക്ക് തുടര്‍ച്ചയായ തിരിച്ചടികള്‍ (Assembly polls - setback for BJP)
Feedback Print Bookmark and Share
 
PTI
ബി ജെ പി ക്യാമ്പ് മൂകമാണ്. ‘പരാജയം സമ്മതിക്കുന്നു’ എന്ന് ബി ജെ പി നേതാക്കള്‍ തെരഞ്ഞെടുപ്പുകള്‍ക്ക് ശേഷം വിലപിക്കുന്നത് പതിവായിരിക്കുന്നു. അധികാരത്തിന്‍റെ ഇടനാഴികളില്‍ തങ്ങളുടെ കാല്‍പ്പാടുകള്‍ പതിക്കാനുള്ള അവസരങ്ങള്‍ തുടര്‍ച്ചയായി നഷ്ടപ്പെടുന്നത് അങ്കലാപ്പോടെയും നിരാശയോടെയും കണ്ടിരിക്കുകയാണ് ബി ജെ പി നേതൃത്വം. അതെ, കടുത്ത നിരാശയില്‍ ആഴ്ന്നിരിക്കുകയാണ് ഭാരതീയ ജനതാ പാര്‍ട്ടി.

മൂന്നിടങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തുവന്നപ്പോള്‍ സന്തോഷിക്കാനോ പ്രതീക്ഷ പുലര്‍ത്താനോ കഴിയുന്ന ഒന്നും ബി ജെ പിയെ സംബന്ധിച്ചില്ല. ഇന്ത്യയുടെ അധികാരം വീണ്ടും പിടിച്ചടക്കാമെന്ന് മോഹിച്ച് കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിനെ നേരിട്ട ബി ജെ പി അന്നുണ്ടായ തകര്‍ച്ചയില്‍ നിന്ന് വീണ്ടും തകര്‍ച്ചയിലേക്ക് നിലം പതിക്കുന്ന കാഴ്ചയാണ്. കോണ്‍‌ഗ്രസാകട്ടെ അഭിവൃദ്ധിയുടെ പടവുകള്‍ വേഗത്തില്‍ ചവിട്ടിക്കയറുന്നു. നിരാശയ്ക്കും നിലവിളികള്‍ക്കും മറ്റെന്ത് കാരണം വേണം?

അരുണാചല്‍ പ്രദേശില്‍ കോണ്‍ഗ്രസിന്‍റെ മുന്നേറ്റത്തിന് ബി ജെ പിക്കെന്നല്ല ആര്‍ക്കും ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. ബി ജെ പിക്ക് ഒട്ടും പ്രതീക്ഷാ നിര്‍ഭരമായ വാര്‍ത്തയല്ല അരുണാചല്‍ നല്‍കുന്നത്. മഹാരാഷ്ട്രയില്‍ ബി ജെ പി - ശിവസേനാ സഖ്യത്തിനും കനത്ത തിരിച്ചടിയാണ് ലഭിക്കുന്നത്. മഹാരാഷ്ട്രയുടെ അധികാരച്ചൊങ്കോല്‍ വീണ്ടും കോണ്‍ഗ്രസ് - എന്‍ സി പി സഖ്യം കയ്യാളുകയാണ്. ഹരിയാനയിലും ബി ജെ പി തൂത്തെറിയപ്പെട്ടു.

അരുണാചലും ഹരിയാനയും കാര്യമാക്കേണ്ടതില്ല. മഹാരാഷ്ട്രയിലെ തിരിച്ചടിയാണ് ബി ജെ പിയെ തളര്‍ത്തുന്നത്. സഖ്യകക്ഷിയായ ശിവസേന തളര്‍ന്നു കുഴയുകയാണ് മഹാരാഷ്ട്രയില്‍. ബാല്‍ തക്കറെയുടെ അപ്രമാദിത്വം അവസാനിക്കുന്ന കാഴ്ച ഞെട്ടിക്കുന്നതാ‍ണ്. ബി ജെ പിക്ക് കാര്യമായ പരുക്കേറ്റില്ലെങ്കിലും ശിവസേനയുടെ വീഴ്ച ഇനിയൊരു അധികാര സ്വപ്നം ഈ കൂട്ടായ്മയ്ക്ക് നഷ്ടപ്പെടുത്താന്‍ കാരണമാകുന്നു. ഏതാണ്ട് മുപ്പതോളം സീറ്റുകളിലാണ് മഹാരാഷ്ട്രയില്‍ ബി ജെ പി - ശിവസേനാ സഖ്യം പിന്നാക്കം പോയിരിക്കുന്നത്. പടിഞ്ഞാറന്‍ മഹാരാഷ്ട്രയില്‍ കനത്ത തിരിച്ചടിയാണ് ബി ജെ പി നേരിട്ടത്. കര്‍ഷക ആത്മഹത്യകള്‍ പെരുകിയ വിദര്‍ഭയില്‍ പോലും കോണ്‍ഗ്രസ് മിന്നിത്തിളങ്ങി.

