മോഹന്‍ലാല്‍ ഐപിഎല്‍ ടീമിനെ വാങ്ങുമോ ഇല്ലയോ എന്ന കാര്യം അവിടെ നില്‍ക്കട്ടെ. ലാലേട്ടന്‍ ഐപിഎല്‍ ടീമിനെ വാങ്ങിയാല്‍ എന്ത് പേരിടും എന്ന ചോദ്യമാണ് നെറ്റിലെ മലയാളികളെ അലട്ടുന്ന ചൂടുള്ള വിഷയം. ഈ വിഷയം മൈക്രോ ബ്ലോഗിംഗ് സൈറ്റായ ട്വിറ്ററില്‍ ചര്‍ച്ചയ്ക്കിട്ട് കഴിഞ്ഞു. ‘മോഹന്‍ലാല്‍സ് ഐപിഎല്‍ ടീം’ എന്ന ട്വിറ്റര്‍ താള്‍ സന്ദര്‍ശിച്ചാല്‍ ആരും അത്ഭുതപ്പെട്ട് പോകും. ആയിരക്കണക്കിന് മലയാളികളാണ് ലാലേട്ടനെ ഒരു കൈ സഹായിക്കാനായി ട്വിറ്ററില്‍ ഒത്തുകൂടിയിരിക്കുന്നത്.
ലാലേട്ടന്റെ സിനിമയില്‍ എന്നപോലെ കോമഡിയും ആക്ഷനുമൊക്കെ ഒക്കെ നിറഞ്ഞുനില്‍ക്കുന്ന പേരുകളാണ് മലയാളി മൈക്രോ ബ്ലോഗര്‍മാര്‍ സംഭാവന ചെയ്തുകൊണ്ടിരിക്കുന്നത്. ശ്രീശാന്തിനോടുള്ള വിരോധം തൊട്ട്, കേരളത്തെ വിറപ്പിക്കുന്ന ക്വട്ടേഷന്‍ സംഘം വരെയുള്ള വിഷയങ്ങള്‍ ഓര്‍മപ്പെടുത്തുന്ന പേരുകളാണ് പ്രവഹിക്കുന്നത്. ഒരു മിനിറ്റില്‍ ഒരു പേര് എന്ന നിലയിലാണ് ലോകത്തിന്റെ നാനാ ഭാഗങ്ങളില്‍ നിന്നുള്ള മലയാളികളില്‍ നിന്ന് നാമനിര്‍ദേശം അടങ്ങിയ ട്വീറ്റുകള്‍ പ്രവഹിച്ച് കൊണ്ടിരിക്കുന്നത്.
വന്നിരിക്കുന്ന പേരുകളില്‍ അധികവും ലാലിന്റെ സിനിമകളെ അടിസ്ഥാനമാക്കിയുള്ളവയാണ്. രാജാവിന്റെ മക്കള്‍, ഗാന്ധിനഗര്‍ ഗൂര്‍ഖാസ്, സവാരിഗിരിഡേര്‍സ്, മംഗലശ്ശേരി മാടമ്പീസ്, സാധനം കയ്യിലുള്ളവര്‍ എന്നിങ്ങനെയാണ് ആ പേരുകള്‍, മമ്മൂട്ടിയെ കളിയാക്കിക്കൊണ്ട് മമ്മൂട്ടീസ് എന്‍വി കേരളാസ് പ്രൈഡ്, പട്ടണത്തില്‍ പൊട്ടന്‍സ് എന്നീ പേരുകളും സ്ഥാനം പിടിച്ചിട്ടുണ്ട്.
