പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > സമകാലികം > തിരിച്ചുവരുന്ന റിയല്‍ എസ്റ്റേറ്റ് മേഖല
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
തിരിച്ചുവരുന്ന റിയല്‍ എസ്റ്റേറ്റ് മേഖല
ജോണ്‍ കെ ഏലിയാസ്
ലോകവും രാജ്യവും സാമ്പത്തികമാന്ദ്യ കാലഘട്ടത്തിലൂടെ കടന്നുപോവുമ്പോള്‍ റിയല്‍ എസ്റ്റേറ്റ് മേഖലയുടെ ഭാവിയെന്താണ്? ഇപ്പോഴത്തെ സാഹചര്യത്തില്‍ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ നിക്ഷേപിക്കുന്നത് ഗുണകരമാവുമോ എന്ന് നിക്ഷേപകര്‍ ചോദിക്കുന്നു. പാര്‍പ്പിടം സ്വന്തമാക്കാന്‍ പറ്റിയ സമയമാണോ ഇതെന്ന് വീടില്ലാത്തവര്‍ ചോദിക്കുന്നു. ചെന്നൈയിലെ റിയല്‍ എസ്റ്റേറ്റ് സ്ഥാപനമായ സലിംസ് സിവില്‍ എഞ്ചിനീയറിംഗ് എന്റര്‍‌പ്രൈസിന്റെ മാനേജിംഗ് ഡയറക്‌ടറും മലയാളിയുമായ എം എ സലിമിന്റെ പക്കല്‍ ഇതിനൊക്കെ മറുപടിയുണ്ട് -
എം എ സലിം
WDWD

റിയല്‍ എസ്റ്റേറ്റ് മേഖലയെ എക്കണോമിക്കല്‍ റെസഷന്‍ കശക്കിക്കളഞ്ഞു എന്നൊക്കെ മാധ്യമങ്ങള്‍ എഴുതിപ്പിടിപ്പിക്കുന്നത് കാണുമ്പോള്‍ വിഷമം തോന്നാറുണ്ട്. സാമ്പത്തികമാന്ദ്യം നിര്‍മാണപ്രവര്‍ത്തനങ്ങളെ ബാധിച്ചു എന്നുള്ളത് നേരാണ്. എന്നാല്‍ മാധ്യമങ്ങള്‍ എഴുതിപ്പെരുപ്പിച്ച പോലെയൊന്നും സാമ്പത്തികമാന്ദ്യം റിയല്‍ എസ്റ്റേറ്റ് മേഖലയെ ബാധിച്ചിട്ടില്ല.

റിയല്‍ എസ്റ്റേറ്റ് മേഖല ആശ്രയിക്കുന്നത് ഭൂമിയുടെ ലഭ്യതയെയാണ്. ഭൂമി വില്‍‌ക്കുന്നവരെ മൂന്ന് രീതിയില്‍ നമുക്ക് വിഭജിക്കാം. ലാഭത്തിനായി ഭൂമി വില്‍ക്കുന്നവര്‍, പരമ്പരാഗതമായി ലഭിച്ചിട്ടുള്ള ഭൂമി വില്‍‌ക്കുന്നവര്‍, നിവൃത്തിയില്ലാതെ ഭൂമി വില്‍ക്കുന്നവര്‍ എന്നിങ്ങനെ. സാമ്പത്തികമാന്ദ്യം വന്നതോടെ ആദ്യത്തെ രണ്ട് വിഭാഗക്കാരും ഭൂമി വില്‍‌ക്കുന്നത് നിര്‍ത്തി. അവസാന വിഭാഗക്കാര്‍ ഇപ്പോഴും ഭൂമി വില്‍‌ക്കുന്നുണ്ട്. ലാഭം കിട്ടുമോ എന്ന ഭയമുള്ളതിനാലാണ് ആദ്യത്തെ രണ്ട് വിഭാഗക്കാര്‍ ഭൂമി വില്‍‌ക്കാത്തത്. ഇതിനെയാണ് മാധ്യമങ്ങള്‍ റിയല്‍ എസ്റ്റേറ്റ് മേഖലയുടെ തകര്‍ച്ചയായി വ്യാഖ്യാനിച്ചത്.

