‘പ്രവ്ദ’യെന്നാല്‍ റഷ്യന്‍ ഭാഷയില്‍ ‘സത്യം’ എന്നാണ് അര്‍ത്ഥം. സോവിയറ്റ് യൂണിയന്റെയും സോവിയറ്റ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സെന്‍ട്രല്‍ കമ്മറ്റിയുടെയും ഔദ്യോഗിക പത്രമായിരുന്ന ‘പ്രവ്ദ’യിന്ന് അസത്യവും അന്ധവിശ്വാസവും പ്രചരിപ്പിക്കാനുള്ള ഒരു ഓണ്‍ലൈന്‍ മാധ്യമമായി ചുരുങ്ങിയിരിക്കുന്നു. സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയ്ക്ക് ശേഷം റഷ്യ എത്ര മാറിക്കഴിഞ്ഞിരിക്കുന്നു എന്നതിന്റെ നേര്‍ക്കാഴ്ച കൂടിയാണ് പ്രവ്ദ ഡോട്ട് റഷ്യയിലെ ഉള്ളടക്കം. ശീതയുദ്ധക്കാലത്ത് പശ്ചാത്യ രാജ്യങ്ങള്‍ ഉറ്റുനോക്കിക്കൊണ്ടിരുന്ന ദിനപത്രമായിരുന്നു പ്രവ്ദ. സെന്റ് പീറ്റേഴ്സ്‌ബര്‍ഗില്‍ 1912 -ല്‍ ആരംഭിച്ച ഈ പത്രം 1991 വരെ തുടര്‍ന്നു. സോവിയറ്റ് യൂണിയന്റെ അപ്പോഴത്തെ യെല്‍സ്റ്റിനാണ് പ്രവ്ദ നിര്‍ത്തലാക്കാന്‍ തീരുമാനിച്ചത്. ആഗസ്റ്റിലായിരുന്നു ആ തീരുമാനം. ആ വര്‍ഷം ഡിസംബര്‍ 8 -ന് സോവിയറ്റ് യൂണിയന്‍ തകരുകയും ചെയ്തു.സോവിയറ്റ് യൂണിയന്‍ തകര്‍ന്നതിന് ശേഷം പ്രവ്ദയിലെ എഡിറ്റര്‍മാരും ജീവനക്കാരും ചേര്‍ന്ന് പുതിയൊരു പ്രവ്ദയുണ്ടാക്കി. ഗെന്നാഡി സെലസ്‌ന്യോവായിരുന്നു പുതിയ പ്രവ്ദയുടെ പത്രാധിപര്‍. അല്‍പ മാസങ്ങള്‍ക്കുള്ളില്‍ തന്നെ സാമ്പത്തിക ബുദ്ധിമുട്ട് കാരണം പുതിയ പ്രവ്ദയെ ഒരു ഗ്രീക്ക് കമ്പനിക്ക് വില്‍ക്കേണ്ടി വന്നു പുതിയ മാനേജ്‌മെന്റിന്. ഗ്രീക്ക് കമ്പനിയുടെ മാനേജ്‌മെന്റിന്റെ നയങ്ങളോടുള്ള എതിര്‍പ്പിനാല്‍, പഴയ പ്രവ്ദയില്‍ ഉണ്ടായിരുന്ന ജീവനക്കാര്‍ കലാപക്കൊടി ഉയര്‍ത്തുകയും പത്രത്തില്‍ നിന്ന് രാജിവച്ച് അതേ പേരില്‍ വേറൊരു പത്രം തുടങ്ങുകയും ചെയ്തു. എന്നാല്‍ സര്‍ക്കാര്‍ ഈ സ്ഥാപനം പൂട്ടി. തുടര്‍ന്നാണ് ഇവര്‍ പ്രവ്ദ ഡോട്ട് റഷ്യ എന്ന പേരില്‍ ഒരു ഓണ്‍ലൈന്‍ മാധ്യമം തുടങ്ങുന്നത്.