ലോക്സഭാ തെരഞ്ഞെടുപ്പിലെ അപ്രതീക്ഷിതമായ ആഘാതത്തിന് ശേഷം ബി ജെ പി ആടിയുലയുകയാണ്. അണികളെ പിടിച്ചുനിര്‍ത്താന്‍ നടത്തുന്ന വ്യായാമങ്ങളായി പാര്‍ട്ടിപ്രസ്താവനകള്‍ മാറുന്നു. നേതാക്കള്‍ തമ്മിലടിക്കുന്നു. പരസ്യമായ വിഴുപ്പലക്കലുകളുടെ കളമായുള്ള അധഃപതനം. തീവ്രഹിന്ദുത്വവാദികളും മിതവാദികളും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായി. കോണ്‍ഗ്രസിനെ എതിര്‍ക്കാനുള്ള ആര്‍ജ്ജവം നഷ്ടപ്പെട്ടു എന്ന് മാത്രമല്ല, ആഭ്യന്തരകലാപം അവസാനിപ്പിക്കാനുള്ള ശേഷികൂടി നഷ്ടപ്പെട്ട അവസ്ഥയിലായിരിക്കു ബി ജെ പി.

കോണ്‍‌ഗ്രസിന്‍റെ സമാനതകളില്ലാത്ത വളര്‍ച്ച അസ്വസ്ഥമാക്കുമ്പോഴും അതിനെ നേരിടാനുള്ള കരുത്ത് ആര്‍ജ്ജിക്കാനാകാത്ത നിസഹായാവസ്ഥ ബി ജെ പി നേതൃത്വത്തെ ബാധിച്ചിരിക്കുകയാണ്. അയോധ്യയിലെ ക്ഷേത്രനിര്‍മ്മാണം ഉള്‍പ്പടെയുള്ള കത്തുന്ന വിഷയങ്ങള്‍ വീണ്ടും സജീവമാക്കാനുള്ള ശ്രമങ്ങള്‍ പാര്‍ട്ടിക്കുള്ളില്‍ ആലോചനയിലുണ്ട്. എന്നാല്‍ ഇതിന് വേണ്ടത്ര പിന്തുണ ആഭ്യന്തരമായി ലഭിക്കുന്നില്ല. നേതൃത്വത്തിനെതിരെയുള്ള സമരം ബി ജെ പിക്കുള്ളില്‍ മൂര്‍ച്ഛിക്കുകയാണ്.

മൂന്നു സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിലും കാര്യമായ മുന്നേറ്റം ഉണ്ടാക്കാനാകാതെ വന്നതോടെ നേതൃമാറ്റം എന്ന ആവശ്യം ബി ജെ പിയില്‍ ശക്തമാകുമെന്നുറപ്പാണ്. എല്‍ കെ അദ്വാനി പ്രതിപക്ഷ നേതൃസ്ഥാനം ഏതു നിമിഷവും രാജിവച്ചൊഴിഞ്ഞേക്കാം. രാജ്നാഥ് സിംഗിനും ഇനി അധികകാലം തുടരാനാകില്ല. പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ കഴിവുള്ള പുതുനിരയ്ക്കായി മുറവിളികള്‍ ഉയരും. പാര്‍ട്ടി പൂര്‍ണമായും ആര്‍ എസ് എസിന്‍റെ കൈപ്പിടിയിലൊതുങ്ങാനുള്ള സാധ്യതകള്‍ക്കാണ് വഴി തുറക്കുന്നത്. എന്തായാലും ബി ജെ പി വിവാദകോലാഹലങ്ങളുടെ ചൂടില്‍ പുകയുന്നതിന് ഇന്ത്യന്‍ രാഷ്ട്രീയം ഇനിയും സാക്‍ഷ്യം വഹിക്കേണ്ടി വരും എന്ന് ഉറപ്പ്.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