കെടുകാര്യസ്ഥത എന്ന വാക്കിന് ‘കേരള സര്‍ക്കാര്‍’ എന്ന് ഒരു പര്യായം കൂടി നിഘണ്ടുവില്‍ ചേര്‍ക്കേണ്ട കാലം അതിക്രമിച്ചു എന്നാണ് കഴിഞ്ഞ ഏതാനും ദിവസങ്ങളായി സംസ്ഥാനത്ത് നടക്കുന്ന കാര്യങ്ങള്‍ വീക്ഷിച്ചാല്‍ തോന്നുക. വികസന പദ്ധതികള്‍ മുന്നോട്ട് കൊണ്ടുപോകുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ കാണിക്കുന്ന അലംഭാവം അത്രയ്ക്കുണ്ട്. ഭൂതകാല പ്രതിസന്ധികളെ തരണം ചെയ്യാന്‍ കഴിവുള്ള അതികായകര്‍ എന്ന പരിവേഷമുള്ള ഇടതുപക്ഷം ഭരിക്കുമ്പോഴാണ് കേരളത്തിന്‍റെ വികസന സ്വപ്നങ്ങള്‍ക്കുമേല്‍ കരിനിഴല്‍ പരക്കുന്നത് എന്നത് കൂടുതല്‍ ആശങ്കാജനകമാണ്. പ്രതിപക്ഷ നേതാവായിരിക്കേ നിയമസഭയ്ക്കകത്തും പുറത്തും ബഹളം വച്ച് ആളെക്കൂട്ടിയിരുന്ന നമ്മുടെ മുഖ്യമന്ത്രിക്ക് അദ്ദേഹത്തിന്‍റെ കീഴിലുള്ള ഐടി വകുപ്പിലെ വ്യവസായ പദ്ധതിയായ സ്മാര്‍ട് സിറ്റി നടപ്പാക്കുന്നതില്‍ കനത്ത വീഴ്ചയാണ് പറ്റിയത്. ഭൂമിയിലെ സ്വതന്ത്രാവകാശം സംബന്ധിച്ചുള്ള തര്‍ക്കം ഇതുവരെ പരിഹരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഒന്നും ചെയ്തില്ലെന്ന് തന്നെയാണ് കഴിഞ്ഞയാഴ്ച കരാറില്‍ നിന്നും ടീകോമിന്‍റെ പിന്‍മാറ്റം നല്‍കുന്ന സൂചന. ഇപ്പോള്‍ വിഴിഞ്ഞം തുറമുഖ വികസന പദ്ധതിയുടെ കരാര്‍ ഏറ്റെടുക്കാനാവില്ലെന്ന് ലാന്‍കോ കൊണ്ടപ്പള്ളി കണ്‍സോര്‍ഷ്യം അറിയിച്ചതോടെയാണ് സംസ്ഥാനത്തിന്‍റെ ഏറ്റവും വലിയ വികസന സ്വപ്നത്തിന്‍റെ അടിത്തറയിളകിയത്. പദ്ധതി അട്ടിമറിക്കാന്‍ ദേശീയ തലത്തില്‍ ഒരു ലോബി തന്നെ പ്രവര്‍ത്തിക്കുന്നുണ്ട് എന്നിരിക്കെ അനാവശ്യ നിയമയുദ്ധങ്ങളിലേക്ക് പദ്ധതിയെ വലിച്ചിഴച്ചതിന്‍റെ ഉത്തരവാദിത്വത്തില്‍ നിന്ന് സംസ്ഥാന സര്‍ക്കാരിന് ഒഴിഞ്ഞുമാറാനാവില്ല. പദ്ധതിയുടെ ടെന്‍ഡര്‍ നടപടികള്‍ ആരംഭിച്ചതുമുതല്‍ സര്‍ക്കാരിന് വീഴ്ചയുണ്ടായിട്ടുണ്ട്. കരാര്‍ ഏറ്റെടുക്കാന്‍ തയ്യാറായി മുന്നോട്ട് വന്ന 40 കമ്പനികളില്‍ കുറഞ്ഞ ലേലത്തുക സമര്‍പ്പിച്ചിട്ടും സൂമിനെ പരിഗണിച്ചില്ലെന്നാണ് ഒരു ആരോപണം. ഹൈക്കോടതിയും സുപ്രീം കോടതുമായി നിയമ നടപടികളില്‍ കുടുങ്ങിക്കിടന്ന പദ്ധതി പ്രശ്നങ്ങള്‍ പരിഹരിച്ച് മുന്നോട്ട് കൊണ്ടുപോകാന്‍ സര്‍ക്കാര്‍ എത്രത്തോളം പരിശ്രമിച്ചു എന്ന് ചോദിച്ചാല്‍ ഒന്നും ചെയ്തില്ലെന്ന് എല്ലാവര്‍ക്കും തല കുലുക്കി സമ്മതിക്കേണ്ടി വരും. |