ദേശീയം | വിദേശവാര്‍ത്ത | കേരള വാര്‍ത്ത | സമകാലികം | ഇന്ന് അറിയാന്‍
പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » സമകാലികം » മാറഡോണയെ ഇത്തവണ ആര് രക്ഷിക്കും? (Who will save Maradona this time?)
Feedback Print Bookmark and Share
 
Football
PRO
PRO
മാറഡോണയെ പറ്റി ഒരു കഥയുണ്ട്. കുട്ടിക്കാലത്ത് മാറഡോണയും കുടുംബവും താമസിച്ചിരുന്നത് ബ്യൂണസ് അയേഴ്സിന്റെ പ്രാന്തപ്രദേശത്തായിരുന്നു. വൃത്തിയും വെടിപ്പും ഇല്ലാത്ത അവിടെ കക്കൂസ് ടാങ്കുകള്‍ തുറന്നാണെത്രെ കിടന്നിരുന്നത്. കുഞ്ഞായിരുന്ന മാറഡോണ ഒരു ദിവസം രാത്രി കക്കൂസ് ടാങ്കുകളിലൊന്നില്‍ വീണു. അമ്മാവന്‍ സിര്‍ലിലോ കണ്ടില്ലായിരുന്നുവെങ്കില്‍ ‘ദൈവത്തിന്റെ കൈ’ ആവാന്‍ മാറഡോണ ബാക്കി ഉണ്ടാകുമായിരുന്നില്ല.

ഫുട്‌ബോളെന്നാല്‍ ലാറ്റിനമേരിക്കക്ക് എല്ലാം മറന്നുള്ള ലഹരിയാണ്. ലാറ്റിനമേരിക്കയില്‍ നിന്നുള്ള അര്‍ജന്റീനയ്ക്കാവട്ടെ ഫുട്‌ബോളെന്നാല്‍ ജീവശ്വാസമാണ്. ലോക ഫുട്‌ബോള്‍ ചരിത്രത്തില്‍ സുവര്‍ണലിപികളിലാണ് അര്‍ജന്റീനയെ പറ്റി പരാമര്‍ശിക്കുന്നത്. എന്നാലിന്ന് ലാറ്റിനമേരിക്കന്‍ മേഖലയിലെ ലോകകപ്പ്‌ യോഗ്യതാ റൗണ്ടില്‍ നിന്ന് കരകയറാന്‍ ക്ലേശിക്കുന്ന ടീമാണ് അര്‍ജന്റീന. കോച്ചായ മാറഡോണയുടെ കഴിവുകേടാണ് ടീമിനെ ഈ നിലയില്‍ എത്തിച്ചത്.

മത്സരങ്ങള്‍ അവസാനഘട്ടത്തിലേക്ക് നീങ്ങുമ്പോള്‍ ബ്രസീല്‍, പരാഗ്വേ, ചിലി തുടങ്ങിയ ടീമുകള്‍ യോഗ്യതാ റൌണ്ടില്‍ നിന്ന് കരകയറിക്കഴിഞ്ഞു. എന്നാല്‍ മാറഡോണയും അര്‍ജന്റീനയും ഇപ്പോഴും പോരാട്ടത്തിലാണ്, അടുത്ത ലോകകപ്പ് ഫുട്‌ബോളില്‍ മത്സരിക്കാനുള്ള യോഗ്യതയ്ക്ക് വേണ്ടി.

ലോകകപ്പ് യോഗ്യത നേടാന്‍ അവശേഷിക്കുന്ന ടീമുകളില്‍ അര്‍ജന്റീനയ്ക്കാണ് ഏറ്റവും കൂടുതല്‍ പോയിന്റ്. ഒരു നിര്‍ണായകമത്സരത്തില്‍ പെറുവിനെ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്ക്‌ അടിയറവ് പറയിച്ചതോടെയാണ് അര്‍ജന്റീനയ്ക്ക് കൂടുതല്‍ പോയിന്റ് ലഭിച്ചത്. കളി തീരാന്‍ സെക്കന്റുകള്‍ അവശേഷിക്കെ മാര്‍ട്ടിന്‍ പാലെര്‍മോ നേടിയ ഗോളാണ് അര്‍ജന്റീനയെ തുണച്ചത്. തുടര്‍ച്ചയായ മൂന്നു പരാജയങ്ങള്‍ക്കു ശേഷമാണ്‌ അര്‍ജന്റീന ഒരു വിജയം നേടിയത്‌ എന്നത് ശ്രദ്ധേയമാണ്.

