ജനാധിപത്യ ഭരണ സമ്പ്രദായം നിലനില്‍ക്കുന്ന ഒരു രാജ്യത്ത് രാഷ്ട്രീയ നേതാക്കള്‍ എല്ലാ ജനാധിപത്യ മൂല്യങ്ങളും പാലിക്കേണ്ടത് അവരുടെ ബാധ്യതയാണ്. പ്രത്യേകിച്ച് അരാഷ്ട്രീയവത്കരണം ത്വരിതഗതിയിലായ സമകാലിക സമൂഹത്തിന്‍റെ വിശ്വാസം ആര്‍ജ്ജിക്കണമെങ്കില്‍ രാഷ്ട്രീയ നേതാക്കള്‍ ഇത് പാലിച്ചേ പറ്റൂ. ഡെമോക്രസിക്കുമേല്‍ മീഡിയാക്രസിക്ക് ആധിപത്യമുള്ള കാലത്ത് പ്രത്യേകിച്ചും. ആരാണ് ഈ മൂല്യങ്ങള്‍ പാലിക്കുന്നത് പാലിക്കാത്തത് എന്ന ചോദ്യത്തിന് ഇവിടെ പ്രസക്തിയില്ല.
കഴിഞ്ഞ ദിവസം കേരളത്തിലെത്തിയ എ ഐ സി സി ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധിയുടെ വരവിനെ വിശകലനം ചെയ്താല്‍ അതില്‍ ചില ധാര്‍മ്മിക പ്രശ്നങ്ങള്‍ മുഴച്ചുനില്‍ക്കുന്നതായി കാണാം. യുവജനങ്ങള്‍ക്കിടയില്‍ സ്വാധീനം കൂട്ടാന്‍ കോണ്‍ഗ്രസ് കണ്ടെത്തിയ തുറുപ്പുചീട്ടാണ് ഗാന്ധി കുടുംബത്തിലെ ഈ കണ്ണി. ധൈഷണികമായും രാഷ്ട്രീയമായും സാംസ്കാരികമായും അത്യുന്നതിയിലുള്ള കേരള യുവത്വത്തെ കുപ്പിയിലാക്കാന്‍ രാഹുലിന്‍റെ ഈ സന്ദര്‍ശന മാജിക് മതിയോ എന്നത് മറ്റൊരു വിഷയമാണ്.
പറഞ്ഞുവന്നത് കോണ്‍ഗ്രസ് നേതൃത്വത്തിന്‍റെ ചെലവുചുരുക്കല്‍ മാമാങ്കത്തെ പറ്റിയാണ്. മന്ത്രിമാരും എം പിമാരുമെല്ലാം ചെലവ് ചുരുക്കണമെന്നും സാധാരണ ജീവിതം നയിക്കണമെന്നുമുള്ള കോണ്‍ഗ്രസിന്‍റെ ആഹ്വാനം ഏതര്‍ത്ഥത്തിലും സ്വീകാര്യമാണ്. ബൂര്‍ഷ്വാ നവ - മുതലാളിത്ത മൂല്യങ്ങളില്‍ അടിയുറച്ച് പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയില്‍ നിന്ന് ഇത്തരത്തിലുള്ള ഒരു നിര്‍ദ്ദേശമുണ്ടായത് സമൂഹത്തിലെ ഒരു വലിയ വിഭാഗത്തെ അത്ഭുതപ്പെടുത്തി എന്നതില്‍ തര്‍ക്കമില്ല. കോണ്‍ഗ്രസ് മന്ത്രിമാരും എം പിമാരും വിമാനത്തിലെ ഇക്കോണമി ക്ലാസില്‍ സഞ്ചരിക്കണമെന്നായിരുന്നു സോണിയയുടെ കോണ്‍ഗ്രസ് നിര്‍ദ്ദേശിച്ചത്.
കേന്ദ്രമന്ത്രിമാരായ എസ് എം കൃഷ്ണയുടേയും ശശി തരൂരിന്‍റേയും ലക്‍ഷ്വറി സ്യൂട്ടിലെ താമസം വരെ കോണ്‍ഗ്രസ് നേതൃത്വം അവസാനിപ്പിച്ചു. ധനമന്ത്രി പ്രണാബ് മുഖര്‍ജിയും യു പി എ അധ്യക്ഷ സോണിയാ ഗാന്ധിയും വിമാനത്തില്‍ ഇക്കോണമി ക്ലാസില്‍ യാത്ര ചെയ്ത് മാതൃകയാകുകയും ചെയ്തു. എന്നാല്‍, ഇവയൊക്കെത്തന്നെ കണ്ണില്‍പ്പൊടിയിടലല്ലേ എന്ന ചോദ്യമാണ് രാഹുല്‍ ഗാന്ധിയുടെ യാത്രാ ധൂര്‍ത്ത് മുന്നോട്ട് വയ്ക്കുന്ന ചോദ്യം. ഇവിടെയാണ് ജനാധിപത്യ മൂല്യങ്ങളില്‍ കോണ്‍ഗ്രസ് വെള്ളം ചേര്‍ത്തു എന്ന് ബോധ്യപ്പെടുന്നത്.
ചെലവുചുരുക്കല്‍ യാത്രയുടെ മാതൃകയായി തീവണ്ടിയില്‍ സെക്കന്‍ഡ് ക്ലാസ് യാത്ര നടത്തി മാതൃക കാട്ടിയ രാഹുല്‍ കേരളത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ സന്ദര്‍ശനത്തിന് ചെലവിട്ടത് രണ്ട് കോടിയോളമാണ് എന്നത് ഏതൊരു ജനാധിപത്യ, രാഷ്ട്രീയ വിശ്വാസിയേയും ചൊടിപ്പിക്കുന്നതാണ്. മന്ത്രിമാരെ വരെ നിലയ്ക്കു നിര്‍ത്തിയ സോണിയാജി മകന്‍റെ ധൂര്‍ത്ത് കാണാത്തതെന്തേ എന്ന് അറിയാതെ ചോദിച്ചതില്‍ ക്ഷമിക്കുക. ഒരു എം പി എന്നതിലുപരി എന്ത് അധിക പരിഗണനയാണ് രാഹുലിന് ഇന്ത്യന്‍ സര്‍ക്കാര്‍ നല്‍കുന്നത്. ഇന്ത്യയിലെ മുഴുവന്‍ എം പിമാരും ഈ രീതിയില്‍ വിമാനയാത്ര നടത്തിയാല്‍ അതിന്‍റെ ചെലവ് ആര് വഹിക്കും.