ഭൂമി വില്‍‌ക്കുന്നവരെ പോലെ തന്നെ കണ്‍‌സ്‌ട്രക്ഷന്‍ കമ്പനികളും പല തരത്തിലുണ്ട്. കയ്യിലുള്ള പൈസക്കനുസരിച്ച് ഫ്ലാറ്റുകള്‍ കെട്ടിയുയര്‍ത്തി കണ്‍‌സ്യൂമര്‍മാരെ തേടുന്നവര്‍, ബാങ്കില്‍ നിന്ന് ലോണെടുത്ത് ഫ്ലാറ്റ് കെട്ടിവില്‍ക്കുന്നവര്‍, കണ്‍‌സ്യൂമര്‍മാരുടെ ആവശ്യമനുസരിച്ച് ഫ്ലാറ്റ് കെട്ടുന്നവര്‍ എന്നിങ്ങനെ. ഇവരില്‍ രണ്ടാമത്തെ വിഭാഗക്കാരെ മാത്രമാണ് സാമ്പത്തിക മാന്ദ്യം ഉലച്ചത്. വേണ്ടത്ര കണ്‍‌സ്യൂമര്‍മാരെ ലഭിക്കാതെ വന്നപ്പോള്‍ ബാങ്കില്‍ നിന്നെടുത്ത ലോണ്‍ അടയ്ക്കാന്‍ ബുദ്ധിമുട്ടിയ ഇവര്‍ കിട്ടിയ വിലയ്ക്ക് ഫ്ലാറ്റുകള്‍ വിറ്റഴിച്ചു.

റിയല്‍ എസ്റ്റേറ്റ് കമ്പനികളില്‍ നിന്ന് ഫ്ലാറ്റ് വാങ്ങുന്നവരില്‍ എഴുപത്തിയഞ്ച് ശതമാനം പേരും പ്രൊഫഷനലുകളോ എന്‍ ആര്‍ ഐകളോ ആണ്. മാധ്യമങ്ങളില്‍ വരുന്ന സാമ്പത്തിമാന്ദ്യ വാര്‍ത്ത വായിച്ചും കേട്ടും അങ്കലാപ്പിലാണ് ഇവരിപ്പോള്‍. ജോലി നഷ്ടപ്പെടുമെന്നും ഉള്ള ശമ്പളം കുറയുമെന്നും ആധി പിടിച്ച് പുതിയതൊന്നും ചെയ്യേണ്ടെന്ന തീരുമാനത്തിലാണ് ഇവര്‍.

വസ്തുതകള്‍ നോക്കുമ്പോള്‍, സാമ്പത്തികമാന്ദ്യം ലോകത്തെ ഉലച്ചിട്ടുണ്ടെങ്കിലും ഇന്ത്യയെ വലിയ രീതിയില്‍ ഇത് ബാധിച്ചിട്ടില്ലെന്ന് കാണാം. ഇന്ത്യന്‍ സാമ്പത്തിക മാന്ദ്യത്തെ ഇത്രയേറെ വഷളാക്കിയത് പത്രമാധ്യമങ്ങളാണ്. ആരും ഒന്നിലും നിക്ഷേപിക്കാത്ത ഈ അവസ്ഥ ‘ബ്ലാക്ക് മണി’ക്ക് വഴിവയ്ക്കും.

ഇന്ത്യ സാമ്പത്തികമായി തിളങ്ങിയിരുന്ന കാലത്ത് റിയല്‍ എസ്റ്റേറ്റ് ഏജന്റുമാര്‍ ഭൂമിയുടെയും ഫ്ലാറ്റിന്റെയുമൊക്കെ വില ഊതിപ്പെരുപ്പിച്ച് ലാഭമുണ്ടാക്കി എന്ന് എഴുതിപ്പിടിപ്പിക്കുന്നവരും ഉണ്ട്. ഫ്ലാറ്റുകള്‍ക്കും ഭൂമിക്കും വില കൂടിയതിന് കുറ്റം പറയേണ്ടത് റിയല്‍ എസ്റ്റേറ്റ് ഉടമകളെയല്ല. കണ്‍‌സ്യൂമര്‍മാര്‍ തന്നെയാണ് ഇതിന് കാരണക്കാര്‍. മോഹവിലയ്ക്ക് ഭൂമിയും ഫ്ലാറ്റുകളും വാങ്ങാന്‍ ആളുണ്ടാവുമ്പോള്‍ വില്‍‌ക്കുന്നവരെ കുറ്റം പറയുന്നത് എന്ത് ന്യായമാണ്?