ഇനിയൊരു മത്സരത്തില്‍ കൂടി ജയിച്ചാലേ അര്‍ജന്റീനയ്ക്ക് ലോകകപ്പ് ഫുട്ബോള്‍ മാമാങ്കത്തില്‍ ഇറങ്ങാനുള്ള അര്‍ഹത ലഭിക്കൂ. അതിനാല്‍, വ്യാഴാഴ്ച അതിരാവിലെ നടക്കുന്ന ‘അര്‍ജന്റീന - യുറഗ്വായ്’ മത്സരം നിര്‍ണായകമാവുകയാണ്. ജയിച്ചാല്‍ മാറഡോണക്ക് അല്‍‌പം ആശ്വസിക്കാം. കുട്ടിക്കാലത്ത് മാറഡോണയെ രക്ഷിച്ചത് അമ്മാവന്‍ സിര്‍ലിലോ ആയിരുന്നുവെങ്കില്‍ ‘പുറത്താവുക’ എന്ന അപമാനക്കുഴിയില്‍ നിന്ന് മാറഡോണയെ രക്ഷിക്കാന്‍ ആരെങ്കിലും വരുമോ എന്ന് ഉറ്റുനോക്കുകയാണ് ഫുട്‌ബോള്‍ ലോകം.

ലോകം കണ്ട ഏറ്റവും നല്ല ഫുട്‌ബോള്‍ താരങ്ങളില്‍ ഒരാളായ മാറഡോണ കോച്ചെന്ന രീതിയില്‍ അമ്പേ പരാജയമാണ്. പക്വതയില്ലാത്ത പെരുമാറ്റവും തോന്നിയ രീതിയിലുള്ള പരിഷ്കരണങ്ങളും ചീത്തവിളിയും കൊണ്ട് ടീമിനെ മാറഡോണ നശിപ്പിച്ച് കളഞ്ഞു എന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ബാഴ്സലോണയടക്കമുള്ള വന്‍ ക്ലബുകള്‍ക്കായി ഗോളുകള്‍ അടിച്ചുകൂട്ടിയിട്ടുള്ള ലയണല്‍ മെസി ടീമിനുള്ളില്‍ വെറും കടലാസ് പുലിയാണ്. മാറഡോണ കോച്ചായി ചാര്‍ജെടുത്തതില്‍ പിന്നെ വെറും രണ്ട് പ്രാവശ്യമാണ് മെസിയുടെ കാലില്‍ നിന്നുതിര്‍ന്ന പന്ത് ഗോള്‍‌മുഖം കുലുക്കിയത്. ടീമിനുള്ളില്‍ കൂട്ടായ്മ ഇല്ലാത്തതാണ് മെസിയെ കടലാസ് പുലിയാക്കിയതെന്ന് നിരീക്ഷിക്കപ്പെടുന്നു. ടീമിനെ ഏറ്റവും മോശം ഫോമിലാക്കിയതിന്റെ പഴിയും മാറഡോണയ്ക്കാണ്.

രണ്ടു തവണ ലോക ചാമ്പ്യന്‍മാരായ യുറുഗ്വായ് തുടര്‍ച്ചയായ രണ്ടു ജയങ്ങള്‍ നേടിയ ശേഷമാണ്‌ അര്‍ജന്റീനയെ വെല്ലുവിളിക്കുന്നത്‌. കൊളംബിയയോടും ഇക്വഡോറിനോടുമായിരുന്നു അവരുടെ ജയങ്ങള്‍. 2002 ലാണ്‌ യുറുഗ്വായ് അവസാനമായി ലോകകപ്പ്‌ കളിച്ചത്‌. ഇത്തവണ എന്തുവന്നാലും യോഗ്യത നേടിയെടുക്കാനുള്ള അക്ഷീണയത്നത്തിലാണവര്‍. അവരെ തോല്‍‌പ്പിച്ച്, ദക്ഷിണാഫ്രിക്കയില്‍ വച്ച് 2010-ല്‍ നടക്കാന്‍ പോകുന്ന ലോകകപ്പ് ഫുട്‌ബോള്‍ മാമാങ്കത്തില്‍ പങ്കുചേരാന്‍ മാറഡോണയ്ക്കും കുട്ടികള്‍ക്കും ആവുമോ?
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