പ്രഭാകരന്‍ കൊല്ലപ്പെട്ടതോടെ ശ്രീലങ്ക ശാന്തമായെന്ന് ലോകത്തോടു വിളിച്ചു പറയുന്നവര്‍ ലങ്കയിലെ അഭയാര്‍ത്ഥികളുടെ കണ്ണീര് കാണുന്നില്ല. പ്രശ്നങ്ങള്‍ ഒടുങ്ങിയിട്ടില്ല. അത് ആരംഭദശയിലാണ്. പ്രിയപ്പെട്ടവരുടെ ജീവനും, സ്വത്തും നഷ്ടപ്പെട്ടവരുടെ തേങ്ങലുകളും യുദ്ധത്തില്‍ മുറിവേറ്റവരുടെ രോദനങ്ങളും ലങ്കയില്‍ ഉയരുന്നു. വിലാപങ്ങളുടെ നാടായി ലങ്ക മാറുകയാണ്. എല്‍ ടി ടി ഇ മേഖലകളില്‍ നിന്നുള്ള അഭയാര്‍ത്ഥികളുടെ പുനരധിവാസം ഒരു കീറാമുട്ടി പ്രശ്നം തന്നെയായി സര്‍ക്കാരിനു മുന്നിലുണ്ട്.
ജൂണ്‍ 20 ലോക അഭയാര്‍ത്ഥി ദിനമാണ്. നാടും വീടും സമ്പത്തും നഷ്ടമായി മറ്റൊരു രാജ്യത്തിന്‍റെ ആശ്രയത്വത്തിന് യാചിക്കേണ്ടിവരുന്നവര്‍. അഭയാര്‍ത്ഥികള്‍... മതത്തിന്‍റേയും നിറത്തിന്‍റെയും രാഷ്ട്രീയത്തിന്‍റെയും പേരില്‍ വൈരങ്ങള്‍ വര്‍ദ്ധിച്ചുവരുമ്പോള്‍ അഭയാര്‍ത്ഥികളാക്കപ്പെടുന്നവരുടെ എണ്ണവും കൂടിക്കൊണ്ടിരിക്കുന്നു.
വാസ്തവത്തില്‍ ഈ ദിനം ആഫ്രിക്കന്‍ അഭയാര്‍ത്ഥി ദിനമായിരുന്നു. ഈ ദിനത്തോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച ഐക്യരാഷ്ട്ര സഭ 2001 മുതല്‍ ജൂണ്‍ 20 ലോകമെങ്ങും അഭയാര്‍ത്ഥി ദിനമായി ആചരിക്കാന്‍ ആഹ്വാനം ചെയ്യുകയായിരുന്നു.
അപകടത്തേയും ഭയത്തേയും പ്രയാസങ്ങളേയും നേരിടാനുള്ള മാനസികമോ ധാര്‍മ്മികമോ ആയ ധൈര്യം അഭയാര്‍ത്ഥികള്‍ക്ക് ഉണ്ടാകട്ടേയെന്ന് ഈ ദിനം ആശംസിക്കുന്നു.
വളരെ അപകടകരമായ അവസ്ഥയില്‍ ജന്‍മനാടുപേക്ഷിച്ച് അലയേണ്ടി വരുന്നവരാണ് അഭയാര്‍ത്ഥികള്‍. അവരുടെ മനസ് തളരാതിരിക്കാന്‍ അവര്‍ക്ക് പ്രതീക്ഷ നല്‍കുന്ന പ്രവൃത്തികള്‍ ഉണ്ടാകണമെന്ന് ഈ ദിനം ഓര്‍മ്മിപ്പിക്കുന്നു. അഭയാര്‍ത്ഥികള്‍ ഏറ്റുവാങ്ങുന്ന പീഡനങ്ങളും കഷ്ടപ്പാടുകളും കണ്ണുതുറന്ന് കാണുവാനും അവയ്ക്ക് ഉചിതമായ പരിഹാരമാര്‍ഗങ്ങള്‍ കണ്ടെത്തുവാനും ലോകത്തെ ചിന്തിപ്പിക്കാന്‍ ഈ ദിനത്തിന് കഴിയേണ്ടിയിരിക്കുന്നു. |