അന്താരാഷ്‌ട്ര നിലവാരത്തിലുള്ള ശമ്പളം ഇന്ത്യയില്‍ വന്നതോടെയാണ് മോഹവിലയ്ക്ക് ഭൂമിയും ഫ്ലാറ്റുമൊക്കെ വാങ്ങിക്കൂട്ടാന്‍ പ്രൊഫഷണലുകള്‍ തുനിഞ്ഞത്. ഒരു ചെറിയ കുടുംബത്തിന് ആവശ്യമായ വീടിന് 1000 തൊട്ട് 1100 ചതുരശ്രയടി (സ്ക്വയര്‍ ഫീറ്റ്) മതിയെന്നാണ് എന്റെ അനുഭവം. ആഡംബരത്തിനായി രണ്ടായിരവും രണ്ടായിരത്തിയഞ്ഞൂറും വാങ്ങിയ ചിലരെയും എനിക്ക് പരിചയമുണ്ട്.

കേരളത്തില്‍ വലിയ റിയല്‍ എസ്റ്റേറ്റ് സംരംഭങ്ങളൊന്നും നടക്കുന്നില്ല എന്നാണ് എന്റെ തോന്നല്‍. ചെന്നൈയോ ബാംഗ്ലൂരോ പോലെ അത്ര വലിയ നഗരങ്ങളൊന്നും കേരളത്തിലില്ല. വ്യവസായ സംരംഭങ്ങള്‍ ഉണ്ടായാലല്ലേ റിയല്‍ എസ്റ്റേറ്റ് മേഖല വളരൂ. കേരളത്തിന്റെ രാഷ്ട്രീയസാഹചര്യം പരിഗണിച്ചാല്‍ ഒരു വ്യവസായ സംരംഭം പോലും അവിടെ വരുമെന്ന് തോന്നുന്നില്ല. ഒരുപക്ഷേ, പത്തോ അമ്പതോ കൊല്ലം കഴിയുമ്പോള്‍ കേരളം ഭേദപ്പെട്ടേക്കാം.

സാമ്പത്തിക മാന്ദ്യം എപ്പോള്‍ തീരുമെന്ന് പറയാന്‍ എനിക്കാകില്ല. എന്നാല്‍ റിയല്‍ എസ്റ്റേറ്റ് മേഖല പഴയ നിലയിലേക്ക് ഉടന്‍ തിരിച്ചുവരും എന്ന് ഉറപ്പിച്ചുപറയാന്‍ എനിക്കാവും. ഞങ്ങളുടെ കമ്പനിയിലേക്ക് കണ്‍‌സ്യൂമര്‍മാര്‍ തിരിച്ചെത്തിയിട്ടുണ്ട്. ഒന്നുരണ്ട് വര്‍ഷത്തിനുള്ളില്‍, പഴയ പോലെ ഇല്ലെങ്കിലും, എഴുപത്തിയഞ്ച് ശതമാനം ബിസിനസും തിരിച്ചുവരും എന്നാണ് റിയല്‍ എസ്റ്റേറ്റ് മേഖലയെ പറ്റിയുള്ള എന്റെ പ്രവചനം.
 Play Free Online Games  Click Here
 Blogs, Videos and More  Click Here
 Send Musical and Animated Cards  Click Here
 Simple,Fast & Free Email Service  Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
ഇത് പൈശാചിക ചികിത്സ !
അഭയാര്‍ത്ഥികള്‍
വിഷക്കള്ള് മധുരക്കള്ളായ കഥ!
വേശ്യാലയത്തിലും മാന്ദ്യം!
ലാവ്‌ലിന്‍ ബംഗാളില്‍ മുങ്ങുമോ?
സുല്‍‌ത്താന്‍ ബത്തേരിയില്‍ ആനവേട്ട?