മനുഷ്യത്വം നഷ്ടപ്പെട്ടാല്‍ പിന്നെ ദയയുടെ കണിക പോലും പ്രതീക്ഷിക്കേണ്ടതില്ല. ഇതിനെ ശരിവയ്ക്കുന്ന ഒരു സംഭവമാണ് ജാംനഗറിലെ ഗുരു ഗോവിന്ദ് സിംഗ് ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗത്തില്‍ കഴിഞ്ഞ ദിവസം അരങ്ങേറിയത്.
ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗത്തില്‍ ഗര്‍ഭം അലസിപ്പിക്കാനായി എത്തിയതായിരുന്നു ഒരു നാല്‍പ്പതുകാരി വനിത. രണ്ട് മാസം ഗര്‍ഭിണിയായ അവര്‍ എച്ച് ഐ വി പോസിറ്റീവാണെന്ന് തിരിച്ചറിഞ്ഞതോടെ പരിശോധിച്ച ഡോക്ടര്‍മാരുടെ ഭാവം മാറി.
നളിനി ആനന്ദ്, ദീപ്പ്തി ജോഷി എന്നീ ഡോക്ടര്‍മാരും ഒരു നഴ്സും ചേര്‍ന്ന് ഇവരുടെ നെറ്റിയില്‍ “എച്ച് ഐ വി “ പോസിറ്റീവ് എന്ന് ബാന്‍ഡ്‌എയിഡില്‍ എഴുതി ഒട്ടിച്ചു. ഇതുമാത്രം കൊണ്ട് അവരുടെ വെറുപ്പിന്‍റെ പ്രകടനം അവസാനിച്ചു എന്ന് കരുതേണ്ട. എയിഡ്സ് രോഗി എന്ന ബോര്‍ഡ് നെറ്റിയില്‍ വഹിപ്പിച്ചു കൊണ്ട് ഇവരെ ആശുപത്രിയിലെ വിവിധ വാര്‍ഡുകളിലൂടെ നടത്തിക്കുകയും ചെയ്തു,
പിന്നീട്, ജാംനഗറില്‍ പ്രവര്‍ത്തിക്കുന്ന എയിഡ്സ് രോഗികളുടെ സംഘടനയുടെ പ്രവര്‍ത്തകര്‍ ഇടപെട്ടതു കാരണമാണ് സ്ത്രീയുടെ നെറ്റിയിലെ എയിഡ്സ് ബോര്‍ഡ് എടുത്തുമാറ്റാന്‍ വൈദ്യശാസ്ത്ര നീതിയുടെ എല്ലാ നന്‍മകളെയും കാറ്റില്‍ പറത്തിയ ഈ ഡോക്ടര്‍മാര്‍ സമ്മതിച്ചത്.
ഡോക്ടര്‍മാരുടെ സേവനം തേടിയെത്തിയ രോഗിക്ക് അത് ലഭിച്ചില്ല എന്ന് മാത്രമല്ല രോഗബാധിതയായതിനാല്‍ മാനസികമായി കനത്ത പ്രഹരം ലഭിക്കുകയും ചെയ്തു. എയിഡ്സ് രോഗികളെ സമൂഹത്തിന്‍റെ മുഖ്യധാരയില്‍ നിന്ന് ഒഴിവാക്കേണ്ടതില്ല എന്ന് എയിഡ്സ് കണ്ട്രോള്‍ സൊസൈറ്റികളും മറ്റും സാധാരണക്കാരുടെ ഇടയില്‍ പ്രചാരണം നടത്തുന്ന കാലത്താണ് ഡോക്ടര്‍മാരില്‍ നിന്നും ആശുപത്രി ഉദ്യോഗസ്ഥരില്‍ നിന്നും ഇത്തരത്തിലുള്ള നീചമായ ഇടപെടലുകള്‍ നടക്കുന്നത് ! |