വയനാട് - മൈസൂര്‍ അന്തര്‍സംസ്ഥാന പാതയില്‍ അതിവേഗതയില്‍ പായുന്ന വാഹനങ്ങളിടിച്ച് വന്യമൃഗങ്ങള്‍ കൊല്ലപ്പെടുമ്പോഴും വന്യമൃഗ സുരക്ഷയുടെ കാര്യത്തില്‍ സര്‍ക്കാരിന് മൌനം. അതിവേഗതയില്‍ പാഞ്ഞുവന്ന വാഹനമിടിച്ച്, മുത്തങ്ങയ്ക്ക് അടുത്തുള്ള പാതയില്‍ വച്ച് ഞായറാഴ്ചയും ഇവിടെ ഒരു വന്യമൃഗം ചത്തു. റോഡ് മുറിച്ചുകടക്കാന്‍ ശ്രമിച്ച ഒരു കുരങ്ങാണ് വാഹനത്തിനിടയില്‍ പെട്ട് തല പിളര്‍ന്ന് ചത്തത്. മുത്തങ്ങ വന്യമൃഗസങ്കേതം, വയനാട് വന്യമൃഗസങ്കേതം, ബന്ദിപ്പൂര്‍ നാഷണല്‍ പാര്‍ക്ക് എന്നിവയിലൂടെയാണ് വയനാട് - മൈസൂര്‍ അന്തര്‍സംസ്ഥാന പാത കടന്നുപോവുന്നത്. കാട്ടാനക്കൂട്ടവും മറ്റ് വന്യമൃഗങ്ങളും നിരന്തരം പാത മുറിച്ചുകടക്കുന്ന ഇവിടെ യാതൊരു വിധ വേഗതാ നിയന്ത്രണവും ഇല്ലെന്നതാണ് സത്യം. കോഴിക്കോട്ടുനിന്നും വയനാടില്‍ നിന്നും കര്‍ണാടകത്തിലേക്ക് പോവുന്ന വാഹനങ്ങളൊക്കെയും തന്നെ അമിത വേഗതയിലാണ് ഈ റോഡിലൂടെ കടന്ന് പോവുന്നത്.ഈ പാതയിലാണ് ബന്ദിപ്പൂര്‍ നാഷണല്‍ പാര്‍ക്ക് ഉള്ളത് എന്നതിനാല്‍ കര്‍ണാടക സര്‍ക്കാര്‍ അടുത്തിടെ ഈ പാത അടച്ചിടുകയുണ്ടായി. എന്നാല്‍ കര്‍ണാടകത്തിലേക്ക് പോവാനുള്ള എളുപ്പമാര്‍ഗമായതിനാല്‍ കേരളീയര്‍ സമരവും പ്രതിഷേധവും സംഘടിപ്പിച്ചും ഉന്നതതല സ്വാധീനം ഉപയോഗിച്ചും പാത തുറപ്പിക്കുകയായിരുന്നു.വാഹനങ്ങള്‍ പാഞ്ഞുപോവുന്ന വയനാട് - മൈസൂര്‍ അന്തര്‍സംസ്ഥാന പാത മുറിച്ചുകടന്ന് വേണം കാട്ടാനക്കൂട്ടമടക്കമുള്ള വന്യമൃഗങ്ങള്‍ക്ക് ദാഹജലം തേടിപ്പോവാന്‍. പാത മുറിച്ചുകടക്കുന്ന വന്യമൃഗങ്ങള്‍ നേരിടുന്നത് വാഹനങ്ങളുടെ അമിത വേഗത മാത്രമല്ല. ഹോണടിച്ചും കൂക്കിവിളിച്ചും തരം കിട്ടിയാല്‍ വാഹനങ്ങളില്‍ നിന്ന് ബോട്ടിലുകളും മറ്റ് പാഴ്വസ്തുക്കളും വലിച്ചെറിഞ്ഞും ചിലര്‍ ഇവിടെ ക്രൂരതയുടെ പര്യായമാവാറുണ്ട്.പാതയില്‍ ഒരു കുരങ്ങ് ദാരുണമായി കൊല്ലപ്പെട്ടിട്ടും വന്യമൃഗ സംരക്ഷണവകുപ്പ് ഇവിടേക്ക് തിരിഞ്ഞ് നോക്കിയിട്ടില്ല. കുരങ്ങ് ചത്തുകിടക്കുന്നത് കൌതുക്കക്കാഴ്ചയായി നോക്കിനിന്ന ചില യാത്രക്കാര്‍, പാത മുറിച്ച് കടക്കാന്‍ ഒരുങ്ങുന്ന കാട്ടാനക്കൂട്ടത്തെ ഹോണടിച്ചും കൂക്കിവിളിച്ചും പ്രകോപിപ്പിക്കുന്നതിന് ഈ ലേഖകന്‍ സാക്ഷിയാവുകയുണ്ടായി.വാഹനങ്ങളുടെ അമിത വേഗത നിയന്ത്രിക്കാനും വന്യമൃഗങ്ങളെ ശല്യപ്പെടുത്തുന്നത് തടയാനും ഫലപ്രദമായ നടപടികള്‍ സര്‍ക്കാരോ വനം വകുപ്പോ എടുക്കാത്തിടത്തോളം മിണ്ടാനറിയാത്ത വന്യമൃഗങ്ങള്‍ക്ക് ഈ പാത മരണത്തിലേക്കുള്ള വഴിയാവും, മനസില്‍ തരിമ്പും പോലും ദയയില്ലാത്തവര്‍ക്ക് മൃഗവേട്ടയ്ക്കുള്ള മാര്‍ഗവും. |