ശ്രീശാന്തിന്റെ സ്വഭാവ വിശേഷതകളെ കളിയാക്കിക്കൊണ്ട് അമ്മയുടെ ഗോപുമോന്‍സ്, ശ്രീശാന്ത് ബ്രേക്ക് ഡാന്‍സേഴ്സ് തുടങ്ങിയ പേരുകള്‍ ഇടം പിടിച്ചപ്പോള്‍ കൊച്ചി അച്ചീസ്, ഷക്കീല മാമിയുടെ പൊന്നുമക്കള്‍, പുത്തന്‍ പുരക്കല്‍ രാജേഷ് ആന്‍ഡ് സണ്‍സ്, ക്വട്ടേഷന്‍ ടീം എന്നിങ്ങനെ പേരുകള്‍ നിര്‍ദേശിച്ചുകൊണ്ട് സാമൂഹികവിമര്‍ശനം നടത്തിയവരും കുറവല്ല.
കേരളത്തിലെ വിവിധ സ്ഥലപ്പേരുകളെ ആദരിച്ചും വിമര്‍ശിച്ചും ഒരുപാട് പേരുകള്‍ ഇവിടെ വന്നിട്ടുണ്ട്. ഗോഡ്സ് ഓണ്‍ എലവന്‍, പാലക്കാട് പന്ന റാസ്കല്‍സ്, തിരുവോന്ത്രം പയല്‍സ്, കാലിക്കറ്റ് കൂതറാസ്, കൊല്ലത്തെ കൊള്ളരുതാത്തോര്‍ എന്നിവ ഉദാഹരണം. ദ കുറ്റീം കോലും എലവന്‍, നാറാണത്ത് ഭ്രാന്തന്മാര്‍, പിസി തോമസ് ഡ്രോപ്പൌട്ട്‌സ്, നായര്‍ ചായാസ്, ബെല്ലാരി രാജാസ് എന്നിങ്ങനെ രസകരങ്ങളായ പേരുകളും നിര്‍ദേശിക്കപ്പെട്ടിട്ടുണ്ട്.
ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്ന പത്ത് വിഷയങ്ങള്‍ ട്വിറ്ററില്‍ ‘ട്രെന്‍ഡ്’ ആയി വിശേഷിപ്പിക്കപ്പെടും. നെറ്റിലെ മലയാളികളെ മൊത്തം പങ്കെടുപ്പിച്ചുകൊണ്ട് ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയമായി ‘മോഹന്‍ലാല്‍സ് ഐപിഎല്‍ ടീ’മിനെ മാറ്റാന്‍ ട്വിറ്റര്‍ ഉപയോക്താക്കള്‍ ശ്രമിച്ചെങ്കിലും ലക്‌ഷ്യം കണ്ടില്ല. എങ്കിലും ലാലേട്ടന്റെ ഐപിഎല്‍ ടീമിന് കിട്ടിയ ഏറ്റവുമാദ്യത്തെ ജനകീയ വരവേല്‍പ്പ് തന്നെയാണ് ട്വിറ്ററിലെ ചൂടുള്ള ചര്‍ച്ച.
കളിയില്‍ അല്‍പം കാര്യം: ഐപിഎല്‍ ടീമിനായി മോഹന്‍ലാലും സുഹൃത്ത് പ്രിയദര്‍ശനും കൂടി ധനസമാഹരണം നടത്തുന്നുവെന്നാണ് ഏറ്റവും ഒടുവില്‍ കിട്ടിയ വാര്‍ത്ത. ടീമിനെന്ത് പേരിടുന്നുവെന്ന് മാധ്യമങ്ങള്‍ ചോദിച്ചെങ്കിലും ഇവര്‍ മറുപടി പറയുകയുണ്ടായില്ല. എന്നാല്‍ ‘സിറ്റി ക്രിക്കറ്റേഴ്സ്’ എന്നായിരിക്കും ലാല്‍ - പ്രിയന്‍ ഐപിഎല്‍ ടീമിന്റെ പേരെന്ന് ട്വിറ്ററില്‍ ഒരു വിരുതന്‍ ‘ന്യൂസ് ബ്രേക്ക്’ നല്‍കിയിരിക്കുന്നു.