ഒക്‌ടോബര്‍ മാസത്തെ കുറിച്ച് കഴിഞ്ഞ വര്‍ഷം ഇന്റര്‍നെറ്റില്‍ വമ്പന്‍ ചര്‍ച്ചകള്‍ നടന്നു. കൃത്യമായി പറഞ്ഞാല്‍ ഒക്‌ടോബര്‍ 17 നെ കുറിച്ച്. ആ ഒക്‌ടോബര്‍ 17 ന്റെ പ്രേതം ഈ വര്‍ഷവും കറങ്ങി നടക്കുന്നു, നെറ്റിലും മൊബൈലുകളിലും.
സങ്കല്‍പ്പിക്കാനാവാത്ത വിധം നീളമുള്ള ഒരു രാത്രിയും പകലും. 2400 വര്‍ഷത്തിനിടയ്ക്ക് ഒരിക്കല്‍ മാത്രം സംഭവിക്കുന്ന ഈ പ്രതിഭാസത്തിന് 2009 ഒക്‌ടോബര്‍ 17 ന് നിങ്ങളും സാക്ഷികളാവാന്‍ പോവുന്നു, എന്ന ഇ-മെയിലോ മൊബൈല്‍ സന്ദേശമോ നിങ്ങള്‍ക്ക് ലഭിച്ചാല്‍ ചിന്തിച്ചു തലപുണ്ണാക്കണ്ട, ഇതേ സന്ദേശം 2008 ലും ഇപ്പറഞ്ഞയിടങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു.
എന്താണ് ഒക്‌ടോബര്‍ 17 നെ കുറിച്ച് ഈ സന്ദേശങ്ങളില്‍ പറയുന്നത്? 2008 ഒക്‌ടോബര്‍ 17 ന് നമുക്ക് ഒരു ഭീമന്‍ പകല്‍ ഉണ്ടാവും, അതായത് 36 മണിക്കൂര്‍ (1.5 ദിവസം) നീളുന്ന ഒരു മാരത്തണ്‍ പകല്‍. അതായത്, ഇരുളാത്ത ഒരു രാത്രിയും അടുത്ത ദിവസത്തെ പകലും ചേര്‍ന്നാലേ ഒരു പകലിനോട് നമുക്ക് വിടചൊല്ലാന്‍ സാധിക്കൂ എന്ന് !
നമുക്ക് ഇത്രയും പകല്‍ ലഭിക്കുമ്പോള്‍ തീരാത്ത ഒരു രാത്രി ഭൂമിയുടെ മറുഭാഗത്തുള്ളവര്‍ക്ക് അനുഭവിച്ചല്ലേ മതിയാവൂ. നാം തീരാത്ത പകലിനെ തള്ളിവിടാന്‍ നോക്കുമ്പോള്‍ അമേരിക്കന്‍ രാജ്യങ്ങള്‍ ആ സമയത്ത് നിദ്രാവിഹീനമായ വലിയ രാത്രിയെ തള്ളിവിടുകയായിരിക്കും എന്നും സന്ദേശത്തില്‍ പറയുന്നു. ഇപ്പറഞ്ഞ കാര്യങ്ങള്‍ക്ക് ഒന്നും ഒരു വിധ ശാസ്ത്രീയ അടിത്തറയും ഇല്ല. ഇവയെല്ലാം കഴിഞ്ഞ വര്‍ഷം ഇ-മെയിലുകളായി പാറിപ്പറന്നു നടന്ന വിവരങ്ങളാണ്. ഇത്തരം മെയിലുകളും സന്ദേശങ്ങളും നെറ്റില്‍ വന്‍ ചര്‍ച്ചകള്‍ക്ക് വേദിയൊരുക്കിയെങ്കിലും അവസാനം ചലനമൊന്നും സൃഷ്ടിക്കാതെ 2008 ഒക്‌ടോബര്‍ 17 കടന്നു പോവുകയും ചെയ്തു!
അമേരിക്കയിലെ നാസയോ ഇന്ത്യയുടെ ഐഎസ്‌ആര്‍ഒയോ ഇത്തരത്തിലൊരു കാര്യത്തെ കുറിച്ച് ചിന്തിച്ചിട്ടു പോലുമില്ല. കാരണം ഇപ്പറഞ്ഞതിനൊന്നും യാതൊരു യുക്തിയുമില്ല എന്നതു തന്നെ. നമുക്ക് ഒരു മാരത്തണ്‍ പകല്‍ ലഭിക്കും എന്നു കരുണമെങ്കില്‍ അത്ഭുതം തന്നെ സംഭവിക്കണം. നമ്മുടെ ഭൂമി സ്വന്തം അച്ചുതണ്ടില്‍ തിരിയുന്നത് കൊണ്ടാണല്ലോ പകലും രാത്രിയും ഉണ്ടാവുന്നത്. നമുക്ക് നീളമുള്ള ഒരു പകല്‍ ലഭിക്കണമെങ്കില്‍ നാം അധിവസിക്കുന്ന ഭൂവിഭാഗം സൂര്യന് അഭിമുഖമായി കൂടുതല്‍ സമയം നില്‍ക്കണം.
അതായത്, നീണ്ട പകല്‍ വേണമെങ്കില്‍ നമ്മുടെ പ്രദേശത്തിന് അഭിമുഖമായി സൂര്യന്‍ എത്തുമ്പോള്‍ ഭൂമി കറക്കം നിര്‍ത്തണം. അല്ലെങ്കില്‍ അച്ചുതണ്ടില്‍ തിരിയുന്ന വേഗത കുറയ്ക്കണം-ഇതു രണ്ടും സാധ്യമല്ല.
ഇന്ത്യയില്‍ ദീപാവലി ആഘോഷിക്കുന്നത് 2009 ഒക്‌ടോബര്‍ 17 ന് ആണ്. അതായത് സൂര്യന്‍ തുലാം രാശിയിലേക്ക് കടക്കുന്ന സമയം. കഴിഞ്ഞ വര്‍ഷം കഴിഞ്ഞ വര്‍ഷവും ഒക്‌ടോബര്‍ 17 ന് ആയിരുന്നു തുലാം ഒന്ന്. അതായത്, സൂര്യന്‍ തുലാം രാശിയിലേക്ക് പ്രവേശിക്കുന്ന മുഹൂര്‍ത്തം എന്നതൊഴിച്ച് ജ്യോതിഷപരമായും ഇക്കാര്യത്തില്‍ വിശദീകരണം ഒന്നും ലഭിച്ചിട്ടില്ല.