ഇടതുപക്ഷ പോയിന്റില്‍ നിന്ന് നോക്കിക്കാണുന്ന പ്രവ്ദ എന്ന പേരുള്ള ഒരു ടാബ്ലോയിഡായി പ്രവ്ദ പത്രം തുടരുമ്പോള്‍ സെന്‍സേഷണല്‍ വിഷയങ്ങള്‍ കച്ചവടച്ചരക്കാക്കുന്ന ഓണ്‍ലൈന്‍ മാധ്യമമായാണ് പ്രവ്ദ ഡോട്ട് റഷ്യയുടെ പ്രയാണം. സോവിയറ്റ് കാലത്തെ പ്രവ്ദയില്‍ ഉണ്ടായിരുന്ന രണ്ട് എഡിറ്റര്‍മാര്‍ (വാദിം ഗോര്‍ഷിനിനും വിക്‌ടോര്‍ ലിനിക്കും) ചേര്‍ന്നാണ് വിഡ്ഡിത്തരങ്ങള്‍ എഴുന്നുള്ളിക്കുന്ന പ്രവ്ദ ഡോട്ട് റഷ്യ സ്ഥാപിച്ചതെന്നത് മറ്റൊരു വിരോധാഭാസം.ഓണ്‍ലൈന്‍ പ്രവ്ദയുടെ ഇംഗ്ലീഷ് പതിപ്പില്‍ (english.pravda.ru) കയറിനോക്കൂ. നിങ്ങളെ കാത്തിരിക്കുന്നത് രസകരവും അത്ഭുതകരവുമായ വാര്‍ത്തകളാണ്. ‘റഷ്യന്‍ ഗ്രാമത്തില്‍ അന്യഗ്രഹജീവിയെ അടിച്ചുകൊന്നു’, ‘കടലില്‍ നിന്ന് കിട്ടിയ അന്യഗ്രഹ ജീവിയെ മുക്കുവര്‍ കറിവച്ച് തിന്നു’, ‘ഭൂമിയില്‍ രക്തരക്ഷസുകള്‍ ഉണ്ടെന്നതിന് തെളിവുണ്ട്’ എന്നിങ്ങനെയാണ് ഓണ്‍ലൈന്‍ പ്രവ്ദയിലെ മണ്ടന്‍ വാര്‍ത്തകള്‍.‘എക്കാലവും ലോകം ഭരിച്ചിരുന്നത് ബ്ലോണ്ടികളാണ്’, ‘പെണ്‍ ചിലന്തിയെപ്പോലെ ഭര്‍ത്താവിന്റെ രക്തം കുടിച്ച ഭാര്യ’ തുടങ്ങിയ യുക്തിക്ക് നിരക്കാത്ത സ്പെഷ്യല്‍ സ്റ്റോറികളും പ്രവ്ദയിലുണ്ട്. ഭൂമിക്കടിയില്‍ നമ്മളെപ്പോലെ മനുഷ്യര്‍ ജീവിച്ചിരിക്കുന്നുണ്ട് എന്നൊക്കെയാണ് പഴയ കമ്യൂണിസ്റ്റ് പത്രത്തിന്റെ പുതിയ അവതാരം കാച്ചിവിടുന്നത്. ഇതിന്റെയൊക്കെ കൂടെ വേണ്ടത്ര അശ്ലീല ചിത്രങ്ങളും സൈറ്റിലുണ്ട്.യുക്തിചിന്തയിലും സാമ്രാജ്യത്വ വിരോധത്തിലും വിശ്വസിച്ചിരുന്ന സോവിയറ്റ് പ്രവ്ദയില്‍ നിന്ന് പിരിഞ്ഞുപോന്ന മാധ്യമപ്രവര്‍ത്തകര്‍ നടത്തുന്ന ഓണ്‍ലൈന്‍ പ്രവ്ദ ഇപ്പോഴത്തെ റഷ്യയുടെ ഒരു മുഖമാണ് നമുക്ക് കാണിച്ചുതരുന്നത്. അന്ധവിശ്വാസത്തിലും യുക്തിയില്ലായ്മയിലും ലൈംഗികതയിലും ഊന്നി മുന്നോട്ട് പൊയ്ക്കൊണ്ടിരിക്കുന്ന റഷ്യയുടെ ഭീകരമുഖം! |